നിനക്കായ്😍

ഓരോ നിലാവിലും കിനാവുകൾ നെയ്തു പാറ്റിയ കസവു നൂലിനാൽ കോർത്തൊരുക്കി, പൊഴിഞ്ഞു വീഴാതെ അടർന്നു പോകാതെ മനസ്സിൻ മണിച്ചെപ്പിലെന്നും കാത്തു സൂക്ഷിച്ചൊരായിരം പ്രണയ പുഷ്പഹാരമിന്നിതാ നേരുന്നു ഞാൻ നിനക്കായ്……. “😘

മാറ്റം.

മാറ്റം, അത് അനിവാര്യമാണെക്കിലെന്തിനാ…..

പിന്നവൾ മാറിയെന്നവ൪ കൂടി നിന്നു പഴിക്കുന്നേ??

ഓരോ മാറ്റങ്ങൾക്കു പിന്നിലും ഓരോരോ കാരണമുണ്ടാവാം… ഒരു കയറ്റത്തിന് ഒരു ഇറക്കമെന്ന പോലെ.

നിള

സ്വപ്നം കാണാൻ നിലാവിൽ മിഴിചേർത്തൊരു മനസ്സുമായ് ഇന്നു ഞാനാ നിളാ നദിതൻ കരയിലേക്കടുക്കവെ…..

എൻ ഏകാന്തതയുടെ കൺകോണിൽ മൗനം നിള പോലെ ഒഴുകിയകലുകയായിരുന്നു…..

മാനം കാണിതെ സൂക്ഷിച്ചുവെച്ച ഓർമ്മയുടെ കളിവഞ്ചി തുഴഞ്ഞാ പുഴയുടെ ഓളങ്ങളെ തഴുകുമ്പോൾ….. നരച്ച വസ്ത്രധാരിയായൊരു മത്സ്യമെന്നോട് അരുതേ എന്ന് ആക്രോശിക്കുന്നു…

കൂടുതലെന്തേലും ഉരിയാടും മുൻപേ അത് ജലനിരപ്പിനു മുകളിലായ് ജീവനറ്റു പൊന്തുന്നു… ഓളങ്ങൾ മണൽപ്പരപ്പായും.. കളിവഞ്ചി ചവറുകൂനയായും രൂപ മാറ്റം നടത്തുന്നു…

മനം നൊന്തു ഞാൻ അലറിക്കരയുവാൻ തുനിയുമ്പോൾ ഏകാന്തതയെന്നോട് മൗനമായ് മൊഴിയുന്നു… “നിളയൊരു സ്വപ്നമായിരുന്നു”.

പ്രണയിനിക്കായ്,

വിദൂരത്തുനിന്നും പണ്ടൊരു കമിതാവ് തന്റെ പ്രണയിനിക്കിങ്ങനെ എഴുതി,

പ്രണയിനിക്കായ്,
....................................................
എന്ന്
നിന്റെ പ്രിയതമൻ.

കത്തിലെ അക്ഷരങ്ങളിൽ മുറിവേറ്റിരുന്നു…………….

പാതി മാഞ്ഞവ മാറ്റി വെച്ചപ്പോൾ തെളിഞ്ഞുകണ്ടവ മൗനം പാലിച്ചു…

മൗനത്തിന്റെ ശിരസ്സു ഛേദിച്ച് മുന്നോട്ടാഞ്ഞു നടന്നപ്പോൾ വഴികളിൽ കോപം തളം കെട്ടിക്കിടന്നതായ് ശ്രദ്ധിക്കപ്പെട്ടു..

നീയെന്ന വാക്കിൽ പകയും, ഞാനെന്ന വാക്കിൽ അഹംഭാവവും നിഴലിച്ചു.

നാമെന്ന പദത്തിൽ വിഷം പുരണ്ടിരുന്നു………………..

അബദ്ധമെന്ന വാക്കിൽ വിപത്തു കുടിയേറി പാർത്തു,

വിശ്വാസത്തിൽ അവിടവിടെ മാറാല പിടിച്ചിരുന്നു….

ജാരനെന്ന പദത്തിൽ ചുവപ്പും, ദേവനെന്ന പദത്തിൽ നീലയും ഇടം പിടിച്ചു……

ഒടുവിൽ….,

എന്നു നിന്റെ പ്രിയതമൻ എന്നു വായിച്ചു തീരും മുൻപേ പ്രണയം മരിച്ചിരുന്നു.

