ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 27)



കെട്ടിപ്പടുത്ത പ്രതീക്ഷകളൊക്കെയും ഒറ്റയടിക്ക് തകർത്തെറിഞ്ഞ് സാവിത്രിയമ്മയും അനിയൻകുട്ടനും ഞങ്ങളെ വിട്ടു പോയി.

പതിയെ പതിയെ വീട്ടിലെ തിരക്കൊഴിഞ്ഞു. ഒടുവിൽ എല്ലാവരും  യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാഷും മേയ മോളും മേഘാലയത്തിൽ തനിച്ചായി.  അതുവരെ ശ്രീദേവിയമ്മയും മീനാക്ഷിയും ഉണ്ടായിരുന്നതിനാലാവാം ഞാൻ അമ്മയെ അധികം ഓർത്തതേ ഇല്ല.



ചെറിയച്ഛനോടൊപ്പം അവരും സ്വന്തം വീട്ടിലേക്ക് പോയപ്പോൾ എല്ലാം കൊണ്ടും മേയ മോളു തനിച്ചായി.

മാഷിപ്പോൾ പഴയ പോലെ കഥ പറഞ്ഞു തരാറില്ല, ആന കളിക്കാൻ കൂടാറില്ല. എപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.

അങ്ങനെ പല വർഷങ്ങൾ കടന്നുപോയി. മേയ മോള്  ഇപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഞങ്ങൾ   അച്ഛനും മകളും  മാത്രമുള്ള ആ വീട്ടിൽ  പതിയെ സന്തോഷം നിറഞ്ഞു തുടങ്ങി.

മേയ മോളുടെ അച്ഛനും അമ്മയും അനിയൻകുട്ടനും എല്ലാമായി മാഷ് നിറഞ്ഞു നിന്നു .

ആയിടയ്ക്കാണ്  പത്മാവതി എന്നൊരു സ്ത്രീയും അവരുടെ അച്ഛനും  ഞങ്ങളുടെ വീടിനടുത്ത് താമസത്തിനു വരുന്നത്. അന്ന് അവരുടെ ഭർത്താവ് മരിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടില്ല. തന്റെ മകൾ പത്മാവതി നന്നേ പഠിപ്പുള്ള കുട്ടിയാണ്. അവൾക്ക് സ്കൂളിൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുക്കാനാവശ്യപ്പെട്ടാണ് മാധവൻ മാഷിനെ കാണാൻ അന്ന് പത്മാവതിയുടെ അച്ഛൻ ഗോവിന്ദൻ മാസ്റ്റർ എത്തിയത്.

അദ്ധേഹം ഒരു പൂർവ്വ അദ്ധ്യാപകനായതിനാലാവാം മാധവൻ മാഷുമായ് വളരെ വേഗത്തിൽ അടുത്തു. മാഷും മകളും അടിക്കടി വീട്ടിൽ വന്നു പോയിരുന്നു.

പത്മാവതി ടീച്ചറും ഞാനുമായി അതിവേഗം ചങ്ങാത്തത്തിലായി.

പത്മാവതി ടീച്ചറെ  അമ്മയായി കാണാൻ മേയ മോൾക്ക് ഇഷ്ടമാണോ എന്നൊരിക്കൽ ശ്രീദേവി ചെറിയമ്മ ചോദിച്ചതോർക്കുന്നു.

മനസ്സില്ലാമനസ്സോടെ അച്ഛൻ എല്ലാവരുടെയും , ഒപ്പം മേയ മോൾക്ക് ഒരമ്മ എന്ന ഇഷ്ടത്തെയും പിൻതുണച്ചു.

ഒരു തിങ്കളാഴ്ച ദിവസം രാവിലെ   അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് പതമാവതി ടീച്ചറുടെ കഴുത്തിൽ മാഷ് താലി ചാർത്തി.

