സസ്നേഹം സ്നേഹ(ഭാഗം.16)

” +1 നു പഠിക്കുമ്പോഴാണ് ആദ്യമായ് ഞാനവളെ കാണുന്നത്… അന്ന് ഞാൻ ആലപ്പുഴ നിന്നും തിരുവനന്തപുരത്തേയ്ക്ക് ചികിത്സ തേടി അച്ഛനൊപ്പം എത്തിയ ദിവസം. നിങ്ങളുടെ സ്കൂളിലെ National Service scheme (NSS) ന്റെ ഭാഗമായി പൊതിച്ചൊറു വിതരണമോ മറ്റോ നടന്നിരുന്നു അവിടെ. OP ward ൽ ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു പൊതി അന്നം നീട്ടിയത് അവളായിരുന്നു….. ഏറെ നേരം അവളും അച്ഛനുമായി എന്തൊക്കെയോ സംസാരിച്ചു. എന്നെ ഓർത്തുള്ള വ്യാകുലതയായിരുന്നു അച്ഛന്റെ നെഞ്ചിൽ…. “

“ഓ.. ആ കിരൺ താനാണോ? ഇടയ്ക്ക് അഞ്ചു പറഞ്ഞിരുന്നു…. പക്ഷേ അന്നൊരു തവണ കണ്ടു പിരിഞ്ഞതല്ലേ നിങ്ങൾ, പിന്നെങ്ങനെ……” എന്നിലെ സംശയങ്ങൾ പിന്നെയും മൂർച്ചിച്ചു കൊണ്ടേയിരുന്നു..

“അന്നൊരു തവണയല്ല ആനന്ദ്, പിന്നേയും ഞങ്ങൾ കണ്ടു……. അന്നു കണ്ടു പിരിഞ്ഞിട്ട് ഏതാണ്ട് ഒരു 8, 9 മാസത്തിനു ശേഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്… എനിക്ക് ട്രീറ്റ്മെന്റ് തുടങ്ങുന്നതിലേക്കായി പല ടെസ്റ്റുകളും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു… അതിനായിട്ടാണ് അന്നെന്നെ അവിടെ admit ചെയ്തത്.., തൊട്ടടുത്ത bedൽ അന്ന് അഞ്ചു വായിരുന്നു കിടന്നിരുന്നത്… കണ്ടപാടെ അച്ഛനവളെ തിരിച്ചറിഞ്ഞു. സ്കൂളിൽ വെച്ചെന്തോ തല ചുറ്റി വീണു.., മൂക്കിൽ നിന്നും blood വന്നു എന്നൊക്കെ ഒപ്പമുണ്ടായിരുന്ന ടീച്ചർ പറഞ്ഞു…

Leukemia Symptoms ഉണ്ടെന്ന തോന്നലിൽ അവൾക്കും ധാരാളം ടെസ്റ്റുകൾക്കു വിധേയയാകേണ്ടി വന്നു. അന്നവിടെ നടത്തിയ ടെസ്റ്റുകളിൽ അവൾക്ക് രോഗമില്ലെന്നു സ്ഥിതീകരിച്ചു. തുടർന്നൊരു മൂന്നു ദിവസം അവളെന്റെ അടുത്ത bed ൽ തന്നെ ഉണ്ടായിരുന്നു. അച്ഛന് അവളെ വല്ലാതങ്ങ് ഇഷ്ടായി. അവരു രണ്ടാളുമായിരുന്നു കൂട്ട് . തമാശയും, കളിയും, ചിരിയുമായി….. ഒരു പാട് സംസാരിക്കും രണ്ടാളും. അവളുടെ അമ്മയാണ് എനിക്കും അച്ഛനും കൂടി food കൊണ്ടു വന്നിരുന്നത്. പുറത്തൂന്ന് ഭക്ഷണം വാങ്ങാൻ അവൾ അനുവതിച്ചിരുന്നില്ല. രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ കുടുബങ്ങളും പരസ്പരം അടുത്തു.. ഒന്നിച്ചാണ് അന്ന്, അവിടുന്നു ഞങ്ങൾ discharge ആയത്. പിന്നീടുള്ള ഞങ്ങളുടെ പ്രാർത്ഥനയിൽ അവളും ഉൾപ്പെട്ടു. ഇടയ്ക്ക് വീണ്ടും ചികിത്സാ കാര്യങ്ങൾക്കു ഇവിടേക്കു വന്നപ്പോൾ അമ്മയെയും കൂടെ കൂട്ടി…. അന്നവർക്ക് ചികിത്സയേക്കാൾ പ്രധാനം അച്ഛന്റെ വായാടിക്കുട്ടിയെ കാണുക എന്നതായിരുന്നു….

വിളിച്ചു ചോദിച്ച് address വെച്ച് വീടു കണ്ടു പിടിച്ചു.. പിന്നെ തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ആ കൂടികാഴ്ച ഒരു പതിവാക്കി. അടിക്കടി വന്നു പോകാനുള്ള ബുദ്ധിമുട്ടു കാരണം എന്റെ exam കഴിഞ്ഞ് ഞങ്ങൾ ഇവിടെ താമസമാക്കി. Govt ഉദ്ധ്യോഹസ്തനായ അച്ഛന് transfer ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ അച്ഛന്റെ കെയറോഫിൽ ഞങ്ങൾക്കൊരു വാടക വീടും ഏർപ്പാടാക്കി… അവളെന്നുമെനിക്കൊരു നല്ല സുഹൃത്തായിരുന്നു…. എപ്പോഴും നിന്നെ പറ്റി വാ തോരാണട് സംസാരിക്കും. എന്റെ ഈ രോഗകാര്യങ്ങൾക്കിടയിൽ എനിക്കും അച്ഛനും അമ്മയ്ക്കും അവളും കുടുബവും വലിയൊരു ആശ്വാസമായിരുന്നു.