അച്ഛ൯

“ഇത്രകണ്ട് അലച്ചു തല്ലി കരയാനും മാത്രം ഈ മാനത്തിനിത്രയും സങ്കടമിതെന്താവും? ഒരു പക്ഷേ ആ നെഞ്ചിൽ നിന്നും ഞാനിങ്ങ് പൊട്ടി വീണതുകൊണ്ടാവും അല്ലേ അമ്മേ ?”

“എൻറുണ്ണീ ആരാ നിന്നോടതു പറഞ്ഞേ?”

“ചേച്ചി പറഞ്ഞൂല്ലോ….. ഉണ്ണി അമ്മേട മോനല്ലാ…. മാനത്തൂന്ന് പൊട്ടിവീണതാണെന്ന്.. മാനം കരയുന്നത് എന്നെ കാണാത്ത സങ്കടം കൊണ്ടാവും അല്ലേ അമ്മേ ?”

“അതിനു മാനം കരയുവല്ലല്ലോ ഉണ്ണീ… “

“പിന്നെ?”

സൂര്യന്റെ ചിരി മറക്കുന്ന കരിമേഘങ്ങളെ കഴുകി വൃത്തിയാക്കുവാ…….. ഈ മഴ കഴിഞ്ഞുണ്ണിനോക്കിക്കോ സൂര്യൻ നിന്നെ നോക്കി തെളിഞ്ഞു ചിരിക്കും…

ഉണ്ണിയെപ്പോലെ സൂര്യനും മാനത്തൂന്ന് പൊട്ടി വീഴുവോ അമ്മേ ?

“ചേച്ചി ഉണ്ണിയെ കളിപ്പിക്കാൻ പറഞ്ഞതാ ഉണ്ണിയേ……… ഉണ്ണി അമ്മേട മോൻ തന്നെയാ. മാനത്തൂന്നൊന്നും വീണതല്ല………. അങ്ങനെ ആരുമൊട്ടും വീഴത്തും ഇല്ല.”

“അപ്പൊ ഉണ്ണീടെ അച്ഛനോ… അമ്മേ ? “

“നടുമുറിയിലെ ഫോട്ടോയിൽ ഉണ്ണി കണ്ടിട്ടില്ലേ അച്ഛനെ?”

“അതല്ല…… വീണ ചേച്ചീടേം അനുവിന്റെയും ഒക്കെ അച്ഛൻ ഫോട്ടോയിൽ മാത്രമല്ലല്ലോ…… ഊഞ്ഞാലാട്ടാനും ആനകളിക്കാനും തോളിൽ കേറ്റി നാടുചുറ്റാനും.. വൈകിട്ട് പപ്പടവട വാങ്ങി കീശേലിട്ട് കൊണ്ട കൊടുക്കാനുമെല്ലാം അവർക്ക് അച്ഛനുണ്ടല്ലോ…….. ഉണ്ണീടച്ഛൻ മാത്രം ഫോട്ടോയിലിരുന്നു ചിരിക്കുകേ ഉള്ളൂ…….”

“ഉണ്ണിക്ക കയ്യ് നിറയേ കളിപ്പാട്ടോം ആയിട്ട് ഒരീസം അച്ഛനിങ്ങ് വെരൂല്ലോ……. അന്നുണ്ണിയെ ആനകളിപിക്കുകേം, ഊഞ്ഞാലാട്ടേം ഒക്കെ ചെയ്യൂട്ടോ…… “

“വേണ്ട, വേണ്ട….. എത്ര നാളായീ അമ്മ ഇതു തന്നെ പറയുന്നൂ. ഇത്ര നാളും വന്നില്ലല്ലോ അച്ഛൻ….. ഇനി വന്നാലും ഉണ്ണി മിണ്ടില്ല….. അച്ഛൻ കൊണ്ടോരുന്ന കളിപ്പാട്ടോക്കെ ചേച്ചിക്ക് കൊടുത്തോട്ടെ എനിക്ക് വേണ്ട.. “

“ഉണ്ണീടച്ഛൻ വരുമ്പൊ ഉണ്ണി പിണങ്ങിയിരുന്നാൽ അച്ഛനു വിഷമാവില്ലേ….. ഉണ്ണിക്കായി കൊണ്ടുവരുന്ന കളിപ്പാട്ടോക്കെ അച്ഛൻ വേറാർക്ക് കൊടുക്കാനാ ഉണ്ണിക്കല്ലാണ്ട് ? “

“കളിപ്പാട്ടോന്നും ഇല്ലേലും സാരല്ല്യാ….. അച്ഛനിങ്ങു വേഗം വന്നാ മതിയാർന്നു…”

“അച്ഛൻ വേഗം വരൂട്ടോ…… ഉണ്ണി ഉറങ്ങിക്കോ.”

