പിന്നെ ഏറെ നാൾ കത്തുകളിലൂടെ അവർ ഹൃദയം കൈമാറി. പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. ശ്രീദേവി ആയിരുന്നു ഈ നളദമയന്തീ കഥയിലെ ഹംസം.

ഒരിക്കൽ ഏറെ പരിഭ്രമിച്ചാണ് ശ്രീദേവി മാഷിനെ കാത്തു നിന്നത്.
” ദേവീ…. സാവിത്രി എന്ത്യേ?”
“മാഷേ….. അവളെ ചെറിയച്ഛൻ മുറിയിൽ പൂട്ടിയിട്ടേക്കുവാണ്. ഇന്നലെ രാത്രിയിൽ എന്തോ സംസാരമുണ്ടായിന്ന് അവിടെ വേലക്ക് നിൽക്കുന്ന നാണിത്തള്ള പറഞ്ഞു. മാഷൊന്ന് സൂക്ഷിക്കണം.”
“മ്….. അവളെ തല്ലിയോ?”
മൗനമായിരുന്നു ശ്രീദേവിയുടെ മറുപടി.
മാഷ് മുന്നോട്ട് നടന്നു.
അന്നു രാത്രിയിൽ പുറത്ത് വാതിലിൽ മുട്ട് കേട്ടാണ് മാഷ് ചിന്തകളിൽ നിന്നുണർന്നത്.
നരേന്ദ്രൻ തമ്പിയും കൂട്ടാളികളും ആവാം…, തന്നെ കൊന്ന് കുഴിച്ച് മൂടാനും അവർ മടിക്കില്ല. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം.. രണ്ടും കല്പിച്ച് മാധവൻ മാഷ് വാതിൽ തുറന്നു.
‘സാവിത്രികുട്ടിയുടെ അച്ഛൻ ; മഹേന്ദ്രൻ തമ്പി ‘
ഒരു നിമിഷം മാഷ് ഭയചരിതനായി.. ഉമ്മറത്തേക്ക് ഇറങ്ങി. കൂടെ ആരുമില്ല… അദ്ദേഹം തനിച്ചാണ് വന്നിരിക്കുന്നത്. ഭീഷണിപ്പെടുത്താനാവും ഈ വരവ്.
നൂറായിരം ചിന്തകൾക്കു പുറകെ നെട്ടോട്ടമോടുന്ന മനസ്സിനെ കടിഞ്ഞാണിടാൻ മാഷ് നന്നേ പണിപ്പെട്ടു.
“മാഷേ….”
” തമ്പിയദ്ദേഹം വരണം….. ഇരിക്കണം. എന്താ ഈ അസ്സമയത്ത്.?”
“ഞാൻ മാഷിനോട് അല്പം സംസാരിക്കണമെന്ന് നിശ്ചയിച്ച് വന്നതാണ്. “
“പറയണം… എന്താണ് കാര്യം. ?”
“കുറച്ചായി സാവിത്രിക്ക് കല്യാണാലോചനകൾ വന്നു പോകുന്നു. മാഷിനെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ല എന്ന നിലാപാടിലാണ് അവൾ. സാവിത്രിയെ മാഷിന് ഇഷ്ടമാണോ ? അവൾ പറയുന്നത് പോലെ നിങ്ങൾ തമ്മിൽ എന്തെങ്കിലും .”
“അർഹതയില്ലെന്ന് അറിയാം…. എങ്കിലും ഏതോ ഒരു നിമിഷത്തിൽ ഞാനും അവളെ പ്രണയിച്ചു പോയി. തമ്പിയദ്ദേഹം ക്ഷമിക്കണം. “
“ക്ഷമ ചോദിക്കേണ്ടത് ഞാനാണ് . മാഷിനെപ്പോലൊരു വ്യക്തിയെ പ്രണയിച്ചതിന് എനിക്ക് അവളെ തെറ്റ് പറയാൻ സാധ്യമല്ല. എന്നാൽ അവളുടെ ആഗ്രഹത്തിന് കൂട്ടു നിൽക്കാനും എനിക്കാവില്ല. കുടുംബം അത് തകരാതെ നോക്കേണ്ടുന്നത് എന്റെയും ഉത്തരവാദിത്വമാണ്. ജാതിയുടെ പേരിൽ ഈ നാട്ടുകാർ തമ്മിൽ തല്ലും. ഇവിടുത്തെ ക്രമസമാധാനം തകരും. ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല”
തനിക്കുള്ള കൊലക്കയറുമായി വന്നെന്നു കരുതിയ വ്യക്തിയിതാ തന്നോട് മാന്യമായി ഇടപെടുന്നു. തമ്പിയദ്ദേഹം ഈ നാടിനും നാട്ടാർക്കും പ്രിയങ്കരനായത് പണത്തൂക്കത്തിലല്ല എന്ന് മാഷിന് ബോധ്യമായി.