പക്ഷേ +2 പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് അവൾ പിന്നെയും തലചുറ്റി വീണു… അക്കാലത്ത് അടിക്കടി മൂക്കിൽ നിന്നും ചോര വരാറുണടായിരുന്നു.. പെട്ടെന്നുണ്ടാവുന്ന weight loss ഉം, join Pain നും……. അന്ന് ജനറൽ മെഡിസിനിലെ ഡോക്ടറുടെ അഭിപ്രായ പ്രകാരം. ഒരു ദിവസം എന്നോടൊപ്പം എന്നെ treat ചെയ്തിരുന്ന ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു.. പക്ഷേ കഴിഞ്ഞ തവണത്തേതു പോലെ അക്കുറി ആശ്വാസത്തിനു വകയുണ്ടായില്ല.. ടെസ്റ്റുകളെല്ലാം Positive ആയിരുന്നു… അവളും ഒരു രക്താർബുദരോഗിയാണന്ന് ഡോക്ടർമാർ വിധിയെഴുതി…. പക്ഷേ കഴിഞ്ഞ തവണത്തെ test ൽ കണ്ടെത്താൻ കഴിയാതെ പോയതെന്താണെന്ന് ഡോക്ടർക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല..

ആനന്ദ്, ഈ college ലേക്ക് എന്നേയും കൂട്ടുമ്പോൾ ഒരു കാര്യം മാത്രമേ അവൾ ആവശ്യപ്പെട്ടുള്ളൂ താൻ ഇതൊന്നും അറിയരുതെന്ന്…. അതിനു വേണ്ടിയാ എന്റെ കാര്യം പോലും അവൾ നിന്നോട് മറച്ചത്. നിന്നിലെ ചിരിയായിരുന്നു അവൾക്കു ജീവിക്കാൻ പ്രജോതനമായത്. അവളിലെ രോഗവിവരം അറിഞ്ഞാൽ തന്റെ മുഖത്തെ ചിരിമായുമോ എന്നു ഭയന്നിട്ടാ അവൾ……….

മരുന്നിൽ തീരുമെന്നു തന്നെയാ കരുതിയെ… പക്ഷേ 2 മാസമായിട്ടുള്ള result ൽ fast-growing കാണിക്കുന്നു.. chemotherapy യും Stem- cell transplantation നും ആവശ്യമായ് വരാം.

അവളിലും രൂപ വ്യത്യാസമുണ്ടാകുമെന്നതുകൊണ്ട് ഇനിയും തന്നോട് മറക്കുന്നതിൽ അർത്ഥമില്ല.. പലകുറി പറയാൻ ശ്രമിച്ചതാണ് അവൾ പക്ഷേ കഴിഞ്ഞില്ല…… തന്നെ ഒഴിവാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇന്നിപ്പൊ ആ ബാധ്യത എന്നെ ഏൽപ്പിച്ചിട്ടാണ് അവൾ വീട്ടിലേക്ക് പോയത്.”

ആകെ തളർന്നിരുന്ന എന്നോട് ചേർന്ന് അവൻ ഇരുന്നു. ഒന്നുമറിയാതെ ഞാൻ കാട്ടി കൂട്ടിയതും അവളിൽ പഴി ചുമത്തിയതും എന്തിനേറെ…. മുഖമടച്ചു തല്ലിയതും മാത്രമായിരുന്നൂ എന്റെ നെഞ്ചിൽ…. അന്ന് അവനു മുന്നിലിരുന്ന് വാവിട്ടു കരഞ്ഞു പോയീ ഞാൻ….

എന്നെ ആശ്വസിപ്പിക്കുമ്പോഴും അവനാവശ്യപ്പെട്ടത് അവളുടെ മുന്നിൽ തളരരുതെന്നായിരുന്നു…. അമ്മയൊടൊക്കെ പറഞ്ഞ് ഞാൻ ഒത്തിരീ കരഞ്ഞു… അന്ന് അമ്മ പറഞ്ഞത്. ” സ്വയം തളർന്നു പോകാതിരിക്കാൻ ഒപ്പം ചേർത്തു നിർത്തുന്നൊരു കൂട്ടാണ് ആവൾക്കിപ്പൊ ആവശ്യം… നീ ഉണ്ടാവണം അവൾടെ കൂടെ. ” എന്നായിരുന്നു. അന്നാ രാത്രിയിൽ കിരണിനൊപ്പം അമ്മയേയും കൂട്ടി ഞാനവൾടെ വീട്ടിലേക്കു പോയി. ഞങ്ങൾക്കിടയിലെ തെറ്റിധാരണകളെല്ലാം അവളുടെ അച്ഛനോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ അവൾക്കൊരു താങ്ങാവാൻ നീയുണ്ടാവണമെന്നേ് ആ അച്ഛനും പറയാനുണ്ടായുള്ളൂ… അന്നവിടെ വെച്ച് അവളെ മാറോടണച്ച് ആശ്വസിപ്പിക്കുമ്പോഴും, ആ കണ്ണു തുടയ്ക്കുമ്പോഴും, മനസ്സിലോർത്തത് ഒന്നു മാത്രം….. നാലു വർഷം മുൻപ് ചേർത്തു പിടിച്ച അവളെ മരണത്തിനു പോലും വിട്ടു കൊടുക്കില്ല എന്നായിരുന്നു. chemo തുടങ്ങുന്നതിനു മുൻപ് എന്നാൽ കഴിയും വിധം ഞാനവൾക്ക് മനോധൈര്യം പകർന്നു.. യാത്ര ചെയ്യാനിഷ്ടപ്പെട്ടിരുന്ന അവളെ പല സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ട് പോയി. പലപ്പോഴും കിരണിനേയും ഒപ്പം കൂട്ടി…

പിന്നെ പതിയെ പതിയെ അവളിലെ മുടികൊഴിയുന്നതും, ശരീരം മെലിയുന്നതും, തൊലി ചുളിയുന്നതും, കറുക്കുന്നതും,ചിരി മായുന്നതും, രുചിയില്ലാതായതും.. വേദനകൊണ്ടവൾ നിലത്തു വീണു പുളയുന്നതും അടുത്തു നിന്നു ഞാൻ കണ്ടൂ. പ്രാർത്ഥനയ്ക്കും മരുന്നിനും വിധിയെ തിരുത്താൻ കഴിഞ്ഞില്ല . ഒരായുസ്സിൽ കൊടുത്തു തീർക്കേണ്ടിയിരുന്ന സ്നേഹവും സന്തോഷവും എല്ലാരും ചേർന്ന് അവൾക്കു ഒരുമിച്ചു നൽകിയതിനാലാവാം….. ഒക്കെയും വിട്ടെറിഞ്ഞ് നേരത്തേ അവൾ പോയി.

