2016ലെ ഡയറിക്കുറിപ്പുകൾ അവസാനിക്കുമ്പോൾ ഡോക്ടറുടെ മുഖത്ത് നിരാശ മാത്രമായിരുന്നു.
ദിയ എങ്ങനെ ഈ ഒരവസ്ഥയിൽ എത്തി എന്നത് വ്യക്തമല്ലെങ്കിലും. ദിയക്കു മുന്നേ ചികിത്സ വേണ്ടത് ശ്രീയിലെ സംശയരോഗത്തിനാണെന്നത് അവർക്ക് ബോധ്യമായി.
“എന്ത് നീചമായാണ് പലപ്പോഴും അവനവളോട് പെരുമാറുന്നത്. ഇത്രയൊക്കെ സഹിച്ചിട്ടും എങ്ങനാ ആ കുട്ടിക്ക് ഇവനെ പിന്നെയും സ്നേഹിക്കാൻ കഴിയുന്നേ…..”
സ്നേഹത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ച് താൻ വായിച്ച പല പുസ്തകങ്ങളിലേയും വാചകങ്ങൾ ഡോക്ടറുടെ മനസ്സിലൂടെ കടന്നുപോയി…..
ടേബിളിനു പുറത്തിരുന്ന തന്റെ ഫാമിലി ഫോട്ടോയിലേക്ക് അൽപ നേരം നോക്കിയിരുന്ന ശേഷം അവർ ദീർഘമായി നിശ്വസിച്ചു.
“അതെ ചിലപ്പോഴൊക്കെ പ്രണയം ഇങ്ങനെയുമാവാം…… ഏതു തൂലികയാലാണിവയൊക്കെ പകർത്തിയെഴുതാൻ കഴിയുക. അക്ഷരങ്ങൾക്കും അനുഭവങ്ങൾക്കും പുറമെ സ്വയമെന്തെന്നറിയാതെ വിധിക്കു പിന്നാലെ നെട്ടോട്ടമോടുകയല്ലേ ജീവിതം.”
സൂസൻ തന്റെ കണ്ണുകൾ മുറുക്കിയടച്ചു. അവരുടെ കണ്ണടക്കിടയിലൂടെ ഒരിറ്റു കണ്ണുനീർ അനുസരണയില്ലാതെ താഴേക്കു ചാടി. കഴിഞ്ഞു പോയ കാലത്തിന്റെ എരിയുന്ന കനലോർമ്മയിൽ ഡോക്ടർ സ്വയം പുകഞ്ഞു.
“ഞാൻ ചെയ്തതു തെറ്റല്ലെങ്കിൽ….. ദിയക്കെങ്ങനെ തെറ്റുപറ്റാനാണ്. ഈ വയറ്റിൽ പിറന്നതല്ലെങ്കിലും അവളെന്നോടിത്ര കണ്ട് ചേർന്നു നിൽക്കാൻ പ്രണയമെന്ന ഒറ്റപ്പദത്തിനു പുറമെ ഞാൻ തുഴഞ്ഞടുത്തൊരു ജീവിത നൗകയില്ലേ…. അതാവാം കാരണം.”
“ദൈവമേ…… ഇനിയും മറ്റൊരു സൂസൻ ഈ ഭൂമിയിൽ പിറക്കാതിരിക്കട്ടെ . ”
ദിയയിൽ നിന്നും തന്റെ മനസ്സ് അസ്വസ്ഥമായ മറ്റെന്തിലേക്കോ കടക്കാൻ ഒരുങ്ങുന്നത് ഡോക്ടർ മനസ്സിലാക്കിയതിനാലാവണം അവർ അവിടെ നിന്നും എഴുന്നേറ്റ് ടേബിൾ ലാബ് ഓഫ് ചെയ്ത് മുറിയിലേക്ക് നടന്നത്.
കട്ടിലിൽ ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പകലിലെ ക്ഷീണം തന്നെ പുൽകാത്തതിൽ ഡോക്ടർക്ക് തെല്ലും ആശങ്ക തോന്നിയില്ല.
” ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ മുന്നിൽ തെളിയുമ്പോൾ എങ്ങനെയാണ് ഈ കണ്ണുകൾക്ക് മയക്കം തേടിപ്പോകാനാവുക.”