“അങ്ങ് പറയുന്നത് എനിക്ക് മനസ്സിലാവും.. സാവിത്രിയെ പറഞ്ഞു മനസ്സിലാക്കാനോ പിൻതിരിപ്പിക്കാനോ എനിക്കാവില്ല. അവൾ ചെറുപ്പമാണ്…. കാലം ചിലപ്പോൾ ഈ പ്രണയത്തിന് മുന്നിൽ കോട്ടമതിലുകൾ സൃഷ്ടിച്ചേക്കാം. അവളും ദിശമാറി ഒഴുകുമായിരിക്കാം. അറിയില്ല. എന്നെ ഓർത്ത് കരയാനോ തേടി വരാനോ എനിക്ക് മറ്റാരുമില്ല. ഞാൻ ഈ നാട്ടിൽ നിന്നും പോയ്ക്കഴിഞ്ഞാൽ തീരുന്നതാണോ ഈ പ്രശ്നം ?”
“ഇല്ല മാഷേ….. അവൾ സാവിത്രിയാണ്. മഹേന്ദ്രൻ തമ്പിയുടെ മകൾ. സ്നേഹ ബന്ധങ്ങൾക്ക് ജീവനേക്കാളേറെ വില കല്പിക്കുന്നവൾ. എന്തു വന്നാലും ഞങ്ങളെ വേദനിപ്പിക്കാനോ മാഷിനെ ഉപേക്ഷിക്കാനോ അവൾ മുതിരില്ല. മാഷിവിടുന്ന് പോയ്ക്കഴിഞ്ഞാൽ ഒപ്പം അവളിലെ ചിരിയും ചിന്തകളും മാഷോടൊപ്പം ഇറങ്ങി വരും. ഒരു ജടത്തെപ്പോലെ എന്റെ കുട്ടി ഒരായുസ്സു മുഴുവൻ കണ്ണീരു വാർത്തു ജീവിക്കുന്നത് എനിക്ക് കാണാനാവില്ല.”
“പിന്നെ ഞാനെന്തു വേണമെന്നാണ് തമ്പിയദ്ദേഹം പറയുന്നത് ?”
തമ്പി മാഷിന്റെ കയ്ക്കുള്ളിലേക്ക് ഒരു കവറു വെച്ചു കൊടുത്തു.
” ഇതിലൊരൽപം കാശുണ്ട്. മാഷ് ഈ നാട്ടിൽ നിന്നു പോകണം. ദൂരെ മറ്റൊരു സ്ഥലത്ത് ഒരു വീടു കണ്ടെത്തണം. അവിടെ ഒരു ജോലി തരമാക്കുന്നതുവരെ കഴിഞ്ഞു കൂടാനുള്ളത് ഇതിലുണ്ട്. “
“വേണ്ട…, ഇവിടല്ലെങ്കിൽ മറ്റൊരിടത്ത്.. ജീവിക്കാനുള്ളത് സമ്പാധിക്കാൻ ആരോഗ്യമുണ്ടല്ലോ…. സാവിത്രിക്കുട്ടിയെ മറക്കാൻ കഴിയുമായിട്ടല്ല. ഞാൻ കാരണം ഈ നാടിനും നിങ്ങൾക്കും ഒരാപത്ത് വരരുത് എന്ന് ചിന്തിച്ചിട്ടാണ്. ഞാൻ പോയേക്കാം. “
മാഷ് ആ കവർ തമ്പിക്ക് തിരികെ നൽകി.
” ആരോരുമില്ലാത്ത മാഷിന് ചിലപ്പോൾ തങ്ങാൻ സ്ഥിരമായൊരിടം വേണമെന്നുണ്ടാവില്ല. പക്ഷേ ഒരു പെൺകുട്ടിയോടൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ മാഷിന് ഈ പണം അത്യാവശ്യമായ് വന്നേക്കാം. “
ആ വാക്കുകളിലെ അർത്ഥം മനസ്സിലാകാതെ മിഴിച്ചു നിന്ന മാഷിന്റെ കയ്കളിലേക്ക് പിന്നേയും ആ കവർ വെച്ചു കൊടുത്തുകൊണ്ട് തമ്പി തുടർന്നു.