അവസാനമായവൾ എല്ലാവരോടും ആവശ്യപ്പെട്ടത്ത് ആനന്ദിനൊരു പുതിയ ജീവിതം തേടിക്കൊടുക്കണമെന്നായിരുന്നൂ… അന്നാ മരണക്കിടക്കയിൽ അവൾ എന്നെ ഏൽപ്പിച്ച മഞ്ഞ വർണ്ണ കടലാസിനാൽ പൊതിയപ്പെട്ട ആ Gift box, അതെന്റെ പുതിയ ജീവിത സഖിക്കു വേണ്ടിയായിരുന്നു….’ അച്ഛനെയും അമ്മയേയും നോക്കിക്കോണേ ആനന്ദേ….. ‘എന്നു പറയുമ്പോൾ അവളുടെ കണ്ണിൽ എന്നോട്ടുള്ള വിശ്വാസം മാത്രമേ ഞാൻ കണ്ടുള്ളൂ.

മരണത്തെ അവൾ ഭയന്നിരുന്നില്ല…. നഷ്ടപ്പെടുന്നതിനെയോർത്തവൾക്ക് വ്യാകുലതകളില്ലായിരുന്നു. അവസാനം വരെയു കാത്തു സൂക്ഷിച്ച ആ ചുണ്ടിലെ പുഞ്ചിരി ധാരാളം മതിയായിരുന്നു ഒരായുസ്സു മുഴുവൻ അവൾക്കു വേണ്ടി ജീവിച്ചു മരിക്കാൻ.

സസ്നേഹം സ്നേഹ(ഭാഗം.15)

Class കഴിഞ്ഞ് അഞ്ചൂനോട് bye പറഞ്ഞ് ബസ്സുകയറ്റി വിട്ട് bike എടുക്കാ൯ തുടങ്ങിയപ്പോഴാണ് കിരൺ ആ വഴി വന്നത്.

“ആനന്ദ്, താനിപ്പൊ free ആണോ?”

“അതെടാ എന്തേ?”

“എനിക്കു താന്നോട് ചിലതു പറയാനുണ്ട്. നമുക്ക് വേറെവിടേക്കേലും ഒന്നു മാറിനിന്നു സംസാരിക്കാം?”

” നിനക്കു പോയിട്ട് അത്യാവശ്യമില്ലെങ്കിൽ കയറൂ നമുക്കൊരു ചായ കുടിക്കാം. “

അവൻ എന്നോടൊപ്പം bike ൽ കയറി. ഞാൻ നേരേ എന്റെ വീട്ടിലേക്കായിരുന്നൂ അവനേയും കൂട്ടി പോയത്. അമ്മയക്ക് കിരണിനെ പരിചയപ്പെടുത്തി. അമ്മയോട് നല്ലൊരു ചായ ആവശ്യപ്പെട്ട് ശേഷം അവനെക്കൂട്ടി എന്റെ മുറിയിലേക്ക് നടന്നു. മുറിയിലെ അലങ്കാരങ്ങളും വർണ്ണങ്ങളും അവൻ ഏറെ താത്പര്യത്തോടെ നോക്കുന്നതു കണ്ട് ഞാൻ പറഞ്ഞു.

“ഇതൊക്കെ അവളുടെ പണിയാ…… അമ്മയോടൊപ്പം ചേർന്ന് എന്റെ മുറി വൃത്തിയാക്കലാണ് ഇവിടെ വന്നാൽ അവളുടെ ഇഷ്ട വിനോദം…. ഇവിടുള്ള crafts എല്ലാം അവളു സ്വയം ചെയ്യുന്നതാ.”

”നന്നായിട്ടുണ്ട് ” അവൻ എല്ലാം നോക്കി ചിരിച്ചു.

” ഇതിലും better ആയൊരു സ്ഥലം വേറെ കിട്ടില്ല… താൻ പറയ്, എന്താ പറയാനുണ്ടെന്ന പറഞ്ഞേ?”

“ആനന്ദ് അത്……” അവനെന്തോ പറയാൻ മടിക്കുന്നതു പോലെ തോന്നി.

“കിരൺ , I am sorry. തനിക്കറിയാല്ലോ എന്റെയും അവളുടെയും ഇടയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മനസ്സറിയാത്ത കുറ്റത്തിന് ഞാൻ നിന്നേയും പഴിച്ചിട്ടുണ്ട്., നീ ക്ഷമിക്കണം. “

“ഏയ്……. അതു സാരമില്ലടോ പലതും അറിഞ്ഞപ്പൊ തന്നോട് സംസാരിക്കണമെന്നു കരുതിയതാണ് പക്ഷേ സാഹചര്യം അനുവദിച്ചില്ല. ഇന്നിപ്പൊ ഒരുപാട് പറയണമെന്നാശിച്ച് വന്നിട്ടും പറയാൻ കഴിയുന്നില്ല.”

“കിരൺ , എന്താണേലും നീ പറയ്.”

ചായയുമായ് അമ്മ വന്നതു പിന്നേയും അവനിലെ വാക്കുകൾക്കു തടസ്സമായി. ചായ കുടിക്കാനാവശ്യപ്പെട്ട് അമ്മ മുറി വിട്ടു പോയി. ഒരു cup ചായ അവനു നേരേ നീട്ടുമ്പോൾ അവനെന്നോടെന്നോ പറയാൻ തയാറെടുക്കുവായിരുന്നു.

