ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 25 )

മാധവൻ മാഷും സാവിത്രിയും ഒളിച്ചോടിയ വിവരം തെന്മയം ഗ്രാമമൊട്ടാകെ കാട്ടു തീ പോലെ പടർന്നു. അരിശം പൂണ്ട് നരേന്ദ്രൻ തമ്പിയും കൂട്ടാളികളും മാധവൻമാഷിന്റെ വീടും സാധനങ്ങളും തല്ലി തകർത്തു. മംഗലം തറവാടിന്റെ കാവൽ നായകളെപ്പോലെ പോലീസുകാരും നാട്ടിലാകെ മാഷേയും സാവിത്രിയെയും പരതി.

” കണ്ടാലവന്റെ തലയറുക്കണം , അവളെ ജീവനോടെ എനിക്ക് മുന്നിൽ കിട്ടണം. “

നരേന്ദ്രൻ തമ്പി അലറി.

“വേണ്ട…, മതി അവരെ തിരഞ്ഞത്. എനിക്കിനി അങ്ങനൊരു മകളില്ല….. അവൾ ജീവിക്കുവോ മരിക്കുവോ ചെയ്യട്ടെ…. എന്നീ വീടിന്റെ പടി അവളിറങ്ങിയോ അന്നെന്റെ മനസ്സിൽ അവൾ മരിച്ചു കഴിഞ്ഞു. “

മഹേന്ദ്രൻ തമ്പിയാണ്. ഏറെ വിഷമത്തോടെ പറഞ്ഞതാണെങ്കിലും സാവിത്രിയുടേയും മാഷിന്റെയും ജീവൻ രക്ഷിക്കാൻ മഹേന്ദ്രൻ തമ്പിക്കു മുന്നിൽ മറ്റ് മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല.

എന്നിട്ടും ആരിലും പക കെട്ടടങ്ങിയിരുന്നില്ല. നരേന്ദ്രൻ ഒളിഞ്ഞും തെളിഞ്ഞും അവർക്കായുള്ള അന്വേഷണം തുടർന്നു. കാലം പതിയെ ആ പകയുടെയും തിരച്ചിലിന്റെയും ആക്കം കുറച്ചു.

അപ്പോഴേക്കും കാതങ്ങൾക്കപ്പുറം മാഷും സാവിത്രിയും സന്തോഷ പൂർണ്ണമായ  പുതിയൊരു ജീവിതം തുടങ്ങിയിരുന്നു.
ശ്രീദേവിക്ക് വല്ലപ്പോഴും സാവിത്രി എഴുതും.

മാഷിന് അവിടൊരു സ്കൂളിൽ ജോലി തരമായതും…. നേരം പോക്കിന് അവിടെ അടുത്തൊരു ട്യൂഷൻ സെന്റെറിൽ സാവിത്രി കംബ്യൂട്ടർ പഠിപ്പിക്കാൻ പോകുന്നതും എല്ലാം ശ്രീദേവിയിലൂടെയാണ് മൈദിലിയും മഹേന്ദ്രൻ തമ്പിയും അറിഞ്ഞത്.

തിരിച്ച് കത്തെഴുതാൻ വിലാസമില്ലായിരുന്നിട്ടും തന്റെ വിവാഹം നിശ്ചയിച്ച വിവരം സാവിത്രിയെ അറിയിക്കണമെന്ന് ശ്രീദേവി അതിയായി ആഗ്രഹിച്ചു. എന്നാൽ സാവിത്രിയുടെ അടുത്ത എഴുത്തിൽ വിവാഹത്തിന് മംഗളാശംസകളും ഒപ്പം ചെറിയൊരു തുക മണിയോടറും ഉണ്ടായിരുന്നു.

“ദേവീ… ഈ കാശ് ഉപയോഗിച്ച് നീ ഒരു വെള്ള കല്ലു പതിപ്പിച്ച കമ്മൽ വാങ്ങണം.  യമുനയുടെതു പോലാരെണ്ണം. പണ്ട് നീ അത് എന്തോരം മോഹിച്ചതാ… നേരിട്ട് വാങ്ങിത്തരാൻ ആശയുണ്ട് എന്നാൽ എനിക്കതിന് അവില്ലല്ലോ….”

