ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 6)

അവിടുന്നങ്ങോട്ട് അവരുടെ ദിനങ്ങളായിരുന്നു. ദിയ ഒത്തിരീ സന്തോഷവതിയായിരുന്നു. ഞാനും .

ശ്രീ അവൾക്ക് തീർത്തും നല്ലൊരു ജീവിത പങ്കാളിയാവുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. അവൻ ഞങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്ന താവും ശെരി.

ഒരേ കോളേജിൽ ഒന്നിച്ചു പഠിക്കാനും അവസരം കിട്ടിയപ്പോൾ പിന്നങ്ങോട്ട് ദിയ പരമേശ്വറും, അജിത്ത് ശങ്കറും, ശ്രീറാം ചന്ദ്രനും ചേർന്ന് സൗഹൃദമെന്ന പദത്തിനെ ദിവ്യമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു.. ചുറ്റും സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. ആഗ്രഹിക്കുന്നതെല്ലാം കൈ വന്ന പോലൊരു ജീവിതം. സന്തോഷത്തിന്റെ കൊടുമുടിയോളം കയ്യെത്തി നിൽക്കുന്ന ആ സമയം.

ഒരിക്കൽ ക്യാമ്പസ്സ് വളപ്പിലെ ഒരു മരത്തണലിൽ തനിച്ചിരിക്കുന്ന ദിയയെ കണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

” എന്താണു മാഡം തനിച്ചിരിക്കുന്നത് ? എവിടെ നിന്റെ കാമുകൻ?”

മ്ലാനമായൊരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി.

“എന്തുപറ്റി ദിയ? എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ?”

“ഏയ്…… ഒന്നൂല്ലെടാ….
ഇന്നത്തെ ദിവസം നിനക്ക് ഓർമ്മയുണ്ടോ ?”

“ഇന്നെന്താ പ്രത്യേകത? ”

സംശയ ഭാവത്തിൽ ഞാനവളെ നോക്കി അപ്പോഴും അവൾ മറ്റെന്തോ ചിന്തയിലായിരുന്നു. പിന്നെ തുടർന്നു.

” ഓ ഇന്നാണോ June 6? പതിനാറു വർഷം മുൻപ് ഇതേ ദിവസമല്ലാർന്നോ ഇടം കയ്യിലൊരു മഞ്ചു മിഠായി എന്റെ നേർക്ക് നീണ്ടത് ?”

എനിക്കൊപ്പം ദിയയും ചിരിച്ചു. പക്ഷേ അവളുടെ ചിരിയിൽ വിഷാദം നിഴലിച്ചു. കാര്യമെന്താണെന്ന് എത്ര തിരക്കിയിട്ടും അവളിൽ ഉത്തരമില്ലായിരുന്നു.

“ദിയാ ബാ നമ്മുക്ക് celebrate ചെയ്യാം. അവനെവിടെ ശ്രീ?”

അറിയില്ല എന്ന ഭാവത്തിൽ അവൾ തലയാട്ടി…

“വായോ അന്വേഷിക്കാം ” . ഞാൻ ഏറെ നിർബന്ധിച്ച് അവളെയും കൂടെ കൂട്ടി ശ്രീയെ തിരഞ്ഞിറങ്ങി.

അടിക്കടി അവൻ പോയിരിക്കാറുള്ള പല സ്ഥലങ്ങളിലും ഞങ്ങൾ അവനെ തിരഞ്ഞു കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

ശ്രീയെ കണ്ടില്ല എന്നതിൽ ദിയയുടെ മുഖത്ത് തെല്ലും വേവലാതിയോ വിഷമമോ ഉള്ളതായി തോന്നിയില്ല.

“ദിയാ…. അവൻ നിന്നോട് വഴക്കിട്ടാണോ പോയെ ? എന്താ കാര്യം?”

“അല്ലെടാ…. എനിക്ക് അറിയില്ല.”

“ആഹ് അതവിടെയിരിക്കട്ടെ…. നീ വാ നമുക്ക് ഗ്രൗണ്ടിലൂടെ നോക്കാം ”

ഇരുവരും ഗ്രൗണ്ടിലേക്ക് നടന്നു.