അല്പ നേരം ജേർജിനെ നോക്കി കിടന്നു. എന്തിനെല്ലാമോ മനസ്സുകൊണ്ട് അദ്ധേഹത്തോട് ക്ഷമയാചിച്ചു. ദാനം നൽകിയ സന്തോഷങ്ങൾക്കും… പുതിയ ജീവിതത്തിനും നന്ദി പറഞ്ഞു. ശേഷം സൂസൻ കട്ടിലിൽ നിന്നെഴുന്നേറ്റ് ബാൽക്കണി ലക്ഷ്യമാക്കി നടന്നു. ആ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ തന്റെ ഫ്ലാറ്റിൽ നിന്നും ഡോക്ടർ താഴേക്ക് നോട്ടമെറിഞ്ഞു. പുറത്തെ വഴി വിളക്കുകൾ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. ഇടക്കിടെ കടന്നുപോകുന്ന വലിയ ചരക്കുലോറികൾ….
**************************************
പുലരാൻ നേരമിനിയും ബാക്കിയാണ്…
ദിയയുടെ കണ്ണുകൾക്ക് താൻ കഴിച്ച മരുന്നുകളിലെ മയക്കം പിടിച്ചു കെട്ടാൻ കഴിഞ്ഞിരുന്നില്ല….
ജനാലയിലൂടെ പുറത്തെ നിലാവിൽ തിളങ്ങുന്ന പൂന്തോട്ടത്തിലേക്ക് കണ്ണും നട്ട് ദിയക്കരികിലായ് അജു ഇരിപ്പുണ്ട്.
ഇടയ്ക്കിടയ്ക്ക് അടുത്തുള്ള ഫോണെടുത്ത് സമയം നോക്കുന്നു. രാവു പുലരാൻ അക്ഷമയോടെ കാത്തിരിക്കുന്നതിനാലാവാം അവനു മുന്നിൽ സമയം ഒച്ച് വേഗത്തിൽ ഇഴയുന്നത്.
അടുത്ത് ദിയയുടെ ഞരക്കം കേട്ടാണ് അജു ചിന്തകളിൽ നിന്നുണർന്നത്…
“അജൂ…”
“ദിയാ… എന്തുപറ്റിയെടോ ? ഉറങ്ങിയില്ലേ നീയ് ?
” തല വല്ലാതെ വേദനിക്കുന്നു അജൂ ”
” ആഹ് ഉറക്കം ശെരിയാവാഞ്ഞിട്ടാണ്…
നീ ഉറങ്ങിക്കോ…. ഞാൻ ബാം പുരട്ടിത്തരാം.”
അജു അടുത്ത ടേബിളിലേക്ക് നടന്ന് ബാം തിരയുമ്പോൾ ദിയ കട്ടിലിൽ എഴുന്നേറ്റിരുന്നു.
“ഇല്ല മൂപ്പെ …. എനിക്ക് സഹിക്കാൻ പറ്റണില്ല… തല പൊട്ടിപ്പൊളിയും പോലുണ്ട്.
”
ഇരു കൈകളാലും ദിയ തന്റെ മുടി വരിഞ്ഞു മുറുക്കി.
” നിക്കെടാ…. ഞാൻ സിസ്റ്ററെ വിളിക്കാം. ”
അജു അടുത്ത മുറിയിലേക്ക് ചെല്ലുമ്പോൾ മേഘ പുസ്തക വായനയിലായിരുന്നു. അജുവിനെ കണ്ടതും മേഘ കാര്യം തിരക്കി.
“എന്തുപറ്റി?”
“സിസ്റ്റർ ദിയക്ക് വല്ലാത്ത തല വേദന ഒന്നു റൂമിലേക്ക് വരാവോ ?”
അടുത്തിരുന്ന മരുന്നും സിറിഞ്ചും എടുത്തു കൊണ്ട് അജുവിനൊപ്പം മേഘ ദിയക്കരികിലേക്ക് നടന്നു.
“ദിയാ…. എന്തു പറ്റിയെടോ ?”
” സിസ്റ്ററെ , ഇന്നലത്തേതു പോലെ പിന്നെയും…. എനിക്ക് സഹിക്കാൻ കഴിയണില്ല . ”
ദിയ മേഘക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.
“ഏയ് ഒന്നും ഇല്ലാട്ടോ താൻ കിടക്ക് ഞാൻ വേദനയ്ക്കുള്ള ഒരു ഇൻജക്ഷൻ തരാം.”
ഇൻജക്ഷൻ എടുത്ത ശേഷം ദിയയുടെ കിടക്കയ്ക്ക് അരക്കിലായി മേഘയിരുന്നു. അവളുടെ നെറുകിൽ തലോടി…. പതിയെ ദിയ മയക്കത്തിലേക്കാഴ്ന്നു.
“സിസ്റ്റർ ”
മേഘ മെല്ലെ തിരിഞ്ഞു. അജുവാണ്.
