അന്ന് അവിടുന്നു നേരേ ദിയേയും കൂട്ടി അമ്പലപ്പറമ്പിലെ വാകച്ചോട്ടിലേക്കാണ് ഞാൻ പോയത്.
ക്ഷേത്ര ദർശനം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ നടപ്പാതയിലെ നീല പൂക്കൾ ഇറുത്ത് അവൾക്കു നേരേ നീട്ടാൻ മറന്നില്ല. ദിയ അത് കൈയ്യിൽ വാങ്ങിയെങ്കിലും, കുഞ്ഞി ദിയയിലെ ആ പഴയ ചിരി ഞാൻ കണ്ടില്ല.
ഒന്നും മിണ്ടാതെ ഏറെ നേരം വാകച്ചോട്ടിൽ ക്ഷേത്രക്കുളത്തിലേക്ക് കണ്ണും നട്ട് അവളിരുന്നു. ഒപ്പം ഞാനും .
“ദിയ…., ശ്രീ…. ശ്രീയെ വിളിക്കാറില്ലേ നീ ”
ഏറെ പണിപ്പെട്ടാണ് ഞാൻ ചോദ്യമുന്നയിച്ചത്.
ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി.
“എന്തു പറ്റി ? പിണങ്ങിയോ രണ്ടാളും?”
“അറിയില്ല. ”
“അവൻ വിളിച്ചില്ലേ നിന്നെ ?”
“അറിയില്ല. ”
“എല്ലാത്തിനും ഇങ്ങനെ ഇല്ലാ ഇല്ലാ പറഞ്ഞിരുന്നാൽ എങ്ങനാ…? ”
അവൾ ഒന്നും മിണ്ടിയില്ല. ഞാൻ തുടർന്നു.
“ദിയ….. പിണങ്ങണ്ടെടാ…. നീ ഈ മൂപ്പെയോട് ക്ഷമിക്ക്. നിനക്ക് ഞാൻ വേണ്ടുവോളം മിഠായി മേടിച്ച് തരാം.”
“എന്തിനാ അമ്മേ കൂട്ടി പോണെ?”
“ഹ അപ്പൊ അതായിരുന്നോ ഈ മൗനത്തിനുള്ള കാരണം. ഹൂ…….. ഇതുവരെ അമ്മ ഇവിടെ തനിച്ചായിരുനില്ലേ… ഇനിയും എങ്ങനാടാ ഒറ്റയ്ക്ക് നിർത്തി പോണെ? പാവല്ലേ എന്റെ അമ്മ. ”
” ഇത്ര നാളും അമ്മ തനിച്ചായിരുന്നോ ? അപ്പൊ ഞങ്ങളൊക്കെ?”
“ഹാ… ഞാൻ അത് ഉദ്ദേശിച്ചല്ല ദിയാ….”
“മതി ഒന്നും പറയണ്ട…… അല്ലേലും മകൻ തന്റെ അമ്മയെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നതിൽ എനിക്കെന്താ …….
കൊണ്ട് പൊക്കോ…”
“നിന്റെ വിഷമം കൊണ്ടാണ് നീയിതൊക്കെ പറയുന്നതെന്ന് എനിക്കറിയാം..
ആ ജോലി മതിയാക്കി ഞാനൊരു വരവു വരുന്നുണ്ട്. അച്ഛന്റെ മരണശേഷം കടങ്ങളും കടപ്പാടുകളും ചെറുതൊന്നുമല്ലാന്ന് നിനക്കറിവുള്ളതല്ലേ. ഒക്കെ വീടാൻ എനിക്കിന്നാ ജോലി കൂടിയേ തീരൂ ദിയാ… കുറച്ചുനാൾ അമ്മേം അവിടൊക്കെ ചുറ്റി കാണിച്ച് ഞങ്ങളിങ്ങ് വരുമെടോ…. ഇതല്ലേ നമ്മുടെ നാട് ഇവിടം വിട്ട് എന്നന്നേക്കുമായ് പോകാൻ എനിക്കാകുവോ ?”
അവളുടെ മുഖം വിടർന്നു. പതിയെ പതിയെ പരാതിയും പരിഭവവും ഒഴിഞ്ഞു. ഓർമകളും പലതും പങ്കിടാൻ വാക്കുകൾ തേടി.