അവിടെ ഗ്രൗണ്ടിൽ നിന്നു മാറി മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു തിരക്കൊഴിഞ്ഞ സ്ഥലത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ശ്രീ. ദിയ അവന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കാത്ത കാരണത്താൽ, അവളെ ഗ്രൗണ്ടിൽ മറ്റൊരിടത്ത് മാറ്റി നിർത്തീട്ട് ഞാൻ ശ്രീക്ക് അടുക്കലേക്ക് നടന്നു.

“ശ്രീ ”
അവൻ തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണുകൾ കലങ്ങിയിരുന്നു.

“എന്താടാ എന്താ ഇണ്ടായേ? കരയുവാണോ നീയ്? എന്തിനാ?”

“ഒന്നുമില്ല “.

“എന്നോട് എന്തിനാടാ ഒളിക്കണ? അവളും ആകെ സങ്കടത്തിലാണല്ലോ എന്താ പറ്റിയെ രണ്ടിനും ? വഴക്കിട്ടോ പിന്നെയും ?”

“നീ ചോദിച്ചില്ലേ അവളോട് ?”

“ചോദിച്ചു., മൗനമല്ലാതൊന്നും മറുപടി കിട്ടിയില്ല. ”

” അതെന്തു പറ്റി ? നീയല്ലേ അവൾക്കേറെ പ്രിയപ്പെട്ടവൻ എന്നിട്ടു നിന്നോടവൾ ഒന്നും പറഞ്ഞില്ലെ ?”

അവന്റെ മുഖത്ത് ഒരു പരിഹാസം ഉയർന്നു.

“എന്താടാ , എന്താ നിങ്ങൾക്കിടയിലെ പ്രശ്നം?”

എന്നാൽ ആ നേരത്തെ അവന്റെ പ്രതികരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“നീ…, നീ മാത്രമാണ് ഞങ്ങൾക്കിടയിലെ പ്രശ്നം. ”

അവന്റെ ഒച്ച ഉയർന്നു.

” ഞാനോ ? ഞാൻ എന്തു ചെയ്തിട്ടാടാ ?”

ഏറെ നേരം ഞാനവന്റെ മുഖത്തു നോക്കി നിന്നു. ദേഷ്യമാണോ , പകയാണോ , സൗഹൃദമാണോ ആ കണ്ണുകളിൽ നിഴലിച്ചതെന്ന് മനസ്സിലാക്കാൻ എനിക്കായില്ല.

“ശ്രീ… ഞാൻ എന്താ നിങ്ങൾക്ക് ചെയ്തു തരേണ്ടേ ?”

എന്നിലെ സ്വരമിടറുന്നുണ്ടായിരുന്നു.

” ഒന്നു പോയിത്തരാമോ ഉപദ്രവിക്കാണ്ട് ”

എനിക്ക് ചലിക്കാനായില്ല.. അന്ന് ആദ്യമായിട്ടാണ് ശ്രീ എന്നോടത്രയും മോശമായി സംസാരിക്കുന്നത് .

എന്റെ കണ്ണുകൾ കവിയാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു.

ഗ്രൗണ്ടിൽ ഒരു കോണിലായി ദിയ ഞങ്ങളെ പ്രതീക്ഷിച്ചെന്നോണം നിൽപ്പുണ്ടായിരുന്നു. അവൾക്ക് മുഖം കൊടുക്കാൻ അന്നാദ്യമായ് എനിക്ക് മടി തോന്നി.

വൈകുന്നേരം വീട്ടിലേക്ക് പോകാൻ ഏറെ നേരം അവൾ കോളേജ് ഗേറ്റിനു മുന്നിലും, ബസ്റ്റോപ്പിലും എന്നെ കാത്തു നിന്നിട്ടുണ്ടാവണം. അപ്പോഴെല്ലാം എന്റെ ഫോണിൽ അവളുടെ കോളുകൾ വന്നു പോയി.

വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ പതിവിലും നേരം വൈകിയിരുന്നു. എന്നെ കണ്ട പാടെ അമ്മ ചോദ്യമുന്നയിച്ചു.