ഇന്നോളം നേരിൽ കണ്ടിട്ടില്ലാത്ത അച്ഛനുമൊത്തുള്ള മധുരസ്വപ്നങ്ങളുമായ് ഉണ്ണി ഉറക്കത്തിലേക്കാഴുമ്പോൾ………😴

അച്ഛനിനി ഒരിക്കലും തിരികെ വരില്ലെന്നു അറിയുമ്പോൾ ആ കുഞ്ഞു ഹൃദയം നീറുമെന്നതോർത്ത് ജന്മനാടിനായ് വീരമൃത്യു വരിച്ച ദീരജവാന്റെ വിധവ മിഴിനീർ വാർത്തു……😔

-അഞ്ജന. എസ്സ്. തമ്പി anjanasthampi25@gmail.com

സസ്നേഹം സ്നേഹ(ഭാഗം.18)

പരിചിതമായ ശബ്ദം കേട്ടാണ് കിരൺ ഉമ്മറത്തേയ്ക്ക് വന്നത്. ഏറെ നാൾക്കു ശേഷം ആനന്ദിനെ കണ്ടതും സന്തോഷം കൊണ്ട് അവർ പരസ്പരം പുണർന്നു. അവിടെ നിന്നും അഞ്ചുന്റെ വീട്ടിലേക്കുള്ള യാത്രയിൽ അവർ കിരണിനേയും കൂട്ടി…..

സ്വപ്നയുടെ നിഷ്കളങ്കമായ സംസാരം കിരണിനെ അഞ്ചുവിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി…

“കിരണേട്ടാ…….. എന്താ ഓർത്തിരിക്കുന്നേ? ”

“ഏയ് ഒന്നൂല്ലെടോ…… നിന്നെ പോലാർന്നു അവളും; അഞ്ചന.”

അഞ്ചുവിന്റെ വീട്ടുപടിക്കൽ നിന്നും ആനന്ദിന്റെ ശ്രദ്ധ നേരേ പോയത് അടുത്തുള്ള തൊടിയിലേക്കായിരുന്നു… അവൻ അവിടേക്കു നടന്നു.. ഒപ്പം കിരണും സ്വപ്നയും.

അവൻ കൈ ചൂണ്ടി ”ദേ സ്വപ്നാ….. ഇവിടെയാ എന്റെ അഞ്ചു ഉറങ്ങുന്നേ…. ”

സ്വപ്ന തന്റെ കൈയ്യിൽ കരുതിയിരുന്ന പൂക്കൾ ആ കല്ലറയ്ക്കു മുകളിലായ് വെച്ചു. അവൾ നൽകിയ സമ്മാനങ്ങൾക്കെല്ലാം നന്ദി പറഞ്ഞു. അവൾ ആനന്ദിനേയും കിരണിനേയും ചേർത്തു നിർത്തി.

” അഞ്ചു… എനിക്ക് തന്നെ കണ്ടറിവില്ല…. കേട്ടറിവു മാത്രേ ഉള്ളൂ…… എന്നാലും നിന്റെ ഈ പ്രണയവും സൗഹൃദവും ഞാൻ എന്റെതായ് നെഞ്ചോട് ചേർക്കുവാ….. “

നിറഞ്ഞ കണ്ണുനീരിനെ ഒഴുകാൻ അനുവദിച്ചു കൊണ്ട് കിരൺ പറഞ്ഞു.

“സനേഹാ…… ഒരിക്കലും ഒന്ന് മറ്റൊന്നിനു പകരമാകില്ലായിരിക്കാം. എങ്കിലും ഈ വീടും ഞങ്ങളെല്ലാവരും അവളെ ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട്. ഇനി ആ കുറവ് നികത്തേണ്ടത് നീയാണ്.”

ആനന്ദും അതു ശെരിവെച്ചു.

എല്ലാം ശ്രദ്ധീച്ചു കൊണ്ട് മാറി നിന്നിരുന്ന അഞ്ചുവിന്റെ അച്ഛനടുത്തേക്കവർ ചെന്നു.

