ഉമ്മറക്കോലായിൽ മാനം നോക്കി മഴ കാത്തിരുന്ന ബാല്യത്തിൽ മഴക്കു പേര് കളിത്തോഴനെന്നായിരുന്നു.
അമ്മയുടെ കണ്ണു വെട്ടിച്ച് മുറ്റത്തും തൊടിയിലും ചാടി തിമൃത്തതും, കുഞ്ഞോളങ്ങളിൽ കപ്പലുപായിച്ചതും, കാറ്റിലാടുന്ന മൂവാണ്ടന്റെ ഉച്ചിയിലെ തേൻപഴം വീഴാൻ നോമ്പുനോറ്റതും, സ്കൂളുവിട്ടു നനഞ്ഞു വന്ന സായാഹ്നങ്ങളും, മടി പിടിച്ചു പുതച്ചുറങ്ങിയ പ്രഭാതങ്ങളും…
അങ്ങനെ തുടങ്ങി തല്ലു കൊണ്ടതും… കൊള്ളാതെ പോയതുമായ ബാല്യകാല സ്മരണകളിൽ എനിക്കായ് മഴയോളം ഓർമ്മകൾ മറ്റാരും കരുതിവെച്ചിട്ടുണ്ടാവില്ല.
അരുതെന്നു പറഞ്ഞതു മാത്രം ആവർത്തിച്ചു പോന്ന കൗമാരത്തിലും മഴ വിതച്ചതും കൊയ്തതും മത്തുപിടിപിക്കുന്ന ഓർമ്മകൾ തന്നെ… അന്നും മഴയോട് സൗഹൃദം തന്നേ തോന്നിയുള്ളൂ….
ഒന്നിൽ അഞ്ചെന്ന കണക്കിൽ എന്തിനോ വേണ്ടി ചൂടിയ കുടയതിൽ മഴ എന്നും ഒന്നിനെപ്പോലും നനയാതെ വിട്ടിട്ടില്ല. ടീച്ചറില്ലാത്ത അവസാന പിരീഡിൽ, അന്ത്യാക്ഷരിക്കൊപ്പം ബെഞ്ചിൽ തട്ടി താളം പിടിച്ചതും, ജനലിലൂടെ അകത്തേയ്ക്ക് വീണു ചിതറുന്ന മഴത്തുള്ളിയെ കൈവെള്ളയിൽ ചേർത്തുവെച്ചതും.. പൂമുഖപ്പടിയിലിരുന്നു ചൂടു പാറുന്ന കട്ടനൊപ്പം മഴയാസ്വദിച്ചതും… കണക്കു പരീക്ഷാ ദിവസം കളക്ടറൊരു അവധി തരാൻ “മഴ തോരാതെ പെയ്യണേ ദേവ്യേ…… ” എന്ന് കാണിക്കയിട്ടു പ്രാർത്ഥിച്ചതും. മഴയിൽ നടക്കാൻ കൊതിച്ച് വൈകിയെത്തിയ വൈകുന്നേരങ്ങളിൽ വാക്കുകൾ നുള്ളിപ്പെറുക്കി അമ്മയോട് പറഞ്ഞാപ്പിച്ച നുണകളും തുടങ്ങി കൗമാരത്തിലും മഴയെ വെല്ലാൻ മറ്റാരുമുണ്ടായില്ല…
ഇപ്പൊ ദേ ഈ യൗവനത്തിലോ….. ക്യാമ്പസ്സ് വരാന്തയുടെ ഇടനാഴികളിൽ കൈകോർത്ത് ഒപ്പം നടക്കാൻ മഴയോളം നല്ലൊരു കമിതാവും ഇല്ലെന്ന സത്യം പറയാതെ വയ്യ.
– അഞ്ജന. എസ്സ് .തമ്പി anjanasthampi25@gmail.com
Nice
LikeLiked by 1 person
Thanks😊
LikeLike