ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം :- 10)

“ഒക്കെ പറയാം അജൂ “

നേരിയ ദീർഘ നിശ്വാസത്തോടെ അവൻ തുടർന്നു.


” അജൂ…. എന്നോട് ക്ഷമിക്കെടോ…. ദിയയെ മനസ്സിലാക്കാൻ എനിക്കൊരല്പം സമയം ആവശ്യമായിരുന്നു.  താൻ പോയ ശേഷം ഞാൻ ദിയയെ ചിരിച്ചു കണ്ടിട്ടില്ല. എവിടേയും എപ്പോഴും ഒരു വിഷാദഭാവം. പഴയ പോലെ  വിളിക്കാറില്ല, മിണ്ടാറില്ല.
ഒരിക്കൽ, ഏറെ ദേഷ്യത്തോടെയാണ് ഞാനവളെ സമീപിച്ചത്.  പക്ഷേ അവിടെയും എന്നെ കേൾക്കാനോ മനസ്സിലാക്കാനോ അവൾ ശ്രമിച്ചില്ല. ദേഷ്യമായിരുന്നോ വിഷമമായിരുന്നോ അവളുടെ കണ്ണുകളിൽ ജ്വലിച്ചതെന്ന് മനസ്സിലാക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു.

അന്നവൾ എനിക്കു നേരേ ചൂണ്ടിയ വിരൽ അത് തനിക്കു വേണ്ടിയായിരുന്നു. നിങ്ങളുടെ സൗഹൃദത്തിനു വേണ്ടിയായിരുന്നു. 
അവിടെയും ഞാനവളെ പഴിച്ചു.  വേശിയെന്ന് മുദ്രകുത്തി അപമാനിച്ചു.

തെറ്റു പറ്റിപ്പോയി അജൂ…. എനിക്ക് തെറ്റു പറ്റിപ്പോയി. നിങ്ങളുടെ സുഹൃത്ത് ബന്ധം എത്ര ധൃടമാണ്  എന്ന് അറിയാത്തതു കൊണ്ടല്ല.  ദേഷ്യത്തിനു പുറത്ത് വാശിക്കു പുറത്ത് പറയാൻ പാടില്ലാത്തതു പലതും ഞാൻ പലപ്പോഴായി പുലമ്പി. അവളെ മാനസ്സികമായും ശാരീരികമായും കുത്തി നോവിച്ചു.  അവളെ മനസ്സിലാക്കാൻ പലപ്പോഴും എന്നോടായവൾ യാചിച്ചു. എന്നാൽ എന്നെ നിയന്ത്രിക്കാൻ എനിക്കു തന്നെ കഴിഞ്ഞിരുന്നില്ല.

അജൂ… നീയെന്നെ വിശ്വസിക്കണം നിങ്ങളുടെ ബന്ധത്തിൽ യാതൊരു വിധ തെറ്റിധാരണയും എനിക്കില്ല. അവളെ ചൊടിപ്പിക്കാൻ, എന്നോടൊരു വാക്ക് മിണ്ടിക്കാൻ   മറ്റു മാർഗ്ഗമില്ലാതെ പലപ്പോഴായ്  പറഞ്ഞു പോയതാണ്.
അന്ന് അവസാനം കോളേജ് ഡേയുടെ അന്ന്   അവളിലെ പ്രതികരണം എന്നെ വല്ലാതെ ഭയപ്പെടുത്തി.  അലറി  വിളിച്ചു കൊണ്ട് അവളെന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു. മുഖം അള്ളി മുറിച്ചു. എന്റെ കരങ്ങൾക്ക് തടുക്കാവുന്നതിനും അപ്പുറം അവൾ ശക്തയായ് അനുഭവപ്പെട്ടു. സ്വബോധം നഷ്ടമായൊരു ഭ്രാന്തിയെപ്പോലെ അവളെന്നൊട് എന്തെല്ലാമോ ആക്രോഷിച്ചു.  അവളുടെ ഭാവ വ്യത്യാസം എന്നിലും മാറ്റം സൃഷ്ടിച്ചു.  ഒന്നു സമാധാനപ്പെടാൻ ഞാനാ കാലു പിടിച്ച് കേണപേക്ഷിച്ചു. ഒന്നും അവൾ ചെവിക്കൊണ്ടില്ല. എന്നെ തള്ളി മാറ്റി  രണ്ടാം നിലയുടെ മുകളിൽ നിന്നവൾ താഴേക്ക് കുതിച്ചു.  താഴെ മൺകൂനയ്ക് മുകളിൽ വീണവൾ പുളയുമ്പോൾ നിസ്സഹായനായ് നോക്കി നിൽക്കാനേ എനിക്കായുള്ളൂ……
ആശുപത്രിയും ചികിൽസയുമായ് അവൾ ബോധരഹിതയായ് കിടന്നിരുന്ന ആ രണ്ടു ദിനങ്ങൾ ഞാനാ ഐ. സി.യു വിന്റെ പുറത്ത് കാവലിരുന്നു. 