“അച്ഛാ……. അമ്മ എന്ത്യേ?” ആനന്ദ് തിരക്കി.

“അകത്തുണ്ട് മോനേ…… നിങ്ങളു വാ…..”

അച്ഛനവരെ അടുക്കളയിൽ നിന്നിരുന്ന അമ്മയ്ക്കടുത്തേക്കു കൂട്ടിക്കൊണ്ടു പോയി.. ആനന്ദിനെ കണ്ട സന്തോഷത്തിൽ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരവനെ ചേർത്തു കെട്ടി പിടിച്ചു. ഇരുവരും നഷ്ടമായിപ്പോയതു പലതുമോർത്ത് വിങ്ങിപ്പൊട്ടി.

അവക്കിടയിലുണ്ടായ വിഷാദമൂകമായ മൗനത്തിന് അച്ഛൻ കടിഞ്ഞാണിട്ടു. “നീ ഇനി പിള്ളേരുടെ സന്തോഷംകൂടി കെടുത്താതെ ഭക്ഷണം വിളമ്പൂ…”

“അയ്യോ അച്ഛാ…. ഞങ്ങളു കഴിച്ചിട്ടാ ഇറങ്ങിയെ…” മൂന്നാളും ഒരേ സ്വരത്തിൽ പറഞ്ഞു.

“അതൊന്നും പറയണ്ട….. ഇത്രേം നാൾക്കു ശേഷം ഇവിടേയ്ക്ക് വന്നിട്ടു കഴിക്കാതെ പോകാനോ? ഉച്ചയൂണിനി വേണ്ടേൽ വേണ്ട… അത്താഴമുണ്ടേച്ച് പോയാ മതീ….. ഏട്ടാ കുട്ടികൾ വന്ന ദിവസല്ലേ രാത്രിയിലേക്ക് ഇറച്ചി എന്തേലും വാങ്ങിവാ…… ഞാൻ ചപ്പാത്തി തയാറാക്കാം”

അമ്മയോട് എതിരു പറയേണ്ടതില്ല എന്ന ചിന്ത ആനന്ദിനെ മൗനത്തിലാഴ്ത്തി. സ്വപ്ന തലയാട്ടി സമ്മതമറിയിച്ചു.

ആനന്ദ് കാറെടുത്ത് അച്ഛനുമായി കടയിലേക്ക് തിരിച്ചു. കിരണും സ്നേഹയും കൊച്ചുവർത്തമാനങ്ങളും തമാശയും ചില അടുക്കള രസങ്ങളുമായി അമ്മയോടൊപ്പം കൂടി..

ഒപ്പമിരുന്ന് അത്താഴമുണ്ണുമ്പോൾ കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയ സന്തോഷം ആ മാതാപിതാക്കളുടെ കണ്ണിൽ തിളങ്ങുന്നത് ആനന്ദ് കണ്ടു..

രാത്രിയിൽ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ.. ആനന്ദിനെ അടുത്ത് വിളിച്ച് അവന്റെ നെറുകിൽ ചുബിച്ച ശേഷം അമ്മ പറഞ്ഞു ” അവളു നല്ല കുട്ടിയാട്ടോ…..വിഷമിപ്പിക്കല്ലേടാ….. ഇടയ്ക്കൊക്കെ നീയ് അവളെയും കൂട്ടി ഈ വഴി വരണം… അവളെ കാണുമ്പോൾ ഞങ്ങൾക്ക് ഞങ്ങടെ മോളെ തിരികെ കിട്ടിയ പോലെ തോന്നുവാ….”

നിറഞ്ഞ സന്തോഷത്തോടെ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ അവൻ അവളുടെ കരങ്ങളിൽ മുറുകെ പിടിച്ചിരുന്നു…. തിരിച്ചുള്ള യാത്രയിൽ കിരണിനോടായ് ആനന്ദ് പറഞ്ഞു. ” കിരണേ… പഴയ പോലെ നമുക്കൊരു യാത്ര പോകണം… സൗഹൃദവും പ്രണയവും ഒന്നിച്ച് എങ്ങോട്ടെന്നില്ലാതെ ഒരു ദൂരെയാത്ര.”