ശ്രീദേവിക്ക് അതിയായ വിഷമം തോന്നിയെങ്കിലും ഈ നാട്ടിലെയും, മംഗലത്തെയും , തന്റെയും വിശേഷങ്ങളൊക്കെ സാവിത്രിയും മാഷും എങ്ങനെയോ അന്വേഷിച്ച് അറിയുണ്ടെന്ന് അവൾക്ക് ബോധ്യമായി.

രണ്ടു വർഷത്തിനു ശേഷം വന്ന എഴുത്തിൽ സാവിത്രി ഗർഭിണിയാണെന്നും ഇനിയും എട്ടുമാസക്കാലം കാത്തിരുന്നാൽ ഒരു കുഞ്ഞു സാവിത്രിക്കുട്ടി കൂടി പിറക്കുമെന്നും എഴുതിയിരുന്നു. അന്ന് ക്ഷേത്ര ദർശനത്തിനിടെ കണ്ടപ്പോൾ ശ്രീദേവി മൈദിലിയോട് സാവിത്രിയുടെ വിശേഷം പറയാതിരുന്നില്ല.

മൈദിലിക്കും മഹേന്ദ്രനും അവളെ കാണണമെന്ന ആഗ്രഹമുണ്ടായെങ്കിലും നരേന്ദ്രനേയും മറ്റ് ബന്ധുക്കളേയും അവർ ഭയന്നു. തങ്ങളിനി കാണാൻ ചെന്നാൽ ചിലപ്പോൾ മാഷിനെയും സാവിത്രിയേയും അവർ കണ്ടെത്തിയാലോ…. ഈ ഒരവസ്ഥയിൽ അതു ശെരിയാവില്ലെന്നു . കരുതി ആഗ്രഹങ്ങളെല്ലാം അവർ ഉള്ളിലൊതുക്കി.

പിന്നീട് വന്ന എഴുത്തുകളിൽ സാവിത്രിയുടെ വയറിന്റെ വലിപ്പം കൂടിയതും ,  കുഞ്ഞിന്റെ ചവിട്ടും തൊഴിയും, പുളിമാങ്ങയോടവൾക്കുള്ള പ്രണയവുമൊക്കെയായി വിശേഷങ്ങൾ .   ഇതൊക്കെ അറിയുന്തോറും മൈദിലിക്ക് അവളെ കാണാതെ വയ്യെന്ന നിലയിലായി.

പിന്നീടൊരിക്കൽ ഒന്നു രണ്ട് മാസക്കാലത്തോളം കത്തൊന്നും വരാത്തതിൽ പരിഭ്രമിച്ച് ശ്രീദേവി തന്റെ ഭർത്താവിനേയും കൂട്ടി  സാവിത്രിയെ തിരഞ്ഞിറങ്ങി. മാഷിന്റെ അടുത്ത സുഹൃത്ത് ബാലൻ വഴി അവൾ വിലാസം തേടിപ്പിടിച്ച് സാവിത്രിയുടെ വീട്ടു പടിക്കൽ ചെന്നു.

“മാധവൻ മാഷിനെ കാണാനെത്തിയവരാണോ?”

ശ്രീദേവി പിൻ തിരിഞ്ഞു നോക്കുമ്പോൾ ഏതോ ഒരു സ്ത്രീ……

“ഞാൻ ഇവിടെ അയലത്തുള്ളതാ….. കുറച്ചു നേരമായി നിങ്ങളിവിടെ നിൽക്കുന്നതു കണ്ടു വന്നതാണ്. “

” ചേച്ചീ ഞാൻ ശ്രീദേവി…. സാവിത്രിയുടെ സുഹൃത്താണ്… സാവിത്രി ഇല്ലേ ?”

” സാവിത്രി കുഞ്ഞ് കുറച്ചു കാലമായി ആശുപത്രിയിലാണ് “

“അയ്യോ എന്തുപറ്റി?”

ശ്രീദേവി ആകെ ഭയന്നു.

” ഏയ് പേടിക്കാനൊന്നുമില്ല..
സാവിത്രി മോൾക്ക് വയറ്റിലുണ്ടായ കാര്യം അറിഞ്ഞിരുന്നില്ലേ ?”

“ഉവ്വ് “

” അതിനെന്തോക്കെയോ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന്…. പേറ് കഴിഞ്ഞേ അവരിനി തിരികെ വരൂ….. മാഷും ഉണ്ട് കൂടെ”

” ഏത് ആശുപത്രിയാണെന്ന് അറിയുമോ ?”

