ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 21)

അന്നു വൈകുന്നേരം  കല്ലോട്ട് കടവ് പാലം കടന്നുള്ള ജംഗ്‌ഷനിൽ മൂന്നു നാല്പ്പത്തി അഞ്ചിന്റെ ബസ്സു വന്നു നിന്നപ്പോൾ അജുവിന്റെ കണ്ണുകൾ മേഘയെ പരതി…

“ഹേയ് അജൂ….”

“മേഘാ…..  വരൂ…. ഈ സ്ഥലം നേരത്തേ അറിയുവോ ? “

” ഉവ്വ്…   ഇവിടൊക്കെ ഞാൻ  മുൻപ് അച്ഛന്റെ കൂടെ വന്നിട്ടുണ്ട്… “

” ആഹാ…  നടക്കാനാണേൽ വീട്ടിലേക്ക് ദൂരം ലേശം കൂടുതലുണ്ട്. ഒരു ഓട്ടോ പറയട്ടെ?”

“പിന്നെന്തിനാ താനീ ശകടത്തിൽ എന്നെ കൂട്ടാൻ വന്നെ ?”

“അല്ല തനിക്ക് എന്റെ ബൈക്കിനു പിന്നിൽ കയറുന്നതിൽ  ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് ഞാൻ……”

” ഏയ് അതെന്താ മാഷേ…… എനിക്കെന്ത് ബുദ്ധിമുട്ട്? പിന്നെ ആടിനെ പട്ടിയാക്കുന്ന ചില നാട്ടുകാരെ ഭയന്നാണ് താനങ്ങനെ പറഞ്ഞതെങ്കിൽ ….. അങ്ങനൊരു ഭയം എന്റെ നിഘണ്ടുവിലില്ലാട്ടോ…. അജൂന് പേടിയുണ്ടോ ? “

“ഏയ്…… താൻ കയറിക്കോ…. “

അജു ബൈക്ക് സ്റ്റാർട്ട് ചെയ്ത് മേഘയെ തന്റെ പിന്നിലിരുത്തി.

ആ ബൈക്ക് ഓടി വീട്ടുപടിക്കൽ എത്തും മൂന്നേ തന്നെ ചൂടോടെ ആ വാർത്ത ദിയയുടെ  വാതിൽക്കൽ വന്നു മുട്ടി.

“ആഹ് ദേവ്യേ……. അന്റെ  മോനൊരു പെണ്ണിനേം കൊണ്ട് ചുറ്റണ കണ്ടല്ലാ…… ഇനി ഓളെ വിളിച്ചോണ്ട് വരാനാണോ ഓൻ ലണ്ടനീന്ന് അന്നേം കൊണ്ട് പറന്ന് പോന്നത് ?”

ഇത് കതീസുമ്മയാണ്. നാട്ടിലെ പ്രധാന പത്രക്കടലാസ്സ്, കല്ലോട്ട് കടവിൽ ഒരു ഇല വീണാൽ മൂപ്പത്തിയാർക്ക് അപ്പൊഴേ വിവരം കിട്ടും.

കതീസുമ്മ ദേവിയെ ആശ്വസവാക്കുകൾ കൊണ്ട് മൂടാൻ തുടങ്ങിയതും അജുവിന്റെ ബൈക്ക് ഗേറ്റ് കടന്ന് അകത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു. .

“എന്റെ പടച്ചോനേ……  ഈ ക്ടാവ് ഇത്ര ബേഗം ഓളെ ഇങ്ങ് കൊണ്ട് പോന്നോ ? എന്നാ പിന്നെ ദേവ്യേ… മ്മള് ഇരിക്കണില്ല പൊരേല് കണ്ടില്ലേല് ഉസ്മാൻ തിരയും “

അജുവിനെ കണ്ടതും കതീസുമ്മ വേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണ്.

“അല്ല ഇതാരാ….. കതീസുമ്മയോ… കണ്ടിട്ട് കൊല്ലം കുറച്ചായല്ലോ……  ഇന്നെന്നാ പുതിയ വാർത്ത ?”

പരിഹാസ ഭാവത്തിൽ അജു ചോദ്യം ഉന്നയിച്ചു.