“ആനന്ദ്… അധികമൊന്നും താനെന്നോട് ചോദിക്കരുത് മുഖവുര കൂടാതെ ഞാൻ പറയാം… ഞാനൊരു Cancer രോഗിയാണ്.. രക്താർബുദം എന്നെ കഴിഞ്ഞ നാലു വർഷമായി പിൻ തുടരുന്നു…. ഇതിപ്പൊ Second Stage ആണ്…. ചികിത്സകൊണ്ട് ഭേദമാക്കാനാവുമെന്ന് ഡോക്ടർ പറയുന്നു. ചികിത്സ കഠിനമായതിന്റെ ഭാഗമാണ് എന്നിലെ ഈ രൂപ മാറ്റം…. “

“കിരൺ….. എനിക്കറിയില്ലായിരുന്നെടോ”

“തനിക്കെന്നല്ല അഞ്ചു ഒഴികെ മറ്റാർക്കും ഇതേ പറ്റി അറിയില്ല….. ആരോടും പറയാൻ ആഗ്രഹിച്ചതല്ല പക്ഷേ ഇപ്പൊഴേലും താൻ എല്ലാം അറിയണം. അഞ്ചുവിനെ എനിക്ക് ഈ college ൽ വരുന്നതിനു മുന്നേ അറിയാം… സത്യം പറഞ്ഞാൽ അവൾക്കിവിടെ admission കിട്ടിയതു കൊണ്ടാണ് എന്റെ Parents എന്നേയും ഇവിടെ ചേർത്തത്. അവർക്കവളെ വല്ല്യ ഇഷ്ടമാണ്. “

“അല്ല കിരൺ പക്ഷേ…..” അഞ്ചു ഇതൊക്കെ എന്നിൽ നിന്നു മറച്ചതെന്തിനായിരുന്നു എന്ന സംശയം എന്നിൽ ഉടലെടുത്തൂ എന്നാൽ അത് അവതരിപിക്കാതെ തന്നെ അവൻ മനസ്സിലാക്കിയിരുന്നു.

“അവളെന്തിനാ ഇതൊക്കെ നിന്നിൽ നിന്നും മറച്ചെ, അവളും ഞാനും തമ്മിൽ എങ്ങനെ അറിയാം എന്നതൊക്കെയല്ലേ നിന്നിലെ സംശയം… പറയാം….. “

അവൻ തുടർന്നു .

സസ്നേഹം സ്നേഹ(ഭാഗം.14)

പിന്നെയും ഏറെ നാൾ കളിയും ചിരിയുമായ് കടന്നു പോയി. ഇതിനിടയ്ക്ക് കഴിഞ്ഞതെല്ലാം ഞങ്ങൾ ഇരുവരും മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു…

ഒരു ദിവസം ക്ലാസ്സിലേക്ക് കയറി വന്ന് കിരൺ (അവളുടെ ജാരനെന്നു ഞാൻ വിശേഷിപിച്ച വ്യക്തി) അഞ്ചുവിനെ എന്റെ മുന്നിൽ നിന്നും നിർബ്ബന്ധപൂർവ്വം കൂട്ടിക്കൊണ്ട് പോയി..

“നീ എന്താ ഇത്ര നാളു Class ൽ വരാത്തെ?”….. “നിനക്കിതെന്തു പറ്റി?” കൂട്ടുകാർ പലരും ചോദ്യമാവർത്തിച്ചെങ്കിലും അവനാർക്കും ചെവികൊടുത്തില്ല..

കാഴ്ചയിൽ അവനു വന്ന മാറ്റം എന്റെ ശ്രദ്ധ പിടിച്ചു പറ്റി. ‘ അവൻ നന്നേ മെലിഞ്ഞിരിക്കുന്നു…… മുടി മുറിച്ചതു മറക്കാനാവും തൊപ്പി വെച്ചിരുന്നത്…, മുഖം വിളറി വെളുത്തതു പോലെ…. അഞ്ചുവിനടുത്തു നിന്നിരുന്ന എന്നെ നോക്കി അവൻ പുഞ്ചിരിച്ചിരുന്നു… എന്നാൽ ആ ചിരിയിൽ പഴയ തുട്ടുത്ത പ്രസരിപ്പുണ്ടായിരുന്നില്ല….. വിഷാദം മാത്രം..

തിരികെ വന്നവൾ എന്റെ ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിച്ചു..

അതെന്റെ ചിന്തകളെ പിന്നെയും തെറ്റിലേക്ക് വഴിതിരിക്കുമോ എന്ന് ഞാൻ ഭയന്നതിനാലാവാം… പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. അവളോട് തെല്ലും പരിഭവം കാട്ടാതെ ഞാൻ class നു പുറത്തേക്കിറങ്ങി canteen ലക്ഷ്യമാക്കി നടന്നു.

” എന്തിനാവും അവളെ കിരൺ കൂട്ടികൊണ്ട് പോയത്? എന്താവും അവരു തമ്മിൽ സംസാരിച്ചിട്ടുണ്ടാവുക? എന്തിനാ അവളെന്നോട് മിണ്ടാതിരുന്നത്? അവളെന്നോട് എന്തെങ്കിലും ഒളിക്കൂന്നുണ്ടോ? അങ്ങനെ ഉള്ളിൽ തെളിഞ്ഞൊരായിരം ചോദ്യങ്ങളെയും സംശയങ്ങളേയുമെല്ലാം വിശ്വാസമെന്ന പദത്തിനുള്ളിൽ പുഞ്ചിരികൊണ്ടു ഞാൻ തടവിലിട്ടു.. “അവളെനേറെ അഞ്ചുവാ……… ഒരിക്കലും മനസ്സുകൊണ്ടു പോലും അവളെന്നെ വേദനിപ്പിക്കില്ല…” എന്നോർത്ത് സ്വയം ആശ്വസിച്ചു.

