ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 7)

അവളിലെ വിഷമം എന്റെ കൈകളെ വരിഞ്ഞു മുറുക്കി . ആ നിറഞ്ഞൊഴുകിയ കണ്ണീർ കണങ്ങൾക്ക് ഇനിയുമെന്തെല്ലാമോ പറയുവാൻ ബാക്കി നിൽക്കുന്നതായ് തോന്നി. അവളെ ആശ്വസിപ്പിക്കാൻ എന്റെ പക്കൽ വാക്കുകൾക്ക് ഏറെ ദാരിദ്ര്യം അനുഭവപ്പെട്ടു.
” ദിയ , പോട്ടേടോ….. താൻ വിഷമിക്കണ്ട, ശ്രീയെ തെറ്റുപറയാൻ കഴിയില്ല. പുറത്തു നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ നമ്മുടെ സൗഹൃദം അരുതാത്ത ബന്ധമായി തോന്നിയെന്നു വരാം. എന്നെ നിനക്കും നിന്നെ എനിക്കും അറിയുന്ന പോലെ മറ്റാർക്കാ മനസ്സിലാക്കാൻ കഴിയുന്നത്? “

” ഇത് ആദ്യമല്ല .. അജൂ….. നീ ആദ്യത്തെ വ്യക്തിയുമല്ല… അവനിങ്ങനെ അല്ലാർന്നുല്ലോ……. എന്താ ഇങ്ങനെയെന്ന് എത്ര ഓർത്തിട്ടും മനസ്സിലാകുന്നില്ല. “

അവളുടെ പ്രശ്നങ്ങൾക്ക് കാതു കൊടുക്കാനല്ലാതെ പരിഹാരം പറയാൻ എനിക്കായില്ല. പ്രായത്തിന്റെ പക്വതയില്ലായ്മയാവാം അവനിൽ ഇത്തരം ചിന്തകളുണർത്തുന്നതെന്നു തോന്നി…. പല കുറി ഇതേപ്പറ്റി സംസാരിക്കണമെന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല.

ദിനങ്ങൾ പിന്നിടും തോറും ദിയയിൽ നിന്നും ഒരുപാട് അകലം വന്ന പോലെ അനുഭവപ്പെട്ടു. അവളെ കേൾക്കാനോ കാണാനോ അടുത്ത് ഇടപഴകുവാനും ഞാൻ ഭയപ്പെട്ടിരുന്നു.

ഇനിയും അവർകിടയിൽ ഞാനൊരു പശ്നമാകരുത് എന്ന തോന്നലാകാം ഒരു പക്ഷേ എന്നിൽ മാറ്റം സൃഷ്ടിച്ചത്.

അമ്മേടയും ദിയയുടേയും അനുവാദമില്ലാതെ ആദ്യമായ് ഞാനെടുത്തൊരു തീരുമാനമായിരുന്നു ഡിഗ്രിക്ക് ശേഷം ഉപരിപഠനത്തിന് എന്നെ ലണ്ടനിലേക്ക് നയിച്ചത്. രണ്ടു  വർഷത്തെ പഠനത്തിനു ശേഷം ജോലിയും അവിടെ തന്നെ തരമായപ്പോൾ അടിക്കടിയുള്ള വന്നു പോക്ക് ഒഴിവാക്കാൻ അമ്മയേയും ഞാൻ ഒപ്പം കൂട്ടി. 

വീടും , അച്ഛനുറങ്ങുന്ന മണ്ണും വിട്ട് മാറി നിൽക്കാൻ അമ്മയ്ക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. അതിലുപരി ഞാൻ നാട്ടിലില്ലാതിരുന്നപ്പോൾ എപ്പോഴും അമ്മയ്ക്ക് കൂട്ടായിരുന്ന ദിയയെ പിരിഞ്ഞിരിക്കാൻ അമ്മ നന്നേ വിഷമിച്ചു.