“നീ ഇന്ന് എവിടാർന്നു ? ദിയമോളു വിളിച്ചല്ലോ നിന്നെ കണ്ടില്ലാ പറഞ്ഞ് .”

“ഞാനൊരു ഫ്രണ്ടിന്റെ ഒപ്പം പോയതാ . ”

” എവിടേക്കാണേലും നിനക്കവളോട് ഒരു വാക്കു പറഞ്ഞൂടെ… അതിന്ന് എത്രനേരം നിന്നെ കാത്തു നിന്നു .”

“അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല അമ്മേ…”

“ആഹ് നീ എത്തുമ്പോ ഒന്നു വിളിക്കാൻ പറയാൻ പറഞ്ഞു. നീ അവളെ വിളിച്ച് പറയ് ഇങ്ങെത്തീന്ന്.”

“അമ്മ വിളിച്ചു പറഞ്ഞാ മതി… ഞാനൊന്നു കുളിക്കട്ടെ നല്ല തലവേദന. ”

മുറിയിൽ കയറി കതകടയ്ക്കുമ്പോൾ എന്നിലെ മാറ്റം അമ്മയ്ക്ക് മനസ്സിലാവരുതേ എന്ന പാർത്ഥനയായിരുന്നു മനസ്സിൽ.

“അജൂ ………..”

പുറത്തമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.

“കുളിക്കാൻ പോയിട്ടിത് എത്ര നേരായി ? ചായ കാലമായി വേഗം വരൂ . ”

നനഞ്ഞ മുടിയിഴ വകഞ്ഞൊതുക്കി ഞാൻ ചൂടു പാറുന്ന ചായക്ക് മുന്നിലിരുന്നു.

“നീ എന്താ ഈ തല നേരേ തുവർത്താത്തെ? കാള പോലെ വളർന്നു ഇനി ഇതൊക്കെ എന്നാ ശെരിക്ക് ചെയ്യാൻ പടിക്കണെ?”

എന്റെ തല തുടച്ചു കൊണ്ട് അമ്മ പിന്നെയും എന്തെല്ലാമോ പിറുപിറുത്തു.

“അജൂ….. നീയിത് എന്ത് ഓർത്തിരിക്കുവാ ? തണുത്തു പോകാതെ ചായ കുടിച്ച് വേഗം വാകച്ചോട്ടിലേക്ക് ചെല്ലൂ…… ദിയ അവിടെ നിൽപ്പുണ്ട് എന്ന് പറഞ്ഞു. ”

അന്നേരമാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.

“ദിയയോ ?”

“അതെ ഏറെ നേരമായി അവൾ വിളിച്ചിട്ട്. വേഗമാകട്ടെ ”

അമ്മ അടുക്കളയിലേക്ക് തിരിഞ്ഞു.

എങ്ങനെ ഞാനവൾക്ക് മുഖം കൊടുക്കും? എന്തു പറയും അവളോട് ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്ക് എന്റെ മനസ്സ് നെട്ടോട്ടമോടി.

ഷർട്ട് ഇട്ട് പുറത്തേക്കിറങ്ങി അമ്പലപ്പറമ്പിലെ വാക ലക്ഷ്യമാക്കി നടന്നു.

വാകച്ചോട്ടിലെ ബഞ്ചിൽ അവൾ എനിക്കായെന്നോണം കാത്തിരിക്കുന്നുണ്ട്.

അപ്പോഴും എന്റെ
പോക്കറ്റിൽ അന്ന് അവൾക്കായ് കരുതിയ മിഠായി ഭദ്രമായിരുന്നു.
ചെറു ചിരിയോടെ ഞാനവൾടെ അടുത്തേക്ക് ചെന്നു ബെഞ്ചിൽ ഇരുന്നു.

മിഠായി നീട്ടി.

“ദിയ……”

ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“മൂപ്പെ…. l am sorry.”

അവളിലെ വിഷമം എന്റെ കൈകളെ വരിഞ്ഞു മുറുക്കി .

– തുടരും.
✍️ അഞ്ജന.🙂

29 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 6)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s