  ദയവായി ഒന്നും പറയരുതെന്ന അപേക്ഷാ ഭാവത്തോടെ ദേവിയമ്മ അജുവിനെ നോക്കി കണ്ണു കാണിച്ചു.

അജുവിൽ നിന്നും അടുത്ത ചോദ്യമുയരും മുന്നേ അരങ്ങിൽ നിന്നും കതീസുമ്മ തടിതപ്പി.

“മോളു വാ….. ഇതൊന്നും കാര്യമാക്കണ്ട. അത് നമ്മുടെ അയൽപ്പക്കന്നെ ഉസ്മാനിക്കാന്റെ ഉമ്മയാ….. കതീസുമ്മ. ഇവനും പുള്ളിക്കാരിയും മൂന്നാനാളുകാരാ… കണ്ടാൽ തുടങ്ങും വഴക്കടിക്കാൻ “

മേഘ ഉമ്മറത്തേയ്ക്ക് കയറി.

“അമ്മേ…. ദിയയും ദിയാമ്മയും എന്ത്യേ ?”

“ദിയാമ്മ അടുക്കളേൽ ഉണ്ട്. ദിയ മുറിയിലാവും. “

അജുവിന്റെ ഒച്ച കേട്ട് ദിയാമ്മ  ഹാളിലേക്ക് കടന്നു വന്നു.

” അജൂ…. നീയേതോ പെണ്ണിനേം കൊണ്ട് നാട് ചുറ്റുവാന്ന് പറയാനാ കതീസുമ്മ വന്നത്.”

” ആഹ്  കതീസുമ്മാനെ കണ്ട പാടെ ഞാൻ അത് ഊഹിച്ചൂ ദിയാമ്മേ….”

അജു ചിരിച്ചു. എന്നിട്ട് ഒന്നും മനസ്സിലാകാതെ തന്നെ നോക്കി നിന്ന മേഘയോടായ് തുടർന്നു. 

“തനിക്ക് മനസ്സിലായോ…? താനെന്റെ ബൈക്കിൽ കയറിയില്ലേ….. ദേ നമ്മുടെ രണ്ടാൾടേം കാര്യമാ ഈ പറയുന്നെ ?”

” ഇത്ര പെട്ടെന്ന് എങ്ങനാ അവരിത് അറിഞ്ഞേ?”

“ആഹ്…… അതാണ് കതീസുമ്മ… താനാ ജംഗ്ഷനിലിൽ ഒരു തട്ടുകട കണ്ടായിരുന്നോ… അതീ കതീസുമ്മേട മോന്റെയാ…… അവിടെ ജോലിക്കു  നിൽക്കുന്ന സരിത ചേച്ചി കണ്ടു കാണും താനെന്റെ ബൈക്കിൽ കേറുന്നത്.. അതാ ന്യൂസ് ചൂടോടെ എഡിറ്ററുടെ ടേബിളിൽ എത്തിയത്. “

“അയ്യോ…. തനിക്ക് പ്രശ്നാവും ന്ന് അറിഞ്ഞാർന്നേൽ ഞാൻ കയറില്ലാർന്നുല്ലോ….. പറയാർന്നില്ലേ….”

” ഏയ്….. എനിക്കിത് പുത്തരി  അല്ലെടോ…. ഇവരുടേക്കെ ഗുഡ്‌ സർട്ടിഫിക്കറ്റ് മേടിക്കണമെന്ന് ഇവിടാർക്കാ നിർബന്ധം. പിന്നേ…..

ഇതാ ദിയേടെ അമ്മ.. ദിയാമ്മ..”

“പോടാ…. അനിതാന്നാ മോളെ ശെരിക്കും പേര്.. ഇവനു ദിയാമ്മ  അയേൽപിന്നെ ഞാൻ എല്ലാവർക്കും ദിയാമ്മയായി.

മേഘ ദിയാമ്മേട മുഖത്തേയ്ക്ക് നോക്കി ഒരു ചിരി പാസ്സാക്കി.

” എനിക്ക് അറിയാം…. പലപ്പോഴും ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുണ്ട് ആന്റിയെ .”

