ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 11)

പിന്നെ ഞാൻ തെല്ലും അമാന്തിച്ചില്ല.
ശ്രീയെയും കൂട്ടി ദിയയുടെ അടുത്തേക്ക് നടന്നു. അവന്റെ ഭാഗത്തു നിന്നുണ്ടായ എതിർപ്പുകൾ ഒന്നും വകവെച്ചില്ല.

ദിയ എങ്ങനെ പ്രതികരിക്കും എന്ന വ്യാകുലതയായിരുന്നു ശ്രീയുടെ നെഞ്ചിൽ നിറയെ.

ഞാൻ കണ്ടറിഞ്ഞു വളർന്ന ദിയ അവളേറെ സ്നേഹിച്ച സ്നേഹിക്കുന്ന വ്യക്തിയോട് എപ്രകാരം പെരുമാറും എന്നതിൽ എനിക്ക് യാതൊരുവിധ ചിന്താകുഴപ്പവും ഇല്ലായിരുന്നൂ.

“അജൂ….. ഞാൻ വരാം അവൾക്കു മുന്നിലേക്ക്., പക്ഷേ”

“എന്തിനാ ഇപ്പൊ ഒരു പക്ഷേ ?”

” നീ നോക്കിയേ… അകന്നു മാറിയെങ്കിലും പലരും നമുക്കു ചുറ്റും ഉണ്ട്. അവളെങ്ങനെ പ്രതികരിക്കും എന്നെനിക്ക് ധാരണ ഇല്ല. മറ്റുള്ളവർക്ക് ഇതൊരു സംസാരവിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അജൂ…….”

അതെ ശരിയാണ്. ഞാനില്ലാതിരുന്ന രണ്ടു മൂന്നു വർഷത്തിനിടയിൽ ദിയയിൽ എന്തു മാറ്റമാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അത്തരത്തിൽ അരുതാത്തൊരു പ്രതികരണം അവളിൽ നിന്നുണ്ടായാലോ…..

“ശ്രീ… താൻ അവിടേയ്ക്ക് മാറി നിൽക്കൂ ഞാൻ ദിയയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാം .”

ആളൊഴിഞ്ഞ ദിശയിലേക്ക് ശ്രീയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷം ഞാൻ ദിയക്ക് അരികിലേക്ക് നടന്നു.

“ദിയാ….”

” …ആഹാ… അജൂ നീ വന്നോ ? എനിക്കുള്ള മിഠായി എന്ത്യേ ? ”

” അത് ദിയാ…. മിഠായി വാങ്ങാനല്ല ഞാൻ കടയിലേക്ക് പോയത്. നിനക്ക് അതിലും മധുരമുള്ള മറ്റൊരു സമ്മാനം ഞാൻ കരുതിയിട്ടുണ്ട്.”

“എന്നിട്ട് എന്ത്യേ ???”

” നീ വാ നിന്നു കടലു കാണാൻ തുടങ്ങിയിട്ട് ഏറെ നേരമായില്ലേ….. ഇനി ഒരൽപം നടന്നു കാണാം. ”

ഞാൻ ആ മണൽപ്പരപ്പിലൂടെ കടലോരം ചേർന്നു നടന്നു ഒപ്പം തിരമുട്ടി അവളും.

“അജൂ…. പറയ് എന്താ എനിക്കുള്ള സമ്മാനം?”

“എന്താവും നീ പറയ്…”

“മ്….. മിഠായി അല്ലേൽ അതിലും മധുരിക്കുന്ന എന്താ മൂപ്പെ എനിക്കായ് കരുതീട്ടുണ്ടാവുക??🤔🤔
ഈ സാഹചര്യത്തിൽ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും വല്ല്യ സമ്മാനം എന്താണെന്ന് അറിയുവോ ?”

“എന്താ ? ”

“നീയാ ഫ്ലൈറ്റ് ടിക്കറ്റ് ഈ കടലിലേക്ക് വലിച്ചെറിഞ്ഞ്. പഴയ മൂപ്പയായിട്ട് എന്റെ കൂടെ വീട്ടിലേക്ക് വരണം ന്ന് .”

“ആഹ്….. ആഗ്രഹം കൊള്ളാം പക്ഷെ നടത്തി തരാൻ നിർവാഹമില്ലെന്ന് ഞാനായിട്ട് പറയണ്ടല്ലോ നിന്നോട് ?”

” മ്…”

അവളുടെ സ്വരം താഴ്ന്നു.

“ഏയ് ദിയാ….. മൂഡ് ഓഫ് ആവല്ലേടോ…. അതിലും വലിയ ഒരു സമ്മാനം ഞാൻ തനിക്ക് തരാൻ പോകുവാ.”

“എന്താ അത്?”

ഞങ്ങളിൽ നിന്നും കുറച്ച് അകലെ മാറി നിന്ന നിഴലിലേക്ക് ഞാൻ വിരൽ ചൂണ്ടി.

“ദേ എന്റെ ദിയക്കുട്ടിക്കുള്ള ഈ മൂപ്പെടെ സമ്മാനം.”

അവൾ ഒന്നേ നോക്കിയുള്ളൂ…… കണ്ണെടുക്കാതെ നിശബ്ദം സ്തംബിച്ചു നിന്നു. അത് ശ്രീയാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ടാവണം. ആ നിഴൽ അടുത്തടുത്തു വരുന്തോറും ദിയയുടെ കണ്ണുകൾ നിറയുണ്ടായിരുന്നു.

“ദിയാ… ഐ ആം സോറി ദിയാ…. ”

ശ്രീ വിതുമ്പി കരഞ്ഞു കൊണ്ട് അവൾക്ക് അരികിലേക്ക് വന്നു.

ഒരു നിമിഷം എന്നെ ഭയപ്പെടുത്തിക്കൊണ്ട് ദിയ ഒരൽപം കുതറി മാറി. അടുത്ത നിമിഷം ഞങ്ങൾ ഇരുവരെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് ദിയ ശ്രീയെ മുറുകെ പുണർന്നു.

“ഇല്ല തെറ്റു പറ്റിയത് നിനക്കാണ് ശ്രീ….. നമ്മുടെ ദിയ മാറിയിട്ടില്ല.”

പരിഭവങ്ങൾക്കും ക്ഷമാപണങ്ങൾക്കുമൊടുവിൽ ദിയ ഞങ്ങളെ ചേർത്തു പിടിച്ചു.

“ഇവനെന്റെ ആദ്യ സൗഹൃദവും നീയെന്റെ ആദ്യ പ്രണയവുമാണ്. രണ്ടും എനിക്കത്രമേൽ വിലപ്പെട്ടതും”

തുടരും.

✍️ അഞ്ജന.🙂

5 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 11)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s