അന്ന് അമ്മയെ കൂട്ടാൻ മൂന്നു ദിവസത്തെ ലീവിന് നാട്ടിൽ എത്തിയിരുന്നു ഞാൻ.
 
ദിയയെ കണ്ട് യാത്ര പറയാൻ അമ്മേം കൂട്ടി അവൾടെ വീട്ടിലേക്ക് നടക്കുമ്പോൾ അമ്മ കാര്യം തിരക്കി.

” അജൂ…. നിനക്കും ദിയക്കും ഇടയ്ക്ക് എന്തേലും പ്രശ്നം ഉണ്ടോ ? നീ അവളെ വിളിക്കാറില്ല മിണ്ടാറില്ല എന്തുപറ്റി രണ്ടാൾക്കും ? അവളോട് ചോദിച്ചപ്പോൾ നീയാ ഒഴിഞ്ഞു മാറുന്നേന്ന് പറഞ്ഞു. എന്താ പറ്റിയെ നിനക്ക്?”

അമ്മയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരഞ്ഞു ഞാൻ രണ്ടു മൂന്നു വർഷം പിന്നിലേക്ക് പോയി… അപ്പൊഴും അറിയില്ലാന്നു തന്നെ വായ മൊഴിഞ്ഞുള്ളൂ.

ശെരിക്കു പറഞ്ഞാൽ എന്തിന് എന്നൊരു ചിന്ത എന്നിലും ഉടലെടുത്തിരുന്നു.. പക്ഷേ കാലം കഴിയും തോറും കൂടിവന്ന തെറ്റിദ്ധാരണകളൊ , തുറന്നു സംസാരിക്കാൻ മടി വിചാരിച്ചതൊ അറിയില്ല. ഞാൻ അതിനോടകം അവളിൽ നിന്നേറെ അകന്നു.

ദിയയുടെ വീട്ടു പടിക്കലെ കാളിംഗ് ബെല്ലിന്റെ ഒച്ച എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

അമ്മ പടികയറി ഉമ്മത്തേയ്ക്ക് നടന്നപ്പോഴേക്കും ദിയയുടെ അമ്മ വന്നു വാതിൽ തുറന്നു.

” അജൂ…… നീയെന്നാ വന്നേ ? ദിയ പറഞ്ഞു കേട്ടില്ലല്ലോ നീ വരുന്ന കാര്യം. “

“ഇല്ല ദിയാമ്മേ ഞാൻ ദിയക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി പറയാതെയാണ് പോന്നത്. “

” ആഹാ കയറി വാ രണ്ടാളും അകത്തേയ്ക്കിരിക്കാം. “

അകത്തേയ്ക്ക് കടന്നതും അമ്മ ദിയയെ തിരക്കി.

“ദിയ മോളെവിടെ? “

“മുകളിലുണ്ട് ക്ലാസ്സ് കഴിഞ്ഞു വന്നതേ കയറിയതാണ്, ഉച്ചയൂണു പോലും വേണ്ടാ പറഞ്ഞ് ഒറ്റയിരുപ്പാ……”

” അതെയോ…. അജൂ… നീ പോയി ദിയയെ കൂട്ടീട്ട് വാ”

എന്നെ ദിയക്കരികിലേക്ക് അയച്ച്,   എന്റെ വരവിന്റെ ഉദ്ദേശത്തെ പറ്റി അവതരിപ്പിച്ചു കൊണ്ട് ദിയാമ്മയോടൊപ്പം അമ്മ അടുക്കളയിലേക്ക് നടന്നു.

മുകളിലേയ്ക്ക് കയറുമ്പോൾ അവളൾക്കെങ്ങനെ മുഖം കൊടുക്കുമെന്ന ചിന്ത എന്റെ കാലുകളെ പുറകിലേക്ക് വലിച്ചു.

ഡോറിൽ മുട്ടിയതും അകത്തു നിന്നും ശബ്ദമുയർന്നു.

” ലോക്ക്ടല്ല കയറി വന്നോളൂ…”

മനസ്സിനെ നല്ല പോലെ പാകപ്പെടുത്തി ഞാൻ ഡോറ് തള്ളി തുറന്നു.

