ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:13)

അലസമായി തന്റെ മുഖത്തേക്ക് തെന്നി വീഴുന്ന മുടിയിഴ വകഞ്ഞൊതുക്കി ജനാലയ്ക്ക് പുറത്തേക്ക് കണ്ണും നട്ട് ദിയ ഇരുന്നു.

മുറിയിലേക്ക് കടന്നു വന്ന മദ്ധ്യവയസ്കയായ ഒരു നേഴ്സ് ഒച്ചയുണ്ടാക്കി ചുമച്ചു കൊണ്ട് അവളിലെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.

ഹാ ആരു കേൾക്കാൻ ആരു ശ്രദ്ധിക്കാൻ…. കണ്ണിമവെട്ടാതെ ദിയ അതേ ഇരുപ്പ് തുടർന്നു.

” അല്ല…. ദിയക്കുട്ടി ഇന്ന് ഉഷാറാണല്ലോ…”

നേഴ്സ് അവളുടെ തോളിൽ തട്ടി വിളിച്ചു.

യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവൾ കണ്ണിമ സിസ്റ്റ്റുടെ നേർക്ക് ചലിപ്പിച്ചു.

” ഇന്നു കൂടി കഴിഞ്ഞാൽ ദിയമോൾക്ക് വീട്ടിലേക്ക് പോകാല്ലോ…. ഡോക്റമ്മ അച്ഛനെ വിളിച്ചിട്ടുണ്ട് ദിയയെ കൂട്ടാൻ വരാൻ ”

വർത്തമാനത്തിനിടയിൽ തന്റെ കയ്യിലിരുന്ന സിറിഞ്ചിൽ മരുന്നു നിറച്ച് ഇൻജക്ഷനുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നു നേഴ്സ്.

“എവിടെ ദിയമോളുടെ ഇടതു കയ്യ് കാണിച്ചേ…”

കൈ നൽകാൻ വിസ്സമതിച്ചുകൊണ്ടവൾ തിരിഞ്ഞിരുന്നു.

“മോളെ വേദനിപ്പിക്കാതെ നഴ്സ്സമ്മ ഈ മരുന്നു കുത്തിവെച്ചേച്ച് പോയേക്കാം… എന്താ?”

അപ്പൊഴേക്കും ദൂരെ നിന്നും നടന്നടുത്തൊരു കാൽപ്പെരുമാറ്റം ആ മുറിയുടെ വാതിൽക്കൽ വന്നു നിന്നു.

തുറന്നു കിടന്നിരുന്ന ഡോറിൽ അയാൾ രണ്ടു തവണ മുട്ടി.

നഴ്സ്സമ്മയുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.
‘അജു’

“ആഹാ…. ദിയ മോളെ നോക്കിയേ ഇതാരാ വന്നിരിക്കുന്നതെന്ന്.”

” സുഖമായിരിക്കുന്നോ മോനേ ?”

“അതെ നഴ്സ്സമ്മേ….. നാളെ ദിയയെ വീട്ടിലേക്ക് കൊണ്ടു പോകാമെന്നു ഡോക്ടർ പറഞ്ഞു.. അതുകൊണ്ട് വീട്ടിൽ എല്ലാവരും ചെറിയ തിരക്കിലാണ്. ഇന്നിവിടെ ദിയയുടെ കൂടെ അല്പനേരമിരിക്കാൻ വന്നതാ ഞാൻ. ”

അവരിരുവരുടെ സംസാരത്തിനിടയിൽ രണ്ടാളും അടിക്കടി ദിയയെ നോക്കുന്നുണ്ട്. അവൾ അവരെ ശ്രദ്ധിക്കാതെ മറ്റെന്തോ ചിന്തയിലാണ്.

” ഇതെന്താ നഴ്സ്സമ്മേ…… എന്റെ ദിയക്കുട്ടി പിണക്കത്തിലാണോ ?”

“ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ ആ പുസ്തകത്തിൽ എന്തെല്ലാമോ കുത്തിക്കുറിക്കുകയായിരുന്നു എന്ന് ഡ്യൂട്ടിയിലുണ്ടായ നേഴ്സ്സ് പറഞ്ഞു. ഉറങ്ങാതിരുന്നാലെങ്ങനാ അസുഖം മാറുന്നെ കരുതി ഒരു സെഡേഷൻ കൊടുക്കാൻ വന്നതാ ഞാൻ…. അതിന്റെതാണ് ഈ ഗൗരവം.”

” ആണോ ദിയാ ?” ചോദ്യ ഭാവത്തിൽ അജു ദിയയെ നോക്കി.

അപ്പോഴും അവളാ ജനാലയ്ക്കു പുറത്തേയ്ക്ക് കണ്ണും നട്ട് ചിന്തകളിൽ ആരെയോ തിരയുകയാണ്.

” നേഴ്സ്സമ്മേ….. ഇതെന്റെ ദിയക്കുട്ടിക്ക് വേണ്ട… കുറച്ചു നേരം ഞങ്ങൾ ഇതിലേയൊക്കെ ഒന്നു നടന്നു വരാം. നേഴ്സ്സമ്മ റൗണ്ട്സ് കഴിഞ്ഞെത്തുമ്പോഴേക്കും ദിയക്കുട്ടി ഉറങ്ങീട്ടുണ്ടാകും തീർച്ച. ”

പെട്ടെന്ന് അജുവിനു നേർക്ക് കണ്ണു പായ്ച്ച ദിയയെ നോക്കി ഒരു കള്ള ചിരിയോടെ നഴ്സ്സമ്മ പറഞ്ഞു.

“ഇത്ര നേരം ഞങ്ങളാരും വിചാരിച്ചിട്ട് നടക്കാത്തത് മരുന്നും മന്ത്രവുമില്ലാതെ ദിയമോളുടെ മൂപ്പെ ഒന്നു പരീക്ഷിക്കുന്നത് കാണട്ടേ… ഞാൻ പോയ് വരാം.”

നേഴ്സ്സമ്മ മുറി വിടുമ്പോൾ അജു ആ കട്ടിലിൽ ദിയയ്ക്ക് അരികിലായി ഇരുന്നു.

“ദിയാ…. എഴുന്നേറ്റ് വാ നമുക്കൊന്നു നടന്നിട്ടു വരാം”

അജുവിനൊപ്പം പോകാൻ വസ്സമ്മതിച്ച ദിയയുടെ കയ്ക്ക് പിടിച്ചവൻ നിർബ്ബന്ധപൂർവ്വം എഴുനേൽപ്പിച്ചു.

അഴിഞ്ഞു കിടന്നിരുന്ന അവളുടെ മുടിയിഴ ചീകി ഒതുക്കി മേശമേൽ കണ്ടൊരു ചുവന്ന റിബണിനാൽ ബന്ധിച്ചു.

“ഇനി ദിയക്കുട്ടീടെ മുടി അനുസരണക്കേട് കാട്ടില്ലാട്ടോ… മൂപ്പെ പറഞ്ഞു വിലക്കീട്ടുണ്ട്”

അടുത്തുള്ള കണ്ണാടി മേൽ പറ്റിപ്പിടിച്ചിരുന്നൊരു കുഞ്ഞു കറുത്ത പൊട്ട് നുള്ളിയെടുത്തവൻ അവളുടെ നെറ്റിയിൽ തൊട്ടു.

“ഹാ… ദേവീമ്മ പറയാറുള്ള പോലെ പൊട്ടു തൊട്ടപ്പോഴല്ലേ എന്റെ കുട്ടി ശ്രീദേവി ആയെ. ”

അജു ചിരിച്ചു ഒപ്പം നിർബന്ധപൂർവ്വം അവൻ അവളുടെ കവിളുകൾ ഇരു വശത്തേക്ക് വലിച്ചു പിടിച്ച് ദിയയെ ചിരിപ്പിച്ചെന്നു വരുത്തി.

മുന്നോട്ട് നടക്കാൻ മടികാട്ടി പിൻവലിഞ്ഞു നിന്ന ദിയയുടെ കയ്യിൽ അജു തെല്ലും ചിണുക്കത്തിൽ പിടി മുറുക്കി.