” ഞാനും മോളെ കണ്ടിട്ടുണ്ട്. പിന്നെ മായ സിസ്റ്റർ ഇടയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മോളവിടെ ജോലിക്ക് കയറിയിട്ട് കുറച്ചായതേ ഉള്ളൂ ല്ലേ?”

“അതേ ആന്റി ഏറിയാൽ രണ്ടാഴ്ച. “

” മ്….. മോള് ഊണ് കഴിച്ചോ? ഞാൻ കഴിക്കാനെടുക്കാം വരൂ….”

“അയ്യോ ആന്റീ ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ…..”

“അതൊന്നും പറഞ്ഞാൽ പറ്റില്ല …… ചായക്ക് കാലമായല്ലോ……. വരൂ

അമ്മ ചായ എടുക്കാം.”

ദിയാമ്മ മേഘയേയും അടുക്കളയിലേക്ക് കൂട്ടി.

“അജൂ നീ ദിയയെ കൂട്ടീട്ട് വാ അവൾ മുകളിലുണ്ട്. “

ദേവീമ്മ പറഞ്ഞതു കേട്ട് അജു പടി കയറി മുകളിലേക്ക് പാഞ്ഞു. ദിയയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു.

“ദിയാ……. കതകു തുറന്നേ…..”

അജു വാതിലിൽ മുട്ടി.

“ലോക്ടല്ല അജൂ കേറി വായോ “

അവൻ അകത്തു കടന്നു.

“നീ തനിച്ച് ഇവിടെ എന്തെടുക്കുവാ?? താഴെ മേഘ വന്നിട്ടുണ്ട്. വാ താഴേക്ക് പോകാം…”

“നീ തന്ന ഗിഫ്റ്റ് എന്ത്യേ അജൂ….?? ഞാൻ ഏറെ തിരഞ്ഞു. ഹോസ്പിറ്റലിൽ നിന്നും എടുത്തതാണല്ലോ എന്നിട്ട് എവിടെ ?”

“ആഹ് അത്രേ ഉള്ളോ ? അത് ദേവിമ്മയെ ഭദ്രമായി ഏൽപ്പിച്ചിട്ടുണ്ട്. വാ നമുക്ക്  അമ്മയോട് ചോദിക്കാം.”

“അല്ല അജൂ….. നീയൊന്ന് നിന്നെ…. “

ദിയ അജുവിനെ അടിമുടി നോക്കി.

“എന്താടീ ഈ നോക്കുന്നെ? ആദ്യായിട്ട് കാണുവാണോ നീ എന്നെ . “

” അതല്ല…. പക്ഷേ, എന്താ   നിനക്കൊരു മാറ്റം? മേഘയെ കൂട്ടാൻ ഇവിടുന്നു പോയത് ഇങ്ങനെ അല്ലല്ലോ…. നീ ഷർട്ട് മാറ്റിയോ ? “

” മ് അതെ… ഇത് ദിയാമ്മ മേടിച്ച് തന്നതാ… കൊള്ളാമോ ?”

“ആഹ് നന്നായിട്ടുണ്ട്… മൊത്തത്തിൽ ഒന്ന് ഒരുങ്ങീട്ടുണ്ടല്ലോ…… എന്താ ഉദ്ദേശ്ശം?”

” സംശയിക്കണ്ട, ദുരുദ്ദേശ്ശം മാത്രേ ഉള്ളൂ …”

അജു ദിയയെ നോക്കി ഇളിച്ചു കാണിച്ചു. പിന്നെ തുടർന്നു.

“ദിയാ താൻ അറിഞ്ഞോ… നമ്മുടെ കതീസുമ്മ വന്നിരുന്നു.”

താഴെ നടന്നതൊക്കെ അജു ദിയയോട് വിവരിച്ചു. അവൾ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നു . വിവരം കേട്ട് കഴിഞ്ഞതും ദിയ ഉച്ചത്തിൽ ചിരിച്ചു.

” ഇത് ആദ്യായിട്ടാണോ അജൂ നീയത് കേൾക്കുന്നത്.? ഈ ഞാനടക്കം നമ്മുടെ കൂടെ പഠിച്ച എത്രയോ പെൺകുട്ടികൾ നിന്റെ വണ്ടിയിൽ കയറിയിട്ടുണ്ട്. ആരെയെല്ലാം പറ്റി എന്തെല്ലാം കതീസുമ്മ  പറഞ്ഞുണ്ടാക്കീട്ടുണ്ട്. നമ്മളെയും അവരെയും അറിയുന്ന നാട്ടുകാരോ വീട്ടുകാരോ ഇതൊന്നും വിശ്വസിക്കാൻ പോക്കുന്നില്ല എന്നത് സത്യം പക്ഷേ……..”