കട്ടിലിലും, പരിസരത്തും കണ്ണോടിച്ചു. കണ്ടില്ല.

മുന്നിലേക്ക് നടന്നതും മുറിയാകെ എഴുതിയെറിഞ്ഞ കടലാസ്സു കഷ്ണങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

ബാൽക്കണിയിലേക്കുള്ള കതക് തുറന്നു കിടപ്പുണ്ട്.

വർഷങ്ങൾക്ക് ശേഷം വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾക്കും , കടലാസ്സുകൾക്കും നടുവിൽ അഴിഞ്ഞു വീണ കേശഭാരവുമായ് ഞാനവളെ കണ്ടു.

അപ്പോഴും ഭ്രാന്തമായ് അവളിലെ പേന ചലിക്കുന്നുണ്ടായിരുന്നു.

തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 6)

അവിടുന്നങ്ങോട്ട് അവരുടെ ദിനങ്ങളായിരുന്നു. ദിയ ഒത്തിരീ സന്തോഷവതിയായിരുന്നു. ഞാനും .

ശ്രീ അവൾക്ക് തീർത്തും നല്ലൊരു ജീവിത പങ്കാളിയാവുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. അവൻ ഞങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്ന താവും ശെരി.

ഒരേ കോളേജിൽ ഒന്നിച്ചു പഠിക്കാനും അവസരം കിട്ടിയപ്പോൾ പിന്നങ്ങോട്ട് ദിയ പരമേശ്വറും, അജിത്ത് ശങ്കറും, ശ്രീറാം ചന്ദ്രനും ചേർന്ന് സൗഹൃദമെന്ന പദത്തിനെ ദിവ്യമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു.. ചുറ്റും സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. ആഗ്രഹിക്കുന്നതെല്ലാം കൈ വന്ന പോലൊരു ജീവിതം. സന്തോഷത്തിന്റെ കൊടുമുടിയോളം കയ്യെത്തി നിൽക്കുന്ന ആ സമയം.

ഒരിക്കൽ ക്യാമ്പസ്സ് വളപ്പിലെ ഒരു മരത്തണലിൽ തനിച്ചിരിക്കുന്ന ദിയയെ കണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

” എന്താണു മാഡം തനിച്ചിരിക്കുന്നത് ? എവിടെ നിന്റെ കാമുകൻ?”

മ്ലാനമായൊരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി.

“എന്തുപറ്റി ദിയ? എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ?”

“ഏയ്…… ഒന്നൂല്ലെടാ….
ഇന്നത്തെ ദിവസം നിനക്ക് ഓർമ്മയുണ്ടോ ?”

“ഇന്നെന്താ പ്രത്യേകത? ”

സംശയ ഭാവത്തിൽ ഞാനവളെ നോക്കി അപ്പോഴും അവൾ മറ്റെന്തോ ചിന്തയിലായിരുന്നു. പിന്നെ തുടർന്നു.

” ഓ ഇന്നാണോ June 6? പതിനാറു വർഷം മുൻപ് ഇതേ ദിവസമല്ലാർന്നോ ഇടം കയ്യിലൊരു മഞ്ചു മിഠായി എന്റെ നേർക്ക് നീണ്ടത് ?”

എനിക്കൊപ്പം ദിയയും ചിരിച്ചു. പക്ഷേ അവളുടെ ചിരിയിൽ വിഷാദം നിഴലിച്ചു. കാര്യമെന്താണെന്ന് എത്ര തിരക്കിയിട്ടും അവളിൽ ഉത്തരമില്ലായിരുന്നു.

“ദിയാ ബാ നമ്മുക്ക് celebrate ചെയ്യാം. അവനെവിടെ ശ്രീ?”