“വായോ ദിയക്കുട്ടീ”

വേച്ചു വേച്ച് മെല്ലെ അവൾ അജുവിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു. പൂന്തോട്ടത്തിലെ പൂവിറുത്തു നൽകി കുറുമ്പോടെ പാട്ടുപാട്ടി ദിയയുടെ കയ്കോർത്ത് അജു അവളെ ഉല്ലസ്സിപ്പിക്കാൻ ശ്രമിച്ചു.

പതിയെ അവളും ആ നടപ്പും ഇളം വെയിലു മുറിച്ചു കുളിരു പകരുന്ന കാറ്റും ആസ്വദിച്ചു തുടങ്ങി.

“ദിയാ….”
അവൾ മുഖമുയർത്തി അജുവിനെ നോക്കി.
“നിനക്ക് കടലു കാണാൻ തോന്നുന്നില്ലേ? ”

മധുരമുള്ള ഓർമ്മളെന്തോ തന്നെ പുണരും പോലെ ദിയ പുഞ്ചിരിച്ചു.

“നാളെ ഒന്ന് വീടെത്തിക്കോട്ടെ…… നമുക്ക് എവിടൊക്കെ പോകാനുണ്ട് എന്ന് അറിയുവോ. ”

അജു ആ പൂന്തോട്ടത്തിലെ മന്ദമാരുതനാൽ പുളകംകൊണ്ടു.

“ദിയാ…. നേഴ്സ്സമ്മ തിരികെ എത്താൻ സമയമടുക്കുന്നു. വായോ….. നമുക്ക് റൂമിലേക്ക് പോകാം. ”

ഇരുവരും തിരികെ നടന്നു.

റൂമിലെത്തി അകത്തു കടന്നതും അജു കതകു ചാരി. കട്ടിലിനരികിലേക്ക് നടന്ന ദിയയെ തടഞ്ഞു കൊണ്ട് അവൻ കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

അജു കട്ടിലിലെ കിടക്കവിരി മാറ്റി വിരിച്ചു. കിടന്നുകൊണ്ട് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കാൻ പാകത്തിന് കട്ടില് നീക്കിയിട്ടു.

“ദിയാ… ഇനി വന്നു കിടന്നോളൂട്ടോ….”

അവൻ ദിയയെ എഴുനേൽപ്പിച്ച് കിടക്കയിലേക്കിരുത്തി. അവൾ മെല്ലെ തലയിണയിലേക്ക് ചാഞ്ഞു. തുറന്ന ജനാലയിലൂടെ മറ്റേതോ ചിന്തയിലേക്ക് നടന്നു. അവൾളുടെ തലയ്ക് അരികിലായി അജുവും ഇരുന്നു.

“ദിയാ…. നേഴ്സ്സമ്മ വരാൻ സമയമായി. ഉറങ്ങണ്ടേ ? കണ്ണടച്ചു കിടന്നോളൂ. ”

അജു പതിയെ അവളുടെ നെറുകിൽ തലോടി. എന്തോ പ്രതീക്ഷിച്ചെന്ന പോലെ ദിയ അജുവിന്റെ കണ്ണുകളിലേക്ക് നോക്കി.

“ദിയക്കുട്ടിക്ക് മൂപ്പെ ഒരു കഥ പറഞ്ഞു തരട്ടേ? ”

തലയാട്ടി സമ്മതമറിയിച്ചു കൊണ്ട് ദിയ അജുവിന്റെ മടിയിലേക്ക് തല കയറ്റി വെച്ച് ചുരണ്ടു കൂടി.

അജു മെല്ലെ അവളുടെ മുടിയിഴകൾക്ക് ഇടയിലൂടെ വിരലോടിച്ചു.

ജനാലയ്ക്ക് പുറത്തേയ്ക്ക് കണ്ണോടിച്ച് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൻ അവളെ തന്റെ കഥയിലേക്ക് ക്ഷണിച്ചു.

“പണ്ടു പണ്ട്…….”

✍️ തുടരും .

– അഞ്ജന.🙂

2 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:13)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s