Canteen ലെ തിരക്കൊഴിഞ്ഞ corner ൽ ഒരു ചായയും Order ചെയ്തു ഞാനിരുന്നു. അഞ്ചു canteen ലേക്ക് നടന്നടുക്കുന്നത് ജനാലയിലൂടെ കാണാമായിരുന്നു. എന്തു വന്നാലും വഴക്കിടില്ലെന്നുറപ്പിച്ച് അവളു കേൾക്കെ Alex uncle നോട് ഒരു ചായ കൂടി എടുത്തേക്കാൻ ആവശ്യപ്പെട്ട് ഞാൻ അവളെ നോക്കി ചിരിച്ചു.. അവൾ തിരിച്ചു പുഞ്ചിരിച്ചു. ചൂടു പാറുന്ന ചായക്കു മുന്നിൽ അവൾ എന്നോട് ചേർന്നിരുന്നൂ.

“ആനന്തൂസ്സേ………. ദേഷ്യായോ എന്നോട് ?”

“ഇല്ലെടോ…… ” ഞാനവൾടെ കയ്യോട് കയ്ചേർത്തു.

സസ്നേഹം സ്നേഹ(ഭാഗം.13)

” Good Morning Anand, ഇത് Anuradha our previous chairperson. ഇയാൾക്ക് തന്നോടെന്തോ സംസാരിക്കാനുണ്ട്.”

Principal നു മുന്നിലിരുന്നിരുന്ന സ്ത്രീയെ അദ്ധേഹം എനിക്ക് പരിചയപ്പെടുത്തി. അനുരാധ, എവിടെയോ കണ്ടു മറന്ന മുഖം. ആരാ ഇത്? എന്തിനാ എന്നെ കാണുന്നേ? എന്താവും പറയാനുള്ളത്? നിമിഷ നേരത്തിനുള്ളിൽ ഒത്തിരീ ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.

”ആനന്ദ്… തനിക്കെന്നെ അറിയാൻ വഴിയില്ല… എന്നാൽ തന്നെ എനിക്ക് നല്ലതു പോലെ അറിയാം.”

” എങ്ങനെ?”

“തന്റെ പ്രിയതമയില്ലേ അഞ്ചന.. അവളെന്റെ നല്ലൊരു സുഹൃത്താണ്. ഞാനും ഇതേ കോളേജിൽ തന്നെയാ പഠിച്ചിരുന്നെ സൈക്കോളജി ഡിപ്പാർട്ട്മെന്റ്.. ഇവിടുന്ന് ഇറങ്ങിയിട്ട് 2 വർഷമായി…”

” എന്നോടെന്താ പറയാനുള്ളെ?”

“പറയാടോ മാഷേ… താൻ ധൃതി കൂട്ടാതെ. നിങ്ങളെ രണ്ടാൾടേം പ്രശ്നങ്ങൾ ഏതാണ്ടൊക്കെ എനിക്കറിയാം… വാ തോരാതെ സംസാരിക്കുമെങ്കിലും സ്വന്തം വിഷമങ്ങളും മറ്റും തുറന്നു പറയാൻ വല്ല്യ മടിയാ അതിന്. താൻ അവളെ തല്ലിയല്ലേ?”

“അതു ചേച്ചി ഞാൻ അറിയാതെ…… പറ്റിപ്പോയതാ “

”കണ്ടാൽ അറിയാതെ പറ്റിയതാണെന്ന് പറയില്ലല്ലോടോ…. ആഹ് നടന്നതൊക്കെ നടന്നു നാലു വർഷത്തെ തന്റെ പ്രേമോം കോപ്പുമൊക്കെ ഇവിടെ വച്ചു നിർത്തിക്കോണം. അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.

തന്നെക്കാണാൻ അവളുടെ അച്ഛൻ വരാനിരുന്നതാ… ഞാൻ സംസാരിച്ചു നോക്കാം എന്നു പറഞ്ഞതുകൊണ്ടാ….. അവൾക്കു വേദനിച്ചാൽ അതു സഹിക്കാൻ കഴിയാത്ത ധാരാളം പേരുണ്ട് അവൾക്കു ചുറ്റും . അവൾ നാളെ മുതൽ കോളേജിൽ വരും പഴയ ബന്ധം പുതുക്കാൻ താൻ ചെന്നുന്നറിഞ്ഞാൽ…. ഞാനാവില്ല പിന്നെ സംസാരിക്കേണ്ടി വരുക. So please…. “

ആ ചേച്ചി പറഞ്ഞതെല്ലാം കേട്ടു നിന്നതല്ലാതെ.. ഒരക്ഷരം മിണ്ടാൻ എനിക്കു സാധിച്ചില്ല… അവളോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങൾ എന്നെ പരിഹസിച്ചു ചിരിക്കുന്നതായ് എനിക്ക് അനുഭവപ്പെട്ടു.

ശെരിയാണ്, നിറമാർന്ന അവളുടെ ജീവിതം ഇത്ര കണ്ടു ദുരിതപൂർണ്ണമാക്കിയത് ഞാനാണ്. ഇല്ലാത്തതു പറഞ്ഞ് അവളെ വേദനിപ്പിച്ചത്., കരയിച്ചതും എല്ലാം ഞാനാണ്. ഇനിയും അവളെന്റെതായിരിക്കണം എന്നു ഞാൻ വാശി പിടിക്കുന്നതിൽ അർത്ഥമില്ല.. അവൾ സ്വതന്ത്രയായ് ജീവിക്കട്ടെ… അവളിലെ സന്തോഷം തന്നല്ലേ എനിക്ക് പ്രധാനം.

അങ്ങനെ പലതും മനസ്സിലുറപ്പിച്ച് ഞാൻ പിന്തിരിഞ്ഞു നടന്നു. ആ വഴിമറയും വരെ അവരെന്നെ തന്നെ നോക്കി നിന്നു..