അറിയില്ല എന്ന ഭാവത്തിൽ അവൾ തലയാട്ടി…

“വായോ അന്വേഷിക്കാം ” . ഞാൻ ഏറെ നിർബന്ധിച്ച് അവളെയും കൂടെ കൂട്ടി ശ്രീയെ തിരഞ്ഞിറങ്ങി.

അടിക്കടി അവൻ പോയിരിക്കാറുള്ള പല സ്ഥലങ്ങളിലും ഞങ്ങൾ അവനെ തിരഞ്ഞു കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

ശ്രീയെ കണ്ടില്ല എന്നതിൽ ദിയയുടെ മുഖത്ത് തെല്ലും വേവലാതിയോ വിഷമമോ ഉള്ളതായി തോന്നിയില്ല.

“ദിയാ…. അവൻ നിന്നോട് വഴക്കിട്ടാണോ പോയെ ? എന്താ കാര്യം?”

“അല്ലെടാ…. എനിക്ക് അറിയില്ല.”

“ആഹ് അതവിടെയിരിക്കട്ടെ…. നീ വാ നമുക്ക് ഗ്രൗണ്ടിലൂടെ നോക്കാം ”

ഇരുവരും ഗ്രൗണ്ടിലേക്ക് നടന്നു.

അവിടെ ഗ്രൗണ്ടിൽ നിന്നു മാറി മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു തിരക്കൊഴിഞ്ഞ സ്ഥലത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ശ്രീ. ദിയ അവന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കാത്ത കാരണത്താൽ, അവളെ ഗ്രൗണ്ടിൽ മറ്റൊരിടത്ത് മാറ്റി നിർത്തീട്ട് ഞാൻ ശ്രീക്ക് അടുക്കലേക്ക് നടന്നു.

“ശ്രീ ”
അവൻ തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണുകൾ കലങ്ങിയിരുന്നു.

“എന്താടാ എന്താ ഇണ്ടായേ? കരയുവാണോ നീയ്? എന്തിനാ?”

“ഒന്നുമില്ല “.

“എന്നോട് എന്തിനാടാ ഒളിക്കണ? അവളും ആകെ സങ്കടത്തിലാണല്ലോ എന്താ പറ്റിയെ രണ്ടിനും ? വഴക്കിട്ടോ പിന്നെയും ?”

“നീ ചോദിച്ചില്ലേ അവളോട് ?”

“ചോദിച്ചു., മൗനമല്ലാതൊന്നും മറുപടി കിട്ടിയില്ല. ”

” അതെന്തു പറ്റി ? നീയല്ലേ അവൾക്കേറെ പ്രിയപ്പെട്ടവൻ എന്നിട്ടു നിന്നോടവൾ ഒന്നും പറഞ്ഞില്ലെ ?”

അവന്റെ മുഖത്ത് ഒരു പരിഹാസം ഉയർന്നു.

“എന്താടാ , എന്താ നിങ്ങൾക്കിടയിലെ പ്രശ്നം?”

എന്നാൽ ആ നേരത്തെ അവന്റെ പ്രതികരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“നീ…, നീ മാത്രമാണ് ഞങ്ങൾക്കിടയിലെ പ്രശ്നം. ”

അവന്റെ ഒച്ച ഉയർന്നു.

” ഞാനോ ? ഞാൻ എന്തു ചെയ്തിട്ടാടാ ?”

ഏറെ നേരം ഞാനവന്റെ മുഖത്തു നോക്കി നിന്നു. ദേഷ്യമാണോ , പകയാണോ , സൗഹൃദമാണോ ആ കണ്ണുകളിൽ നിഴലിച്ചതെന്ന് മനസ്സിലാക്കാൻ എനിക്കായില്ല.

“ശ്രീ… ഞാൻ എന്താ നിങ്ങൾക്ക് ചെയ്തു തരേണ്ടേ ?”

എന്നിലെ സ്വരമിടറുന്നുണ്ടായിരുന്നു.

” ഒന്നു പോയിത്തരാമോ ഉപദ്രവിക്കാണ്ട് ”

എനിക്ക് ചലിക്കാനായില്ല.. അന്ന് ആദ്യമായിട്ടാണ് ശ്രീ എന്നോടത്രയും മോശമായി സംസാരിക്കുന്നത് .