“എന്തേ ഒരു പക്ഷേ ?”

“അല്ല….. എന്താണ് എന്റെ മൂപ്പയ്ക്ക് അന്നൊന്നും ഇല്ലാത്തൊരു പ്രസരിപ്പ്. “

“ആഹ്….. ഇനി നീ  ഓരോന്ന് കുത്തിപ്പൊക്കി കൊണ്ട് വായോ… നിന്റെ പിറന്നാളായിട്ട് ഞാൻ സന്തോഷിക്കാണ്ട് പിന്നെ ആര് സന്തോഷിക്കാനാ….. നീ ഇങ്ങാട്ട് വന്നേ….”

അജു ദയയുടെ കയ്ക്ക് പിടിച്ച് നിർബന്ധപൂർവം റൂമിന് പുറത്തേക്ക് കൊണ്ട് വന്നു.  താഴേക്ക് ഇറങ്ങാൻ ദിയ മടി പിടിച്ച് നിന്നു.

” അജൂ ഒരു മിനിട്ട് നിൽക്ക്….”

“എന്താടാ?”

” നിന്റെ രോഗം എനിക്ക് മനസ്സിലാവുന്നുണ്ട് .”

അജുവിന്റെ കള്ളച്ചിരിയിൽ അവൾക്കുള്ള മറുപടി ഉണ്ടായിരുന്നു. ദിയ തുടർന്നു.

” അറിഞ്ഞതു വെച്ച് മേഘ നല്ല കുട്ടിയാ…. എനിക്കവളെ ഒത്തിരി ഇഷ്ട്ടായി… പക്ഷേ നിനക്ക് അറിയാത്ത ഒരു പാസ്റ്റും പ്രസന്റും അവൾടെ ലൈഫിലുണ്ടാകാം. അതുകൊണ്ട് നീ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ വരട്ടെ…….”

“എന്തേ ദിയാ…. നീ ഇങ്ങനെ പറയുന്നെ ?”

അജുവിന്റെ മുഖം വാടി.

” നാളെ ഒരു കാലത്ത് നീ വിഷമിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. എടുത്തു ചാടി ഒന്നും തീരുമാനിക്കണ്ട. നമുക്ക് ഇന്നു തന്നെ മേഘ യോട് കാര്യം അവതരിപ്പിക്കാം… ബാക്കിയൊക്കെ പിന്നെ. ഓക്കെയാണോ ?”

” ഡബിൾ ഓക്കെ.”

“എന്നാ വാ ചായ കുടിക്കാം.”

ദിയ വേഗത്തിൽ പടികൾ ഇറങ്ങി… തൊട്ടു പിന്നാലെ അജുവും .

“മേഘാ….”

ദിയ മേഘയെ ആലിംഗനം ചെയ്തു. ക്ഷണം സ്വീകരിച്ച് എത്തിയതിന് നന്ദിയറിയിച്ചു.

ഇരുവരും അജുവിനും അമ്മമാരോടും ഒപ്പം ചിരിയും ചായയും വിശേഷങ്ങളും പങ്കു വെച്ചു.

ചൂടു ചായ ഊതിയാറ്റിക്കുടിക്കുന്നതിനിടയ്ക്ക്   അടിക്കടി അജു തന്നെ ശ്രദ്ധിക്കുന്നതും താൻ നോക്കുമ്പോൾ പരിഭ്രമത്തോടെ അവൻ നോട്ടം പിൻവലിക്കുന്നതും  മേഘ ശ്രദ്ധിച്ചു.

ചായയ്ക്ക് ശേഷം മേഘയെ വീടെല്ലാം ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞ് ആദ്യം ദിയ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.  ഒപ്പം അജുവും കൂടി.

✍️ തുടരും.

അഞ്ജന. 🙂

9 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 21)

Leave a reply to Anjana Cancel reply