പ്രിയപ്പെട്ട വായനക്കാർക്ക് ,

ഈ കഥയിവിടെ അവസാനിക്കുന്നില്ല……

കിരണിനു കൂട്ടായ് അശ്വതിയും… ആനന്ദിനും സ്നേഹയ്ക്കുമിടയിൽ ഒരു കൊച്ചു മിടുക്കിയും വന്നതോടെ…. ഇരട്ടി സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇന്നും അവരാ ജീവിത യാത്ര തുടരുന്നു…….

ശുഭം….

പനിനീർ പൂക്കൾ

ഇന്നു നീ വിട൪ന്നു കാണുന്നൊരാ പനിനീർ പൂക്കളെല്ലാം നിലകൊള്ളുന്നതെൻ സ്വപ്നത്തിലെ പൂന്തോട്ടത്തിലാണ്.

യാഥാർത്ഥ്യത്തിൽ അവയെല്ലാം വിടരും മുന്നേ കൊഴിയാൻ വിധിക്കപ്പെട്ട എന്നിലെ സ്വപ്നങ്ങളായിരുന്നു.

മഴ ഇതുവരെ…


ഉമ്മറക്കോലായിൽ മാനം നോക്കി മഴ കാത്തിരുന്ന ബാല്യത്തിൽ  മഴക്കു പേര് കളിത്തോഴനെന്നായിരുന്നു.

അമ്മയുടെ കണ്ണു വെട്ടിച്ച് മുറ്റത്തും തൊടിയിലും ചാടി തിമൃത്തതും, കുഞ്ഞോളങ്ങളിൽ കപ്പലുപായിച്ചതും, കാറ്റിലാടുന്ന മൂവാണ്ടന്റെ ഉച്ചിയിലെ തേൻപഴം വീഴാൻ നോമ്പുനോറ്റതും, സ്കൂളുവിട്ടു  നനഞ്ഞു വന്ന സായാഹ്നങ്ങളും, മടി പിടിച്ചു പുതച്ചുറങ്ങിയ പ്രഭാതങ്ങളും…

അങ്ങനെ തുടങ്ങി തല്ലു കൊണ്ടതും… കൊള്ളാതെ പോയതുമായ ബാല്യകാല സ്മരണകളിൽ എനിക്കായ് മഴയോളം ഓർമ്മകൾ മറ്റാരും കരുതിവെച്ചിട്ടുണ്ടാവില്ല.   

അരുതെന്നു പറഞ്ഞതു മാത്രം ആവർത്തിച്ചു പോന്ന കൗമാരത്തിലും മഴ വിതച്ചതും കൊയ്തതും മത്തുപിടിപിക്കുന്ന ഓർമ്മകൾ തന്നെ… അന്നും മഴയോട് സൗഹൃദം തന്നേ തോന്നിയുള്ളൂ….


 ഒന്നിൽ അഞ്ചെന്ന കണക്കിൽ എന്തിനോ വേണ്ടി ചൂടിയ കുടയതിൽ മഴ എന്നും ഒന്നിനെപ്പോലും നനയാതെ വിട്ടിട്ടില്ല. ടീച്ചറില്ലാത്ത അവസാന പിരീഡിൽ, അന്ത്യാക്ഷരിക്കൊപ്പം ബെഞ്ചിൽ തട്ടി താളം പിടിച്ചതും,   ജനലിലൂടെ അകത്തേയ്ക്ക് വീണു ചിതറുന്ന മഴത്തുള്ളിയെ കൈവെള്ളയിൽ ചേർത്തുവെച്ചതും.. പൂമുഖപ്പടിയിലിരുന്നു ചൂടു പാറുന്ന കട്ടനൊപ്പം മഴയാസ്വദിച്ചതും… കണക്കു പരീക്ഷാ ദിവസം കളക്ടറൊരു അവധി തരാൻ “മഴ തോരാതെ പെയ്യണേ ദേവ്യേ…… ” എന്ന് കാണിക്കയിട്ടു പ്രാർത്ഥിച്ചതും. മഴയിൽ നടക്കാൻ കൊതിച്ച് വൈകിയെത്തിയ വൈകുന്നേരങ്ങളിൽ വാക്കുകൾ നുള്ളിപ്പെറുക്കി അമ്മയോട് പറഞ്ഞാപ്പിച്ച നുണകളും  തുടങ്ങി കൗമാരത്തിലും മഴയെ വെല്ലാൻ മറ്റാരുമുണ്ടായില്ല…

ഇപ്പൊ ദേ ഈ യൗവനത്തിലോ…..  ക്യാമ്പസ്സ് വരാന്തയുടെ ഇടനാഴികളിൽ കൈകോർത്ത് ഒപ്പം നടക്കാൻ മഴയോളം നല്ലൊരു കമിതാവും ഇല്ലെന്ന സത്യം പറയാതെ വയ്യ.