ശ്രീദേവിയുടെ ഭർത്താവാണ് ; രമേശൻ .

” ഇവിടുന്ന് വലിയ റോഡ്‌ ചെന്ന് ഇടത്തോട് കയറുമ്പോൾ വലിയ ബോർഡ് കാണാം. ചെന്തേനി സർക്കാർ ആശുപത്രി. അവിടെ ചെന്നാ കാണാം. “

അയൽക്കാരി ചേച്ചിയോട് നന്ദിപറഞ്ഞ്. രമേശനും ശ്രീദേവിയും ആശുപത്രിയിലേക്ക് പോയി. അവിടെ പലവഴി പരതി, ഒടുവിൽ  പ്രസവ മുറിയുടെ മുന്നിൽ ശ്രീദേവി മാഷിനെ കണ്ടു.

“മാഷേ…………”

“ദേവീ…… ഇതെങ്ങനെ കണ്ടു പിടിച്ചു ? “
ശ്രീദേവിയെ കണ്ടതും മാഷിന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.

” അതൊക്കെ പറയാം…. സാവിത്രി എന്ത്യേ മാഷേ…. എന്തുപറ്റി അവൾക്ക്? “

” ഏയ് പേടിക്കാൻ ഒന്നുമില്ലെടോ….. കുഞ്ഞിന്റെ കാര്യത്തിൽ ചെറിയൊരു കോബ്ലിക്കേഷൻ…. ഇപ്പൊ രണ്ടു ദിവസമായി പെയിൻ വരുന്നുണ്ട്.  അവളെ ഡെലിവറിക്ക് കയറ്റിയേക്കുവാണ്. “

ശ്രീദേവി രമേശനെ മാഷിനു പരിചയപ്പെടുത്തി. വർഷങ്ങൾക് ശേഷം കണ്ടുമുട്ടിയ വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവെച്ചിരുന്നപ്പോൾ അകത്തു  നിന്നും ഒരു നഴ്സ്സ് പുറത്തേയ്ക്ക് വന്നു.

” ഇവിടെ ആരാണ് മാധവൻ ?”

മാഷ് ചാടി എണീറ്റു.

“സാവിത്രി പ്രസവിച്ചു പെൺകുഞ്ഞാണ്.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അൽപ നേരം കഴിഞ്ഞ് വാർഡിലേക്ക് മാറ്റും. “

അങ്ങനെ അന്ന് ആ ആശുപത്രി മുറിയിൽ മംഗലത്തെ സാവിത്രിയുടേയും മാധവൻമാഷിന്റെയും മകളായ് ഈ മേഘ ജനിച്ചു.

ശ്രീദേവി ചെറിയമ്മയാണ് എനിക്കീ പേരിട്ടതെന്ന് അച്ഛൻ പറയുമായിരുന്നു പണ്ട്.

ഏതായാലും അവിടുന്നങ്ങോട്ട് അച്ഛനും അമ്മയ്ക്കും  സന്തോഷത്തിന്റെ നാളുകളായിരുന്നു. എന്റെ വരവറിഞ്ഞ് മൈദിലി അമ്മാമ്മയും , മഹേന്ദ്രൻ അപ്പുപ്പനുമെല്ലാം ക്ഷമ നശിച്ച് അമ്മേം എന്നേം കാണാൻ എല്ലാവരുടേയും കണ്ണൂ വെട്ടിച്ച് ഓടിയെത്തിയിരുന്നത്രേ…..

പിന്നീട് ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിഞ്ഞു വരികയായിരുന്നു ഞങ്ങൾ…

എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ആ സന്തോഷം ഇരട്ടിയാക്കാൻ ഒരു കുഞ്ഞു വാവ കൂടി വരുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞ്.

പിന്നീടങ്ങോട്ട് എനിക്ക് കൂട്ട് കൂടാനും കളിക്കാനും കഥപറഞ്ഞുകൊടുക്കാനും  പാട്ടു പാടി ഉറക്കാനുമൊക്കെയായി കുഞ്ഞുവാവയ്ക്കായുള്ള കാത്തിരുപ്പായിരുന്നു.

✍️തുടരും.

അഞ്ജന.🙂

22 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 25 )

Leave a comment