പിറ്റേന്ന്…., രാവിലെ തന്നെ അവളെ ഒരു നോക്കു കണ്ടാ മതീ എന്ന ലക്ഷ്യത്തോടെ ഞാനാ ക്ലാസ്സ് മുറിയുടെ ഇടനാഴിൽ അവൾക്കായ് കാത്തു നിന്നു. അച്ഛനോടൊപ്പം അവൾ കാറിൽ വന്നിറങ്ങുന്നതും ക്ലാസ്സ് മുറിയിലേക്ക് നടന്നു കയറുന്നതും നോക്കി നിന്നു. ഒരിക്കൽ പോലും മുഖമുയർത്തി അവൾ ആരെയും നോക്കുന്നുണ്ടായില്ല, ചിരിക്കുന്നുണ്ടായില്ല..

അവളുടെ മുഖത്ത് എന്റെ മൂന്നു വിരലുകൾ നീലിച്ചു കിടപ്പുണ്ടായിരുന്നു. അവളെ കണ്ട ശേഷം അടുത്ത സുഹൃത്തുക്കൾ പോലും എന്നെ കുറ്റപ്പെടുത്തി.. “എന്നാലും എന്തൊരു പണിയാ ആനന്ദേ നീയീ കാണിച്ചെ?” കണ്ടവരും കേട്ടവരും ഒക്കെ എന്നെ ശകാരിച്ചു.

പിന്നീടങ്ങോട്ടുള്ള ഒരുമാസക്കാലം… അവൾ ആരോടും മിണ്ടിയില്ല. ഒരിക്കൽ പോലും ഒന്നു ചിരിച്ചില്ല, കരഞ്ഞില്ല. ആരെയും കേട്ടില്ല, ശ്രദ്ധിച്ചില്ല…. അവളുടെ കാലു പിടിച്ച് ക്ഷമയാചിക്കാൻ പല കുറി മനസ്സു ശഠിച്ചു. എന്തോ എനിക്കതിനു കഴിഞ്ഞില്ല. അവളിലെ മാറ്റങ്ങൾ എന്നെ കുറ്റബോധത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിട്ടു.. അവിടെ നിന്നും ഞാൻ മദ്യപാനവും പുകവലിയും ശീലമാക്കി.. ഒരിക്കൽ എന്റെ Bedroom ൽ നിന്നും Cigarette കുറ്റികൾ കണ്ടെടുത്ത അമ്മ എന്നെ തല്ലി, ഏറെ വഴക്കു പറഞ്ഞു. സ്വയം പഴിച്ച് ഒത്തിരീ കരഞ്ഞു.. അമ്മ കരയുന്നതു കണ്ടു നിൽക്കാനായില്ല.. ഞാനും കരഞ്ഞു.. അമ്മയോട് നടന്നതൊക്കെ പറഞ്ഞു..

അമ്മയെന്നെ കുറ്റപ്പെടുത്തിയില്ല.. അഞ്ചൂനോട് അമ്മ സംസാരിക്കാമെന്നും മാപ്പു ചോദിക്കാമെന്നും പറഞ്ഞു. പക്ഷേ അതിനു ഞാൻ അമ്മയെ അനുവദിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം…..,

സ്വയം മാനസികനില തെറ്റും എന്ന തോന്നലുണ്ടായപ്പോൾ……… അവളോട് സംസാരിക്കണമെന്നുറച്ച് ഞാൻ കോളേജിലേക്ക് ചെന്നു… ക്ലാസ്സിലും, Canteen ലും, കൂട്ടുകാർക്കിടയിലും എല്ലാം തിരഞ്ഞു അവളെ കണ്ടില്ല….

മുൻപ് അവളോട് കിന്നാരം പറയാനായി പോയിരിക്കാറുള്ള വാകമരത്തെ ലക്ഷ്യമാക്കി ഞാൻ നടന്നു. അതിനു ചുവട്ടിലെ ബഞ്ചിൽ അവൾ എനിക്കായെന്നോണം കാത്തിരിപ്പുണ്ടായിരുന്നു.

കണ്ടപാടെ ഓടിവന്ന അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ഞാനും അവളെ നെഞ്ചോട് ചേർത്തു. അവളുടെ കാൽക്കൽ വീണ് മാപ്പു ചോദിച്ചു.. ഒക്കെയും പറഞ്ഞ് പൊട്ടിക്കരഞ്ഞു….. അവളെന്നെ ആശ്വസിപ്പിച്ചു. കണ്ണു തുടച്ച് ചിരിക്കാൻ ആവശ്യപ്പെട്ടു.. ഏറെ നാൾക്കു ശേഷം മനസ്സുനിറഞ്ഞു ഞാൻ പുഞ്ചിരിച്ചു..

ഈ പെൺ കുട്ടികളെ മനസ്സിലാക്കാൻ വല്ല്യ പാടാണ്… പുറമേ അമർഷം കാണിച്ചാലും അവരുടെ ഉള്ളിൽ വാനോളം സ്നേഹം ഒളിഞ്ഞു കിടപ്പുണ്ടാവും. ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളോ ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ……… ?ഒന്നു മുറുക്കി കെട്ടി പുണർന്നാൽ തീരാവുന്നത് ? എനിക്ക് വല്ലാത്ത കൗതുകം തോന്നി.

സസ്നേഹം സ്നേഹ(ഭാഗം.12)

വിനോദയാത്രയിലുടനീളം എനിക്കു കിട്ടിയതെല്ലാം നിധിക്കു സമാനമായ നിമിഷങ്ങളായിരുന്നു. അക്കൊല്ലം വാർഷിക പരീക്ഷ കഴിവതും നല്ല രീതിയിൽ എഴുതിയിറങ്ങി..,

ശേഷം ഉപരിപഠനത്തിനു ഞങ്ങൾ ഇരുവരും ഒരേ വിഷയം തിരഞ്ഞെടുത്തു. Merit ൽ രണ്ടാൾക്കും ഒരേ കോളേജിൽ അഡ്മിഷനും കിട്ടി.