എന്റെ കണ്ണുകൾ കവിയാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു.

ഗ്രൗണ്ടിൽ ഒരു കോണിലായി ദിയ ഞങ്ങളെ പ്രതീക്ഷിച്ചെന്നോണം നിൽപ്പുണ്ടായിരുന്നു. അവൾക്ക് മുഖം കൊടുക്കാൻ അന്നാദ്യമായ് എനിക്ക് മടി തോന്നി.

വൈകുന്നേരം വീട്ടിലേക്ക് പോകാൻ ഏറെ നേരം അവൾ കോളേജ് ഗേറ്റിനു മുന്നിലും, ബസ്റ്റോപ്പിലും എന്നെ കാത്തു നിന്നിട്ടുണ്ടാവണം. അപ്പോഴെല്ലാം എന്റെ ഫോണിൽ അവളുടെ കോളുകൾ വന്നു പോയി.

വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ പതിവിലും നേരം വൈകിയിരുന്നു. എന്നെ കണ്ട പാടെ അമ്മ ചോദ്യമുന്നയിച്ചു.

“നീ ഇന്ന് എവിടാർന്നു ? ദിയമോളു വിളിച്ചല്ലോ നിന്നെ കണ്ടില്ലാ പറഞ്ഞ് .”

“ഞാനൊരു ഫ്രണ്ടിന്റെ ഒപ്പം പോയതാ . ”

” എവിടേക്കാണേലും നിനക്കവളോട് ഒരു വാക്കു പറഞ്ഞൂടെ… അതിന്ന് എത്രനേരം നിന്നെ കാത്തു നിന്നു .”

“അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല അമ്മേ…”

“ആഹ് നീ എത്തുമ്പോ ഒന്നു വിളിക്കാൻ പറയാൻ പറഞ്ഞു. നീ അവളെ വിളിച്ച് പറയ് ഇങ്ങെത്തീന്ന്.”

“അമ്മ വിളിച്ചു പറഞ്ഞാ മതി… ഞാനൊന്നു കുളിക്കട്ടെ നല്ല തലവേദന. ”

മുറിയിൽ കയറി കതകടയ്ക്കുമ്പോൾ എന്നിലെ മാറ്റം അമ്മയ്ക്ക് മനസ്സിലാവരുതേ എന്ന പാർത്ഥനയായിരുന്നു മനസ്സിൽ.

“അജൂ ………..”

പുറത്തമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.

“കുളിക്കാൻ പോയിട്ടിത് എത്ര നേരായി ? ചായ കാലമായി വേഗം വരൂ . ”

നനഞ്ഞ മുടിയിഴ വകഞ്ഞൊതുക്കി ഞാൻ ചൂടു പാറുന്ന ചായക്ക് മുന്നിലിരുന്നു.

“നീ എന്താ ഈ തല നേരേ തുവർത്താത്തെ? കാള പോലെ വളർന്നു ഇനി ഇതൊക്കെ എന്നാ ശെരിക്ക് ചെയ്യാൻ പടിക്കണെ?”

എന്റെ തല തുടച്ചു കൊണ്ട് അമ്മ പിന്നെയും എന്തെല്ലാമോ പിറുപിറുത്തു.

“അജൂ….. നീയിത് എന്ത് ഓർത്തിരിക്കുവാ ? തണുത്തു പോകാതെ ചായ കുടിച്ച് വേഗം വാകച്ചോട്ടിലേക്ക് ചെല്ലൂ…… ദിയ അവിടെ നിൽപ്പുണ്ട് എന്ന് പറഞ്ഞു. ”

അന്നേരമാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.

“ദിയയോ ?”

“അതെ ഏറെ നേരമായി അവൾ വിളിച്ചിട്ട്. വേഗമാകട്ടെ ”

അമ്മ അടുക്കളയിലേക്ക് തിരിഞ്ഞു.