മൂന്നാം നാൾ അവൾ കണ്ണുതുറന്നു അമ്മയോട് സംസാരിച്ചു എന്നറിഞ്ഞ ശേഷം  പിന്നെ അവിടെ നിൽക്കാൻ എനിക്കായില്ല.  ഭയമായിരുന്നു നെഞ്ചിൽ നിറയെ…..

അന്ന് അവസാനമായ് ആ ഐ.സി.യു വിനു പുറത്തു നിന്നൊരു നോക്ക് കണ്ടു ഞാൻ മടങ്ങി.

സുഹൃത്തുകളോട് തിരക്കി അവളുടെ രോഗാവസ്ഥയെപ്പറ്റി ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം ഭേദമായിട്ട് ക്ലാസ്സിൽ വരുമെന്നു കരുതി പക്ഷേ……..

അതിനു ശേഷം അവൾ ക്ലാസ്സിൽ വന്നതേയില്ല.. പരീക്ഷാ ദിവസങ്ങളിൽ ആരോ ഒരാൾ കൊണ്ടാക്കി, വിളിച്ചുകൊണ്ട് പോകുന്നത് കാണാം.  അവിടെയും അവൾക്ക് മുഖം കൊടുക്കാൻ ഞാൻ ഭയപ്പെട്ടു.

കോളേജ് അവസാനിച്ചതോടെ ആ കാണലും നിന്നു.

പിന്നെ വല്ലപ്പോഴും തന്റെ വീട്ടിലേക്കുള്ള വഴിയിൽ മറഞ്ഞു നിന്നു ഞാൻ കണ്ടിരുന്നു അവളെ . ആകെ അവൾ വീടിനു പുറത്തിറങ്ങിയിരുന്നത് നിന്റെ അമ്മയെ കാണാൻ മാത്രമായിരുന്നു.  ഇന്നിപ്പോൾ ഇവിടെ അവളെ കാണുമ്പോൾ എന്റെ ഉള്ളിലെ സന്തോഷമെന്തെന്നോ,
അവളുടെ മുഖത്തെ ആ പഴയ പ്രസരിപ്പ് എന്റെ നെഞ്ചിൽ പകരുന്ന സമാധാനമെന്തെന്നോ പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അജൂ……”

എല്ലാം കേട്ടു കഴിഞ്ഞ് ഞാൻ മൗനമായ് തുടരുമ്പോൾ…..
വിങ്ങിപ്പൊട്ടി ശ്രീ എന്റെ കാൽക്കൽ വീണു.

” എന്നോട് ക്ഷമിക്കൂ അജൂ…..”

അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ചേർത്ത് നിർത്തുമ്പോൾ എന്നിലവനോട് തെല്ലും നീരസമുണ്ടായിരുന്നില്ല.

‘എന്താ എന്റെ ദിയക്കു പറ്റിയെ ?’ എന്നൊരു ചോദ്യം മാത്രമായിരുന്നു നെഞ്ചിൽ .

തുടരും.

✍️ അഞ്ജന.🙂

15 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം :- 10)

Leave a comment