“മാഷ് പൊക്കോളൂ…… ഒപ്പം എന്റെ മകളെയും കൂട്ടണം. എനിക്ക് നിങ്ങളുടെ വിവാഹം നടത്തിത്തരാനാവില്ലായിരിക്കാം എങ്കിലും അവൾ ആഗ്രഹിച്ചതു പോലെ അത് നടന്നോട്ടെ. ഇതിന്റെ പേരിൽ ഇവിടെ യാതൊന്നും സംഭവിക്കാതെ ഞാൻ നോക്കി കൊള്ളാം. ഇത് ഇവിടേക്കാണെന്ന് പറഞ്ഞപ്പോൾ സാവിത്രിക്കുട്ടി എന്നെ ഏൽപ്പിച്ച എഴുത്താണ്. “
മാഷിന്റെ കയ്യിലേക്ക് ഒരു എഴുത്ത് വച്ചശേഷം തമ്പി അവിടുന്ന് യാത്ര പറഞ്ഞിറങ്ങി.
മാഷ് ആ എഴുത്തു തുറന്നു വായിച്ചു.
“മാധവേട്ടന്…….
അമ്മയും അച്ഛനുമാണ് എന്റെ ലോകം എന്നെങ്കിലും അവരെന്റെ ഇഷ്ടം അംഗീകരിക്കുമെന്ന് അറിയാമായിരുന്നു. എന്നാലിത്രയും വേഗം അതുണ്ടാകുമെന്ന് കരുതിയില്ല. അവരെ ഇവിടെ വിട്ടിട്ട് മാധവേട്ടന്റെ കൂടെ പോകണമെന്ന് അച്ഛൻ പറയുന്നു. ജാതിയുടെ പേരിലുണ്ടാകുന്ന കലഹം ഒഴിവാക്കാനാണത്രേ… കുടുംബത്തിൽ വിള്ളൽ വീഴാതിരിക്കാനാണത്രേ…….. അച്ഛന്റെ സമ്മതത്തോടെ മാധവേട്ടനോടൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചതാണ്. എന്നാൽ ഈ നാടും വീട്ടുകാരെയും വിട്ട് പോകുന്നതോർക്കുമ്പോൾ സന്തോഷിക്കാനാവുന്നില്ല.
അറിയില്ല ഇനി ഞാനെന്താ ചെയ്യേണ്ടതെന്ന്.
അമ്മയുറങ്ങുന്ന വീടും സ്ഥലവും വിട്ട് മാഷിനും പോകാൻ വിഷമമുണ്ടാകുമെന്നറിയാം. എങ്കിലും വൈകുന്നതും ആപത്താണ്, ചെറിയച്ഛനും അമ്മാവനുമൊന്നും അടങ്ങിയിരിക്കില്ല. മാഷിനെ അയാൾ അപായപ്പെടുത്തുമോ എന്നു ഞാൻ ഭയക്കുന്നു. കഴിയുന്നതും വേഗത്തിൽ എന്തെങ്കിലും ചെയ്യണം. അവരുടെ കണ്ണെത്താത്ത എവിടെയെങ്കിലും പോകാം. മാഷിന്റെ തീരുമാനം എന്തുതന്നെയായാലും ഞാൻ ഒപ്പമുണ്ടാകും.
എന്ന്
സാവിത്രി. “
പിറ്റേന്ന് പുലർച്ചെ നാലരയുടെ ബസ്സിന് മാഷ് പുറപ്പെട്ടു. തുടർന്നുള്ള മൂന്ന് ദിവസം ആരും മാഷിനെ കണ്ടതില്ല. ആ വീട് പുറത്തുനിന്നും താഴിട്ട നിലയിലായിരുന്നു. ശ്രീദേവിയിൽ നിന്നും മാഷിനെക്കുറിച്ച് അറിയാഞ്ഞ് . സാവിത്രി ഏറെ വിഷമിച്ചു.
പിറ്റേന്ന് ടൈപ്പു പടിക്കാൻ പോകും വഴി ശ്രീദേവിയെ കാത്ത് മാഷ് നിന്നിരുന്നു.
“ദേവീ…. ഞാനൊരു വീടു നോക്കാൻ പോയതാണ്. കുറച്ചേറെ ദൂരെയാണ് . ഇന്നു രാത്രി ഞങ്ങൾ പോകും. എല്ലാമീ കത്തിലുണ്ട്. നീയിത് സാവിത്രിയെ ഏൽപിക്കണം. “
ശ്രീദേവി ആ കത്തു വാങ്ങി തന്റെ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു.