ആദ്യവർഷം Seniors ന്റെ വക ചില്ലറ റാഗിങ്ങും, പഠനവും, പരീക്ഷയുമായി കടന്നു പോയി. ചങ്ങായിമാരും, ആട്ടവും, പാട്ടും , കളി ചിരികളുമായ് ഓമനിക്കാൻ ഒരായിരം ഓർമ്മകളുമായ് കടന്നു പോയ ക്യാമ്പസ്സ് ജീവിതം.

അതിനിടയിൽ എപ്പോഴോ അവളെനിക്ക് നഷ്ടപ്പെടുമോ എന്നൊരു ഭയം എന്റെ ഉള്ളിൽ കടന്നു കൂടി. കൂടെയുള്ളവന്മാരുടെ എല്ലാം പ്രണയിനികൾ good bye പറഞ്ഞു പോകുന്നതു കണ്ടു നിന്നതിലാവണം. ആ പേടി വളർന്ന് ഞാൻ തികച്ചും ഒരു സംശയ രോഗിയായി മാറുകയായിരുന്നു.. ക്ലാസ്സിലെ എന്നിലും യോഗ്യനായൊരു ചെറുപ്പക്കാരനോട് അവൾ ചിരിച്ചു സംസാരിക്കുന്നതും അടുത്തിടപെടുന്നതും എന്നെ സംശയത്താൽ നീറ്റി. ഞാൻ മനസ്സുകൊണ്ട് അവളുടെ ജാരനായ് അവനെ ചിത്രീകരിച്ചു… ഒന്നും രണ്ടും പറഞ്ഞ് അടിക്കടി അവളെ കുത്തി നോവിച്ചു..,

അവളൊരിക്കലും എന്നെ വിട്ടെവിടേയും പോകില്ലാന്നും എന്നെ ചതിക്കില്ലാന്നും ഉറപ്പുണ്ടായിട്ടും… എന്നിലെ ഭ്രാന്തൻ അവളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തി.. അതിന്റെ പേരിൽ എന്നും പരസ്പരം വഴക്കിട്ടു.

രണ്ടാം വർഷത്തിന്റെ ഇടയ്ക്ക് പിന്നെയും അവൾ canteen ൽ തലചുറ്റി വീണു. over tension നും, ഉറക്കമില്ലായ്മയും കാരണം Blood Pressure കൂടിയതാണെന്നു കാണിച്ച ഡോക്ടർ അഭിപ്രായപ്പെട്ടു. അതിനു വേണ്ടിയുള്ള മരുന്നും വാങ്ങി അവളെ വീട്ടിലാക്കിയ ശേഷം മടങ്ങി വരുന്ന വഴിയിൽ ഞാൻ ഒരു പാട് കരഞ്ഞു എല്ലാത്തിനും കാരണം ഞാൻ തന്നെയാണെന്ന് സ്വയം പഴിച്ചു.

അവൾക്കു മുന്നിൽ ഉള്ളു തുറന്നു സംസാരിച്ചു കുറേ ഏറെ കരഞ്ഞു തീർത്തപ്പോൾ അവളിലെ ആശ്വാസ വാക്കുകൾ എന്നെ പല സംശയങ്ങളിൽ നിന്നും മുക്തനാക്കി… ഇനി ഒരിക്കലും അവളെ പഴിക്കരുതെന്നു മനസ്സിൽ ഉറപ്പിച്ചു.

പക്ഷേ…….. അതിനു ശേഷം ഒരാഴ്ച അവൾ കോളേജിൽ വന്നില്ല.. വിളിച്ചപ്പോഴൊക്കെ സുഖമില്ല എന്നു പറഞ്ഞൊഴിഞ്ഞു മാറി. അവൾ ഇല്ലാതിരുന്ന ദിവസങ്ങളിൽ ജാരനെന്നു വിശേഷിപ്പിച്ചവന്റെ seatഉം ഒഴിഞ്ഞു കിടന്നിരുന്നു.

അത് എന്നിലെ സംശയരോഗിയെ പിന്നേയും ഉണർത്തി.

അവൾ കോളേജിൽ തിരികെ വന്ന ദിവസം…… ക്ലാസ്സിലെ മറ്റൊരു ആൺ സുഹൃത്തിനോട് ചിരിച്ചു സംസാരിക്കുന്നതു കണ്ടു കൊണ്ട് ചെന്ന ഞാൻ ഒരു ഭ്രാന്തനെപ്പോലെ അവളെ സമീപിച്ചു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും മുൻപ് സ്വബോധം നഷ്ടപ്പെട്ട് സർവ്വ ശക്തിയുമെടുത്ത് അവളുടെ കരണത്ത് ആഞ്ഞടിച്ചു.

അടി കൊണ്ടതും ബോധരഹിതയായി അവൾ നിലത്തു വീണു . സഹപാഠികൾ എല്ലാം ചുറ്റും കൂടി പലരും അവളെ ഉണർത്താൻ ശ്രമിച്ചു. ചിലർ എന്നെ ശകാരിച്ചു. ശെരിക്കും അപ്പോഴാണ് എനിക്ക് ചെയ്തു പോയ തെറ്റ് മനസ്സിലായത്.

പിന്നെ അവിടെ നിൽക്കാൻ കഴിഞ്ഞില്ല. അവൾക്കെന്തു പറ്റി എന്നു കൂടി തിരക്കാതെ ഞാൻ ബൈക്കെടുത്തു പാഞ്ഞു.

പല കുറി വിളിച്ചിട്ടും അവൾ Phone എടുത്തില്ല. വിളിച്ച സുഹൃത്തുളെല്ലാം പഴിച്ചതല്ലാതെ അവൾക്കെങ്ങനെ ഉണ്ട് എന്ന പറയാൻ തയാറായില്ല.

പിന്നെ രണ്ടു ദിവസം ക്ലാസ്സിൽ അവൾ ഉണ്ടായിരുന്നില്ല….. അതുകൊണ്ട് ഞാനും കയറാൻ കൂട്ടാക്കിയില്ല..