“ദിയ നേരം സന്ധ്യയാവുന്നു. നീ വായോ നമുക്കൊരിടം വരെ പോകാം ”
“ഇനിയും എവിടേക്കാ അജൂ ? ”
” ദേ ചോദ്യം വേണ്ട ഇങ്ങ്ട് വാടോ…”
എനിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഏറെ നാളത്തെ വിശേഷങ്ങളൊക്കെയും ദിയ വാതോരാണ്ട് പറയുന്നുണ്ടായിരുന്നു. അപ്പോഴും ശ്രീയെ പറ്റി ഒരു സൂചന പോലും അവളുടെ ഭാഗത്തു നിന്നുണ്ടായില്ല.
അന്നു ഞാൻ നേരേ വണ്ടി പായ്ച്ചത് അല്പം ദൂരെയുള്ള കടപ്പുറത്തേക്കായിരുന്നു.
മനസ്സിനു വിഷമം തോന്നുമ്പോഴും അടങ്ങാത്ത സന്തോഷത്തിലും കടലു കാണുന്നത് ദിയക്കേറെ ഇഷ്ടമായിരുന്നു.
ഏറെ നേരം അവൾ കരയിലേക്ക് കുതിച്ചു കയറുകയും ശാന്തമായ് പിൻവലിയുകയും ചെയ്യുന്ന തിരമാലകളെ നോക്കി ഇമവെട്ടാതെ നിന്നു. അവളുടെ ഉള്ളിൽ അലയടിക്കുന്ന ചിന്തകൾ ഒക്കെയും ആ മുഖത്ത് മിന്നി മറഞ്ഞു.
പെട്ടെന്ന് പുറകിൽ നിന്നാരോ തട്ടി വിളിച്ചതായ് തോന്നിയിട്ടാണ് ഞാൻ പിൻ തിരിഞ്ഞു നോക്കിയത്.
“ശ്രീ….. എവിടാരുന്നൂ താൻ ? ”
” ഞാനാണോ നീയല്ലേ ഈ നാടുപേഷിച്ചു പോയത് ? ”
” നിന്നെ ഒന്നു കോൺടാക്ട് ചെയ്യാൻ ഞാൻ ഏറെ പണിപ്പെട്ടതാ…. ആർക്കും പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു അല്ലേ?”
അവൻ മന്ദഹസിച്ചു.
“അല്ല ഇതിപ്പൊ എവിടുന്നു പ്രത്യക്ഷപ്പെട്ടു? ദിയ വിളിച്ചു പറഞ്ഞോ അതിനിടയ്ക്ക്?”
“ദിയ… ദിയ വന്നിട്ടുണ്ടോ നിനക്കൊപ്പം ?”
ഏറെ അതിശയിച്ചാണ് അവൻ ചോദ്യമുന്നയിച്ചത്.
“പിന്നില്ലാണ്ട്. ദേ നിൽക്കുന്നൂ….”
മുന്നിലേക്ക് അൽപം മാറി തിരമാലയിലേക്കിറങ്ങി നിൽക്കുന്ന ദിയക്കു നേരേ ഞാൻ കൈ ചൂണ്ടി.
കുറച്ചു നേരം ശ്രീ അവളെ തന്നെ നോക്കി നിന്നു.
” എന്തു പറ്റി ശ്രീ ?”
” അജൂ….. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്. ദിയ എന്നെ കാണണ്ട..”
കാലിൽ മുത്തുന്ന തിരമാലയ്ക്കൊപ്പം ആഴക്കടലിലേക്കെറിയപ്പെട്ട ചിന്തകളുമായ് സ്വയം മറന്നു നിൽക്കുന്ന ദിയയുടെ ചുമലിൽ ഞാൻ കൈ വെച്ചു.
“ദിയ….”
“അജൂ… പ്ലീസ്… ഒരഞ്ചു മിനിറ്റ് കൂടി ”
” പോകാനല്ലെടാ വിളിച്ചെ. നീ ഇവിടെ നിൽക്ക് ഞാൻ ആ കടയിലൊന്ന് പോയി വരാം ”
സ്വർഗ്ഗം കിട്ടിയ സന്തോഷം പോൽ അവൾ സമ്മതം മൂളി.
ദിയയിൽ നിന്നു മാറി അവളെ കാണുമാറ് ദൂരെ ഞങ്ങൾ നിന്നു.
“ശ്രീ….. പറയെടോ… എന്താ പറ്റിയേ? എന്താ നീ അവൾക്ക് മുഖം കൊടുക്കാത്തെ?”
” ഒക്കെ പറയാം അജൂ ….”
നേരിയ ദീർഘ നിശ്വാസത്തോടെ അവൻ തുടർന്നു.
– തുടരും.
✍️ അഞ്ജന.🙂
❤❤❤
LikeLiked by 1 person
🤝
LikeLiked by 1 person
🤗🤗🤗
LikeLike