എങ്ങനെ ഞാനവൾക്ക് മുഖം കൊടുക്കും? എന്തു പറയും അവളോട് ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്ക് എന്റെ മനസ്സ് നെട്ടോട്ടമോടി.

ഷർട്ട് ഇട്ട് പുറത്തേക്കിറങ്ങി അമ്പലപ്പറമ്പിലെ വാക ലക്ഷ്യമാക്കി നടന്നു.

വാകച്ചോട്ടിലെ ബഞ്ചിൽ അവൾ എനിക്കായെന്നോണം കാത്തിരിക്കുന്നുണ്ട്.

അപ്പോഴും എന്റെ
പോക്കറ്റിൽ അന്ന് അവൾക്കായ് കരുതിയ മിഠായി ഭദ്രമായിരുന്നു.
ചെറു ചിരിയോടെ ഞാനവൾടെ അടുത്തേക്ക് ചെന്നു ബെഞ്ചിൽ ഇരുന്നു.

മിഠായി നീട്ടി.

“ദിയ……”

ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“മൂപ്പെ…. l am sorry.”

അവളിലെ വിഷമം എന്റെ കൈകളെ വരിഞ്ഞു മുറുക്കി .

– തുടരും.
✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 5)

ആ കാലയളവിൽ അവളുടെ ഏതു കാര്യങ്ങൾക്കും ഓടിയെത്താറുണ്ടായിരുന്ന അച്ഛന്റെ കുറവു നികത്തിയെടുക്കാൻ അവൾക്ക് നന്നേ പണിപ്പെടേണ്ടി വന്നിരുന്നു.

അവളുടെ പഠനം, ഡാൻസ്സ് ക്ലാസ്സ്, സ്കൂൾ കലോത്സവം, പി.ടി.എ മീറ്റിംഗ്, മുതലായ കാര്യങ്ങളിൽ അനിയനുള്ള കാരണത്താൽ അമ്മയ്ക്കും അധികം ശ്രദ്ധ ചിലത്താൻ കഴിഞ്ഞില്ല.

അന്നൊക്കെ എന്റെ അമ്മയായിരുന്നു എന്റെ കാര്യങ്ങളോടൊപ്പം അവളുടെ പല കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്. അമ്മയ്ക് അവൾ സ്വന്തം മകൾ തന്നെയായിരുന്നു.

അഞ്ചാം ക്ലാസ്സു കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ നിന്നും ഇടറോഡ്‌ വഴി മൂന്നു മിനുട്ട് നടക്കാവുന്ന ദൂരമേ ഉള്ളൂ അവളുടെ വീട്ടിലേക്ക് എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു. പിന്നെ വൈകുന്നേരങ്ങളിലെയും, അവധി ദിവസങ്ങളിലേയും ഒക്കെ അമ്പലപ്പറമ്പിലെ കളിയും, നോട്ടെഴുത്തും പഠനവുമെല്ലാം ഞങ്ങൾ ഒന്നിച്ചാക്കി.

ഒരു പക്ഷേ പെട്ടെന്ന് അച്ഛനിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നതിനാലാവും അവളെന്നോട് കൂടുതൽ അടുത്തത്.

കളിയും ചിരിയും തമാശകളുമായ് അങ്ങനെ തടസ്സങ്ങളില്ലാതെ ഒഴുകിക്കോണ്ടേ ഇരുന്നു ഞങ്ങളുടെ ജീവിതം.

രചനാ മത്സരങ്ങളും നൃത്തവുമൊക്കെയായി കലോത്സവ വേദികളിൽ എല്ലാം തന്നെ അവൾ തിളങ്ങി നിന്നു. അന്നൊക്കെ അവൾക്കും അമ്മയ്ക്കും ഒപ്പം ഒരു സഹായിയായി, കാഴ്ചക്കാരനായി ഞാനും കൂടും.