പലകുറി അമ്മേ എന്നു വിളിക്കാൻ ചെറിയമ്മേം ഗോവിന്ദൻ മാസ്റ്ററും പറഞ്ഞ തിൻ പ്രകാരം ടീച്ചറേ എന്ന വിളിക്കൊപ്പം അമ്മേ എന്നു കൂട്ടിചേർത്ത് ഞാൻ അവരെ ടീച്ചറമ്മേ എന്നു വിളിച്ചു.

അമ്മയുടെ മരണ വാർത്തയിൽ തെന്മയത്തെ നരേന്ദ്രൻ അപ്പുപ്പന്റെ ദേഷ്യം പാടേ ഇല്ലാതായി. പലപ്പോഴും മഹേന്ദ്രൻ അപ്പുപ്പന്റെയും മൈദിലി അമ്മാമ്മയുടെയും ഒപ്പം എന്നെ കാണാൻ വീട്ടിൽ വരുമായിരുന്നു.  മാഷ് മറ്റൊരു വിവാഹം കഴിച്ചതിൽ അവർക്ക് തീരെ താത്പര്യമുള്ളതായി തോന്നിയില്ല.  അച്ഛനോട് പല  കുറി എന്നെ അവർക്കൊപ്പം അയക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അന്ന് മാഷിന് അത് സമ്മതമല്ലായിരുന്നു.  അങ്ങനെ അന്നേ ആ ബന്ധങ്ങളിൽ ചില വിള്ളലുകൾ വീണിരുന്നു.

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടീച്ചറമ്മയ്ക്കും മാഷിനും കൃഷ്ണ മോളു ജനിക്കുന്നത്. കൃഷ്ണയുടെ ജനനത്തോടെ പല കാര്യങ്ങളും തകിടം മറിഞ്ഞു. ടീച്ചറമ്മ സ്കൂളിലെ ജോലി ഉപേക്ഷിച്ചു.  ഗോവിന്ദൻ മാസ്റ്ററുടെ മരണവും ആ ഇടയ്ക്കായിരുന്നു. കൃഷ്ണയുടെ അടുത്തിരിക്കാനും അവളോടൊപ്പം കളിക്കാനും ഒക്കെ എനിക്ക് വല്ല്യ കൊതിയായിരുന്നു. എന്നാൽ
ടീച്ചറമ്മ അതിന് അനുവദിച്ചിരുന്നില്ല.  ഞാൻ കൃഷ്ണയെ അപായപ്പെടുത്തുമെന്നു പറഞ്ഞ് അച്ഛനുമായി ദിവസേന അവർ തർക്കിച്ചു .

സ്കൂളിൽ പോകുന്നതിനു മുൻപും  തിരിച്ചെത്തിയ ശേഷവും ഞാൻ ചെയ്തു തീർക്കേണ്ടുന്ന ജോലികൾ ദിനംപ്രതി കൂടി കൂടി വന്നു. വീട്ടിൽ എത്തിയാൽ കളിക്കുവാനോ ഹോംവർക്ക് ചെയ്യുവാനോ ടീച്ചറമ്മ സമ്മതിച്ചിരുന്നില്ല.  എപ്പോഴും എന്തെങ്കിലും കുത്തുവാക്കു പറഞ്ഞും ശകാരിച്ചും എന്നെ കരയിക്കുന്നതിലേക്കായി അവരുടെ ശ്രദ്ധ. കൃഷ്ണയുടെ കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും മാഷും ഞാനുമായിരുന്നു ചെയ്തിരുന്നത്.  എന്നെ ഓർത്ത് മാഷ് ഒത്തിരി വിഷമിച്ചിരുന്നു.


ഒരിക്കൽ സാവിത്രിയമ്മയുടെ സ്വത്തുവകകളിൽ എനിക്കുള്ള പങ്കിനെ പറ്റി ചോദിച്ചതിന്റെ പേരിൽ മാഷും ടീച്ചറമ്മയുമായി വല്ല്യ വഴക്കു നടന്നു. ആയിടയ്ക്ക് വല്ലപ്പോഴും എന്നെ തേടി വരാറുള്ള ശ്രീദേവിച്ചെറിയമ്മയും മാഷുമായി അനാവശ്യ ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് അവരെയും ഞങ്ങളിൽ നിന്നും അവർ അകറ്റി.