“എന്തു പറ്റി സിസ്റ്റർ ദിയക്ക് ?”
” ഏയ് പേടിക്കാൻ ഒന്നും ഇല്ല… ഇപ്പൊ കുറച്ചായി ദിയ്ക്ക് രാത്രിയിൽ വന്നു പോകാറുണ്ട് ഈ തലവേദന. കഴിക്കുന്ന മരുന്നിന്റെയൊക്കെ സൈഡ് എഫക്ട് ആവും. മരുന്നിനൊപ്പം ഭക്ഷണവും, ഉറക്കവും ശെരിയായി പോകുമ്പോൾ ഇതു മാറും എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ”
” മ് ”
അജുവിന്റെ മുഖം മ്ലാനമായിരുന്നു.
“താനാണോ ദിയയുടെ മൂപ്പെ ? ”
“മ്.. അതെ..”
“ആഹ് താൻ കിടന്നോളൂ…. ഇനി നാലഞ്ച് മണിക്കൂറെങ്കിലും കഴിയും ദിയ ഉണരാൻ.. രണ്ടരയ്ക്ക് ഒരു ഡോസു കൂടി എടുക്കണം. ഞാൻ അപ്പൊ വരാം.. അതിനു മുന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ”
മേഘ മരുന്നു കുപ്പിയും സിറിഞ്ചുമായ് എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് ഇറങ്ങി.
“സിസ്റ്റർ ”
അജു അവളുടെ പിന്നാലെ ചെന്നു.
“എന്താ ?”
“സിസ്റ്റർ എന്നോട് ക്ഷമിക്കണം. ഇന്നലെ ഞാൻ മറ്റെന്തോ ദേഷ്യത്തിന്റെപ്പുറത്ത് അത്തരത്തിൽ പെരുമാറിയതാണ്. ”
” ഏയ്…. അതിന് താനല്ല ഞാനാ ക്ഷമ ചോദിക്കേണ്ടുന്നത്. എന്റെ ഭാഗത്തു നിന്നും ഇന്നലെ അത്ര നല്ല പ്രതികരണമല്ല ഉണ്ടായതെന്ന് എനിക്ക് അറിയാം.
ഐ ആം റിയലി സോറി അജു……
ഓഹ് അങ്ങനെ വിളിക്കാവോ ?”
“ഉവ്വ് ,തീർച്ചയായും.”
അജു ചിരിച്ചു. ഒപ്പം മേഘയും.
“ഇന്നലെ വീട്ടിലെ കുറച്ചു കാര്യങ്ങളിൽ കുറച്ചേറെ ബോദേർഡ് ആയിരുന്നു. അതാ…..”
“ഏയ് അത് സാരമില്ലെടോ…. തനിക്കിപ്പോഴും എന്നോട് ദേഷ്യമാവും എന്നു കരുതിയാണ് ഞാൻ സംസാരിക്കാൻ വന്നത്. ”
“അയ്യോ… ഇപ്പോഴെന്നല്ല…. അപ്പോഴും എനിക്ക് തന്റെ മേൽ യാതൊരു വിധ ദേഷ്യമോ വിദ്വേഷമോ തോന്നിയിരുന്നില്ല. ”
“എനിക്കും അതെ…:”
“ആഹ് ഇപ്പൊ ഏതായാലും തെറ്റിധാരണകളൊക്കെ മാറിയല്ലോ?”
” മാറി ”
“എന്നാൽ ഞാൻ ചെല്ലട്ടേ….. ഫ്രാൻസിസ് അങ്കിളിന് അടുത്ത ഇൻജക്ഷനുള്ള സമയമായി…”
മേഘ തിരിഞ്ഞു നടന്നു നീങ്ങുമ്പോൾ… അജു വാതിൽപ്പടിയിൽ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു.
“ആഹ്… അപ്പൊ ആളൊരു പൂച്ചക്കുട്ടി തന്നെയാണ്. അല്ല പെൺകുട്ടികൾ ഇടയ്ക്ക് പുലിക്കുട്ടി ആകേണ്ടതും ആവശ്യമാണല്ലോ…”
സ്വയം പലതും പിറുപിറുത്ത് അജു ദിയയുടെ കട്ടിലിനരികിലായ് കിടന്നിരുന്ന ചെറിയൊരു ബെഞ്ചിൽ തലചായ്ച്ചു. ദിയ ശാന്തമായ് ഉറങ്ങുകയാണ്. അജുവും പതിയെ ഉറക്കത്തിന്റെ ലാസ്യത്തിലേക്ക് വഴുതി വീണു.
✍️തുടരും.
അഞ്ജന.🙂