മൂന്നാം നാൾ Principal വിളിപ്പിച്ചപ്പോൾ എന്റെ പേരിൽ complaint ചെന്നിട്ടുണ്ടാവും എന്നു കരുതി തന്നെയാണ് office ലേക്ക് ചെന്നത് എന്നാൽ അവിടെ എന്നെ കാത്ത് മറ്റൊരു വ്യക്തിയാണ് ഉണ്ടായിരുന്നത്.

ചിലങ്ക

ഉള്ളിലെ വള്ളിക്കുടിലിൽ പൂവിട്ട ഓർമ്മകൾക്കൊപ്പം പൂട്ടിയിടേണ്ടി വന്നാരു പ്രണയമുണ്ടായിരുന്നൂ………..

ആടിത്തകർത്ത വേദികളിലെല്ലാം എന്റെ ആഗ്രഹങ്ങൾക്കൊപ്പം ചുവടുവെച്ചൊരു പ്രണയം

ഒടുവിൽ എന്തിനെന്നറിയാതെ ഉപേക്ഷിക്കേണ്ടി വന്നൊരു പ്രണയം.

ജീവിതത്തിൽ ഇനിയും അണിഞ്ഞാടുവാൻ വാനോളം കൊതിക്കുന്ന എന്റെ നഷ്ടപ്രണയം.

സസ്നേഹം സ്നേഹ(ഭാഗം.11)

എല്ലാവരും പല വഴിക്കു ചരിഞ്ഞു…. ക്ഷീണമുണ്ടാവും…. പകലിലെ തിമൃപ്പ് ചില്ലറയല്ലായിരുന്നല്ലോ…..

ടി.വി പ്രവർത്തിക്കുന്നുണ്ട് , അതുവരെ കാണാത്ത ഏതോ ഒരു ലാലേട്ടൻ സിനിമ. മോഹൻ ലാൽ ഫാനാണ് താനെങ്കിലും സിനിമയെക്കാൾ മത്തു പിടിപ്പിക്കുന്ന ചിന്തകളുടെ പുറകേ ആയിരുന്നൂ അന്ന്.

അവളോട് മിണ്ടാനും കൂടെ ആയിരിക്കാനും മനസ്സു വാശി പിടിച്ചു കൊണ്ടേ ഇരുന്നു….. ഒടുവിൽ ആ നിർബന്ധം സഹിക്കവയ്യാതെ ഞാൻ എഴുനേറ്റ് മുന്നിലേക്കു ചെന്നു.

“hai Anand”

അത് അനഘയാണ്…

” ടീ അവളെവിടെ?”

തൊട്ടു മുന്നിലെ Seat ൽ എന്നെ പ്രതീക്ഷിച്ചെന്ന വണ്ണം ഒരാൾക്കുള്ള ഇരിപ്പിടം ഒഴിച്ചിട്ട് തനിച്ചിരിക്കുന്ന അഞ്ചുവിനു നേരേ അവൾ വിരൽ ചൂണ്ടി

“ദേ… ഇരിക്കുന്നു”

ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി എന്തോ ചിന്തയിൽ മുഴുകിയിരുന്ന അവളുടെ അരികിൽ ഞാൻ ഇരുപ്പുറപ്പിച്ചു..

“അഞ്ചൂ….. നീ എന്താ ഈ ആലോചിച്ച് കൂട്ടുന്നെ?”

“ഒന്നുമില്ലെടാ….. ഞാൻ വെറുതേ…” പിന്നെയും അവളുടെ കണ്ണുകൾ പുറത്തെ വഴിവിളക്കിലെ അരണ്ട വെളിച്ചം ലക്ഷ്യമാക്കി നീങ്ങി.

“അഞ്ചൂസ്സേ….. എനിക്ക് നിന്നോട് ഒത്തിരീ സംസാരിക്കാനുണ്ട്.. ”

അന്നു നടന്നതും ഒപ്പം എന്നിലെ ചിന്തകളും സംശയങ്ങളും എല്ലാം അവളോട് പറഞ്ഞു തീർത്തപ്പോൾ വല്ലാത്തൊരാശ്വാസം തോന്നി.

അതിനു പുറമേ… അവളുടെ കയ്യോട് കയ്യ് ചേർത്ത ” നിന്റെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഒരിക്കലും ഞാൻ എതിരു നിൽക്കില്ല.., എന്തിനും ഒപ്പമുണ്ടാവും” എന്നു പറഞ്ഞു തീർക്കുമ്പോൾ എന്റെ കണ്ണു കലങ്ങിയിരുന്നു.

നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ കണ്ണുകൾ കവിഞ്ഞൊഴുകി. മറ്റൊന്നും എന്നിൽ നിന്നാഗ്രഹിക്കുന്നില്ല എന്ന അർത്ഥത്തിൽ അവളെന്റെ ചുമലിലേക്ക് തലചായ്ച്ചു.

ഒരായിരം വാക്കുകൾക്കു സമാനമായിരുന്നു അവളിലെ പ്രവർത്തി.

അലസമായ് കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴ തഴുകുമ്പോഴും ഒരിക്കലും അവൾക്കു നൽകിയ വാക്കു തെറ്റിക്കില്ല എന്ന് ഒരു നൂറാവർത്തി മനസ്സിൽ പറഞ്ഞകൊണ്ടിരുന്നു. അത്രകാലം അനുഭവിച്ചിട്ടില്ലാത്തൊരുതരം നിർവൃതിയോടെ ഞാനും സ്വപ്നങ്ങളിലേക്ക് വഴുതി വീണു.

ഇടവേള

പേനത്തുമ്പിലെ അക്ഷര മലരുകൾക്കും,

പെയ്തൊഴിഞ്ഞ ജലകണങ്ങൾക്കും,

ഓർമ്മയിലെ പകലിനും സൂര്യനും,

നേരമോതുന്ന നാഴിക മണിയുടെ നാക്കിനും

ഇനിയൊരു ഇടവേള.