“ഇനിയെന്നേലും ഞാൻ മാഷേയും സാവിത്രിയേയും കാണുമോ ?”
“അറിയില്ല ദേവീ….. കാണുമായിരിക്കും. നീ സന്തോഷമായിരിക്കണം. കണ്ടില്ലെങ്കിലും ഞങ്ങളുടെ ഈ പ്രിയ സുഹൃത്തിനെ പറ്റി എങ്ങനെയും അന്വേഷിച്ച് അറിയും. എന്നും ഓർക്കും. “
ശ്രീദേവിയുടെ കണ്ണു നിറയുന്നത് കാണാനാവാതെ മാഷ് സ്കൂളിലേക്ക് നടന്നു.
“എന്താണു മാഷേ ഒരു മുന്നറിയിപ്പുമില്ലാതെ ഇത്ര പെട്ടെന്ന് ഒരു രാജിക്കത്ത് ? “
ഹൈസ്കൂൾ എച്ച്. എം രാഘവൻ മാഷാണ്.
” ഒരു യാത്രയുണ്ട്. “
” അതിന് രാജി വേണോ? മാഷൊരു ലീവിന് എഴുതി തന്നിട്ട് പൊയ്ക്കൊള്ളൂ….”
“ഇല്ല മാഷേ….. ഇനിയൊരു തിരിച്ചുവരുണ്ടാകില്ല. കുറച്ചുകൂടി നല്ലൊരു ജോലി തരമായിട്ടുണ്ട് . താമസവും ..”
രാഘവൻ മാഷിനോടും മറ്റ് സഹഅധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞ് മാഷ് ഇറങ്ങി.
അന്നു അർധരാത്രിയിൽ മഹേന്ദ്രൻ തമ്പിയുടെ വീട്ടുപടിക്കൽ നിന്നു കുറച്ചു മാറി ഒരു കാറ് വന്നു നിന്നു. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ പിൻ വാതിൽ തുറന്നിറങ്ങി സാവിത്രി കാറിനടുത്തേക്ക് വന്നു. ഒപ്പം മഹേന്ദ്രൻ തമ്പിയും, ഭാര്യ മൈദിലിയും ഉണ്ട്. മാഷിന്റെ കയ്യിൽ സാവിത്രിയുടെ കൈ ചേർത്ത് വെച്ചു കൊണ്ട്. എന്റെ മകളെ പൊന്നുപോലെ നോക്കിക്കോണേ മോനേന്നു പറയുമ്പോൾ തമ്പി കരയുന്നുണ്ടായിരുന്നു .
“നിങ്ങൾ പൊക്കോ…. ആരും കാണണ്ട. ഇവിടെ എല്ലാമൊന്ന് കെട്ട് അടങ്ങുമ്പോൾ ഞാൻ അമ്മയേം കൂട്ടി മോളെ വന്നു കണ്ടു കൊള്ളാം “
അച്ഛനും അമ്മയും ആ മകളെ ചെർത്ത് പുണർന്നു. അവളുടെ നെറുകിൽ ചുബിച്ചു. മൈദിലി തന്റെ കഴുത്തിൽ കിടന്ന മാല ഊരി മകൾക്ക് നൽകി.
“ഇത് നിനക്കുള്ളതാണ്… മരിക്കും മുന്നേ എന്റെ അമ്മ ചെറുമകൾക്കായ് നൽകിയ വിവാഹ സമ്മാനം. “
സാവിത്രി ആ മാല തന്റെ നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടി.
യാത്ര പറഞ്ഞ് വണ്ടിയിൽ കയറി സഞ്ചരിക്കുമ്പോഴും സാവിത്രിക്കുട്ടി കരയുന്നുണ്ടായിരുന്നു. മാഷ് അവളുടെ കണ്ണു തുടച്ച് ആ മുഖം തന്റെ നെഞ്ചോട് അടുപ്പിച്ചു.
പിറ്റേന്ന് തെന്മയം ഗ്രാമം ഉണർന്നത് ആ വാർത്ത കേട്ടായിരുന്നു.
” മംഗലത്തെ സാവിത്രിക്കുട്ടി മാധവൻ മാഷിനൊപ്പം ഒളിച്ചോടിയിരിക്കുന്നു.”
✍️തുടരും .
അഞ്ജന.🙂
…. ✨✨✨❤❤❤ waiting waiting
LikeLiked by 1 person
Coming soooooooon🥰🥰🥰🥰🥰🥰🥰🥰🥰
Thanks for the support dear😘😘
LikeLike
❤
LikeLiked by 1 person
Next Part Posted dear.❤️🤗
LikeLike