ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 8)

അപ്പോഴും അവളിലെ പേന ഭ്രാന്തമായ് ചലിക്കുന്നുണ്ടായിരുന്നു.

എറിയപ്പെട്ട പുസ്തകങ്ങൾ ഓരോന്നായ് കയ്യിലെടുത്ത് ഞാൻ അവൾക്കരികിലേക്ക് നടന്നു. എന്റെ കാലൊച്ച കേട്ടതിനാലാവണം അവൾ ഒരു നിമിഷം എഴുത്തു നിർത്തി ചെവിയോർത്തു.

ആ കണ്ണുകൾ എന്റെ കാല് ലഷ്യമാക്കി ചലിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം ഞാനവളെ നോക്കി നിന്നു. അഴിഞ്ഞു വീണ മുടിയിഴകൾ എന്നിൽ നിന്നാ മുഖം മറച്ചു.

വന്നത് അവളുടെ മൂപ്പെയാണെന്നവൾ മനസ്സിലാക്കിയിരിക്കണം അതാവും ഇറ്റു വീണ മിഴിനീർ കണങ്ങൾ ആ കടലാസ്സിലെ മഷി പടരാൻ കാരണമായത്.

ഒരിക്കൽ പോലും മുഖമുയർത്തി എന്നെ നോക്കാൻ അവൾ തയാറായില്ല. ആ കരങ്ങളിൽ മുറുകെ പിടിച്ചിരുന്ന പേനയിപ്പോൾ നിശ്ചലമാണ്.

ആ നിലത്ത് അവൾക്ക് അരികിലായ് ഞാൻ ഇരുന്നു. വെറുതെ അവളുടെ മുന്നിലെ മഷി പടർന്ന കടലാസ്സിലേക്ക് കണ്ണോടിച്ചു.

SORRY, പല വലിപ്പത്തിൽ പല നിറങ്ങളിൽ ഇതേ പദം ആവർത്തിച്ചാവർത്തിച്ച് എഴുതി പിടിപ്പിച്ചിരിക്കുന്നു.

ചുരുട്ടിയെറിയപ്പെട്ട മറ്റു കടലാസ്സു കഷ്ണങ്ങളും ഞാൻ നിവർത്തി നോക്കി. ഏറെക്കുറെ എല്ലാത്തിലും ഇതേ പദം തന്നെ കാണാൻ കഴിഞ്ഞുള്ളൂ…. മറ്റു ചിലതിൽ അവിടവിടായ് ചിതറിയ ചിത്രങ്ങൾ. പലതിലും ഞാൻ എന്റെ കുട്ടിക്കാലം തന്നെയാണ് കണ്ടത്.

ഷർട്ടും പാന്റും ധരിച്ച അഞ്ചോ ആറോ വയസ്സുള്ളൊരു കുട്ടി. അവന്റെ കയ്യിൽ തൂങ്ങി കാഴ്ചകൾ കണ്ടു നടക്കുന്നൊരു കൊച്ചു മിടുക്കി.

എത്ര വേഗത്തിലാണ് കഴിഞ്ഞ ഇരുപത് വർഷത്തെ ഓർമ്മകൾ എന്റെ നെഞ്ചിലൂടെ കടന്നു പോയത്.

നനഞ്ഞ കണ്ണുകളോടെ ഞാൻ മുഖമുയർത്തി അവളെ നോക്കി.

“ദിയാ ക്ഷമിക്കെടൊ……. അന്ന് ഒന്നും മിണ്ടാൻ പറ്റിയ മാനസ്സികാവസ്തയിലല്ല ഞാൻ ഇവിടുന്നു പോയത്. ഇത്ര നാളും നിന്നിൽ നിന്ന് അകന്നു നിന്നതും എന്തിനായിരുന്നു എന്നത് എനിക്ക് അറിയില്ല. നീയീ മൂപ്പെയോട് ക്ഷമിക്ക്. എന്നെ ഒന്ന് നോക്കുവേലും ചെയ്യൂ ദിയാ….. പ്ലീസ്……”

അവളാ മുടിയിഴകൾ വകഞ്ഞൊതുക്കി എന്റെ നേർക്കു തിരിഞ്ഞു.

എന്റെ ദിയയിൽ അന്നേറേ മാറ്റം വന്നതായ് എനിക്കു തോന്നി.

ആ കണ്ണികൾക്ക് ചുറ്റും കറുപ്പ് വട്ടമിട്ടിരുന്നു.അവ എന്നെ തുളച്ച് മറ്റെന്തിലേക്കോ ഉറ്റു നോക്കുന്നതായ് അനുഭവപ്പെട്ടു.
ആ മുഖത്തെ പഴയ പ്രസരിപ്പ് കാണുന്നില്ല.
ദിയ നന്നേ ക്ഷീണിച്ചിരിക്കുന്നു. ജടകെട്ടിയ മുടിയിഴ അനുസരണക്കേട് കാട്ടി അവളുടെ മുഖത്തേയ്ക്ക് ഓരോന്നായ് തെന്നി വീണു തുടങ്ങിയിരുന്നു. അപ്പൊഴും ആ കണ്ണുകൾ ഇമ ചിമ്മാതെ എന്റെ നേർക്ക് നീണ്ടു നിന്നു.

“ദിയാ എന്തു കോലമാടാ ഇത് ?” എഴുനേൽക്ക്…. വേഗം പോയി കുളിച്ച് വേഷം മാറി വാ”

ഏറെ നിർബ്ബന്ധപൂർവ്വം ഞാൻ അവളെ പറഞ്ഞയച്ചു. ശേഷം നാലാളിന്റെ പണിയുണ്ടായിരുന്നു ആ മുറിക്കുള്ളിൽ. കിട്ടിയ സമയത്തിനുള്ളിൽ ഞാനവിടം പഴയ പടി ആക്കാൻ ശ്രമിച്ചു.