എന്നെ ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും ടീച്ചറമ്മ ആ വീട്ടിൽ നിന്ന് പുറത്താക്കാതിരുന്നതിൽ ഒരു കാരണം സാവിത്രിയമ്മയുടെ പേരിലുള്ള സ്വത്തുക്കളായിരുന്നു.

അന്ന് ഞാനെന്റെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കി പ്ലസ് വൺ അഡ്മിഷനൊക്കെ ആയിരിക്കുന്ന സമയം , മാഷ് എന്തോ ആവശ്യങ്ങൾക്കായി ദൂരദേശത്ത് പോയിരുന്ന ദിവസം , ടീച്ചറമ്മ എന്നെ സ്നേഹത്തോടെ അടുക്കളയിലേക്ക് ക്ഷണിച്ചു. ഒരു ട്രേയിൽ നാല് ഗ്ലാസ്സ് ചായ വെച്ച ശേഷം ഉമ്മറത്ത് കൊണ്ട് കൊടുക്കാൻ ആവശ്യപ്പെട്ടു.

അവിടെ അരെല്ലാമോ വന്നിരിപ്പുണ്ട് കൂട്ടത്തിൽ ഒരു വ്യക്തി എന്നെ  അസ്വഭാവികമായി നോക്കിക്കൊണ്ട് ചോദിച്ചു ” എന്നെ ഇഷ്ടമായോ ?”

ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ ഞാൻ ടീച്ചറമ്മയെ നോക്കി.
“മോളെ കല്യാണം കഴിച്ചു കൊണ്ടു പോകാൻ വന്നയാളാണ്. “

ദേഷ്യവും സങ്കടവും അടക്കാൻ വയ്യാതെ ഞാൻ മുറിയിലേക്ക് ഓടി.

അവൾ പഠിക്കട്ടെ കല്യാണം പിന്നത്തെ കാര്യമല്ലേ എന്ന് പറഞ്ഞ മാഷിനോട് ടീച്ചറമ്മ നന്നേ വഴക്കിട്ടു. എതിർത്ത എന്നെ പൊതിരെ തല്ലി. അയാളേതോ  വലിയ കുടുംബത്തിലേതാണെന്നും,  പ്രായം കൂടുതലുണ്ട് എന്നതൊഴിച്ചാൽ തീർത്തും യോഗ്യനാണെന്നും. ടീച്ചറമ്മ വാദിച്ചു.

ഇടയ്ക്ക് എന്നെ അയാൾക്ക് കെട്ടിച്ച് കൊടുത്താൽ ധാരാളം സ്വർണ്ണവും പണവും തനിക്ക് നൽകാമെന്ന് അയാൾ  ഏറ്റതായി ടീച്ചറമ്മ പറയുന്നുണ്ടായിരുന്നു.

പിന്നെ പലപ്പോഴും മാഷില്ലാത്ത അവസരങ്ങളിൽ അയാൾ വീട്ടിൽ വന്നു തുടങ്ങി. ഒരിക്കൽ എന്റെ  മുറിക്കുള്ളിൽ കയറി വന്ന് അയാളെന്നെ കടന്നു പിടിച്ചു. വിവാഹത്തിനു മുമ്പ് പൂർണ്ണമായും പരസ്പരം മനസ്സിലാക്കേണ്ടതുണ്ട് അതിനായി ഒരു രാത്രി അയാളോടൊപ്പം തങ്ങണമെന്ന് ആവശ്യപ്പെട്ടു.  കുതറിയോടാൻ ശ്രമിച്ച എന്നെ അയാൾ മുഖമടച്ചു തല്ലി.


✍️ തുടരും.

അഞ്ജന 🙂.



Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s