– അഞ്ജന. എസ്സ് .തമ്പി anjanasthampi25@gmail.com

സസ്നേഹം സ്നേഹ(ഭാഗം.17)

പിന്നെ പഠനവും ജോലിയുമായ് വർഷങ്ങൾ കടന്നു പോയി.. അതിനിടയിൽ കിരണിന്റെ രോഗം ഭേദമായത് ഒരു ആശ്വാസമായിരുന്നു…. അവളുടെ അമ്മയാണ് എനിക്ക് നിന്നെ കണ്ടെത്തി തന്നത്… അവരുടെ നിർബന്ധപ്രകാരമാണ് ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയത്.. ഇപ്പൊ എനിക്ക് നിന്നെ വല്ല്യ ഇഷ്ടാ…….. ഒരുപാടൊരുപാട് ഇഷ്ടാ….. പക്ഷേല് എത്ര ശ്രമിച്ചിട്ടും എനിക്കെന്റെ അഞ്ചൂനെ മറക്കാ൯ കഴിയുന്നില്ല സ്നേഹാ…”

എന്നു പറഞ്ഞവസാനിപ്പിക്കുമ്പോൾ ആനന്ദ് കരയുകയായിരുന്നു. ഒപ്പം സ്നേഹയും………

തന്റെ shelf നു മുകളിൽ നിന്നും മഞ്ഞ വർണ്ണക്കടലാസ്സിനാൽ പൊതിയപ്പെട്ട ആ gift box ആനന്ദ് സ്നേഹക്കു നേരേ നീട്ടി….

അതിനുള്ളിൽ ധാരാളം മഞ്ചാടിമണികളും ഒരെഴുത്തും മാത്രമാണുണ്ടായിരുന്നത്. ആ എഴുത്തിൽ ഇപ്രകാരം എഴുതിയിരുന്നു.

“എന്റെ പ്രണയവും, പ്രണയ സമ്മാനങ്ങളും ഇനി നിനക്കു സ്വന്തം “

അവളവനെ മാറോടണച്ചു.. നെറുകിൽ ചുംബിച്ചു. പ്രണയം കണ്ണീരിനാൽ സൃഷ്ടിച്ച മൗനം അവരിൽ നിഴലിച്ചു. അറിയാതെ ഇരുവരും ഉറക്കത്തിന്റെ ലാസ്യത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് നേരമേറെ വൈകിയാണ് ആനന്ദ് ഉണർന്നത്…. അപ്പോഴും സ്നേഹ മയക്കത്തിലായിരുന്നു….. നെഞ്ചിലൊളിപ്പിച്ചതെന്തൊക്കെയോ തുറന്നു പറഞ്ഞതിന്റെ നിർവൃതി അവനിൽ അനുഭവപ്പെട്ടു. താനിപ്പോഴും മറ്റൊരു പെണ്ണിന്റെ ഓർമ്മകളിൽ ജീവിക്കുന്നു എന്നറിഞ്ഞിട്ടും അവനെ മനസ്സിലാക്കാൻ ശ്രമിച്ച സ്നേഹയോടുള്ള പ്രണയം അവനിൽ വാനോളം നിറയുകയായിരുന്നു.. മറ്റെന്തോ ചിന്തയിൽ അവനേറെ നേരം അവളെ നോക്കിയിരുന്നു.

“സ്നേഹാ…… എഴുനേൽക്കെടാ നല്ലൊരു Sunday ആയിട്ട് എണീറ്റ് ready ആകൂ നമുക്ക് പുറത്തു പോകാം.”

ഉറക്കച്ചടവോടെ അവൾ എഴുന്നേറ്റിരുന്ന് കണ്ണു തിരുമി…. “എവിടേക്കാ ഏട്ടാ? “

“കഥ കേട്ടാൽ മാത്രം മതിയോ കഥാപാത്രങ്ങളെ കാണണ്ടേ?? നമുക്കു പോയി എല്ലാരേം കാണാടോ അതവർക്ക് വല്ല്യ സന്തോഷാവും. ”

സമ്മതം മൂളി അവൾ അടുക്കളയിലേക്ക് നടന്നു..