കുളി കഴിഞ്ഞെത്തി ദിയ ഒന്ന് അംബരന്നിരിക്കണം ആ തിളക്കം അവളുടെ മുഖത്തു നിന്ന് ഞാൻ അറിഞ്ഞു.

” കിടക്കുന്ന മുറി വൃത്തിയായ് സൂക്ഷിക്കാത്തതിൽ എന്നെ ശകാരിക്കുന്ന ആളാ ഇപ്പൊ കണ്ടില്ലേ….നിന്റെ മുറി വൃത്തിയാക്കാൻ ഞാൻ ലണ്ടനിൽ നിന്നും ലീവിനു വരേണ്ടി വന്നു. ”

അവൾ ചിരിച്ചുവോ ? ഇല്ല ചിരിച്ചതായ് ഭാവിച്ചു.

അപ്പൊഴേക്കും താഴെ നിന്നും ദിയാമ്മേടെ വിളി വന്നിരുന്നു.

“നീ നല്ലൊരു വേഷമിട്ട് താഴേക്ക് വാ നമുക്കൊന്ന് പുറത്ത് പോയി വരാം.”

അവളുടെ ഭാഗത്തു നിന്നും മറുപടിയൊന്നും ഉണ്ടായില്ല.

അവളുടെ അലമാര തുറന്ന പാടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരു മഞ്ഞ ചുരിദാറായിരുന്നു. പത്തൊമ്പതാം വയസ്സിലെ ദിയക്കുള്ള എന്റെ പിറന്നാൾ സമ്മാനം.
ഏറെ പണിപ്പെടാതെ മുകളിലത്തെ തട്ടിൽ നിന്നും ഞാനത് കണ്ടെടുത്ത് കട്ടിലിലേക്കിട്ടു.

“അന്ന് ഇതൊന്ന് ഇട്ടു കാണാൻ കഴിഞ്ഞില്ല. അതിനു മുന്നേ ഞാൻ പോയിരുന്നല്ലോ….. ഇന്നിപ്പോൾ നീയിതും ഇട്ടെന്റെ കൂടെ വന്നേ മതിയാകൂ….”

ദിയയെ ഉള്ളിലാക്കി മുറിക്ക് പുറത്തിറങ്ങി താഴേക്കു നടക്കുമ്പോൾ നഷ്ടപ്പെട്ടതെന്തൊക്കെയോ തിരിച്ചു പിടിക്കണമെന്ന് മനസ്സ് ആവശ്യപ്പെട്ടു.

അമ്മമാരുടെ അടുക്കലിരുന്ന് ചായ ഊതിയാറ്റി പഴം പുരാണം കേൾക്കുമ്പോഴും… ദിയ താഴേക്ക് വരുന്നുണ്ടോ എന്നതിലേക്കായിരുന്നു എന്റെ ശ്രദ്ധ.

മഞ്ഞ നിറത്തിൽ അവിടവിടായ് വെള്ള നൂലിഴ തുന്നിപ്പിടിപ്പിച്ച ആ ചുരിദാറും അണിഞ്ഞ് അവൾ ഇറങ്ങി വന്നത് എന്നെ ഏറെ സന്തോഷവാനാക്കിയിരുന്നു.

ഏറെ നാൾക്ക് ശേഷം അവളിലെ മാറ്റം അമ്മമാരേയും ഏറെ സന്തോഷിപ്പിച്ചു.

“എന്റെ ദിയക്കുട്ടിയേ എന്തു ഭംഗിയാ ഇപ്പൊ നിന്നെ കാണാൻ…. മ് എന്തോ കുറയുന്നുണ്ടല്ലോ??…”

അമ്മ തന്റെ മുഖത്തിരുന്ന പൊട്ടെടുത്ത് ദിയയുടെ നെറ്റിയിൽ തൊട്ടു.

” ഹാ ഇനിയൊന്ന് ചിരിച്ചേ….”

ദിയ പുഞ്ചിരിച്ചു.

“ദേ ഇപ്പോഴാ നീ ഞങ്ങടെ പഴയ ആ ദിയക്കുട്ടി ആയത്. ”

അമ്മേടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ചെറിയൊരു നീരസം എന്നോട് ഉള്ളതായി തോന്നി.

“ദിയാമ്മേ…. നിങ്ങളു വർത്താനം പറഞ്ഞിരിക്ക്… ഞങ്ങളൊന്നു പുറത്തു കറങ്ങി വരാം.”

ദിയയേം കൂട്ടി മുറ്റത്തേക്കിറങ്ങുമ്പൊ
ദിയാമ്മേട ശബ്ദം പിന്നാലെ വന്നു.

“അജൂ…. രാത്രി ഭക്ഷണം ഇവിടുന്നാവാട്ടോ.”

സമ്മതം മൂളി മുന്നോട്ടു നടന്നപ്പോൾ ദിയ പിന്നിൽ മടിച്ചു നിന്നു.

“എവിടേക്കാ അജൂ ? ”

” എവിടാന്നൊക്കെ അറിഞ്ഞാലേ നീ എന്റൊപ്പം വരുള്ളോ ? ഇങ്ങ്ട് വാടോ…”

ഏറെ നാൾക്ക് ശേഷം ദിയയുടെ കയ്യും പിടിച്ച് ആ പടവുകൾ ഇറങ്ങുമ്പോൾ ഓർമ്മകൾ പതിനെട്ടു വർഷം പിന്നിലേക്ക് നെട്ടോട്ടമോടി.

തുടരും.✍️

അഞ്ജന.🙂

17 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 8)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s