പത്താം ക്ലാസ്സ് പരീക്ഷ വളരെ നല്ല രീതിയിൽ പൂർത്തിയാക്കി റിസൾട്ടും കാത്തിരിക്കുമ്പോഴാണ് എന്റെ അച്ഛൻറെ മരണം. സൈലന്റ് അറ്റാക്കായിരുന്നു, ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ഹോസ്പിറ്റലിൽ എത്തും മുൻപേ അച്ഛൻ പോയിരുന്നു.

എന്നെക്കാളേറെ ആ സംഭവം അലട്ടിയത് ദിയയെയാണ്. നേരത്തിന് ഊണില്ലാതെ ഉറക്കമില്ലാതെ മാസങ്ങളോളം അവൾ മൗനം പാലിച്ചു. അന്ന് ഇടയ്ക്ക് പരമേശ്വർ അങ്കിൾ ലീവിനു വന്നു പോയ ശേഷമാണ് അവൾ പതിയെ പതിയെ പഴയ കളിയും ചിരിയും വീണ്ടെടുത്തത്.

അവിടുന്നങ്ങോട്ട് എന്റെ അച്ഛനു പകരം ശകാരോം ഉപദേശോം എല്ലാം അവൾടെ വകയായിരുന്നു.

അടുത്തൊരു കടയിൽ അമ്മയ്ക്ക് ഒരു ജോലി ഏർപ്പാടാക്കിയത് പരമേശ്വർ അങ്കിളാണ്. അടിക്കടി പണമായും സേവനമായും ഒക്കെ അവളും കുടുംബവും ഞങ്ങളെ ഏറെ സഹായിച്ചിരുന്നു.

+1 വിദ്യാഭ്യാസത്തിനു വേണ്ടി രണ്ടു പേർക്കും രണ്ടു സ്കൂളിലാണ് അഡ്മിഷൻ ലഭിച്ചത്. . സ്കൂളും ക്ലാസ്സും ഒക്കെ മാറിയെങ്കിലും ഞങ്ങൾക്കിടയിലെ സ്നേഹത്തിനോ സൗഹൃദത്തിനോ ഒരു വിള്ളൽ വന്നിരുന്നില്ല.

സ്കൂളിലേക്കും, തിരിച്ച് വീട്ടിലേക്കും ഞങ്ങൾ ഒന്നിച്ചു പോയി വന്നു. പഠനവും എഴുത്തുമെല്ലാം അപ്പോഴും ഒന്നിച്ചായിരുന്നു.

സ്കൂളിലെ പല കാര്യങ്ങളും സുഹൃത്തുക്കളെ പറ്റിയും ഞങ്ങൾ പരസ്പരം സംസാരിക്കും. ആയിടയ്ക്കാണ് ശ്രീറാമിനെ പറ്റി അവൾ പറയുന്നത്. ആദ്യമാദ്യം അവനൊരു നല്ല സുഹൃത്ത്…, ഇടയ്ക്കെപ്പോഴോ അവളെ പ്രൊപോസ് ചെയ്തതായും പറഞ്ഞു.
ഒരിക്കൽ ദിയ ശ്രീയെ എനിക്ക് പരിചയപ്പെടുത്തി.

പിന്നെ പതിയെ അവനും ഞങ്ങളുടെ ഇടയിൽ നല്ലൊരു സുഹൃത്തായി..

ഒരിക്കൽ ദിയ എന്നോട് ചോദിച്ചു.

“മൂപ്പെ……. ഞാൻ ശ്രീയോട് തിരിച്ചും കല്യാണം കഴിക്കാൻ ഇഷ്ടാണെന്ന് പറഞ്ഞോട്ടെ?

” അപ്പൊ നിനക്കവനെ ഇഷ്ടാണോ?”

” ഇഷ്ടക്കുറവൊന്നും ഇല്ലാ…..”

“പിന്നെന്താ?”

“എന്റെ ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് ചോദിക്കാതെ ഞാൻ എങ്ങനാ ചെയ്യാ ? ”

” അപ്പൊ ഞാൻ വേണ്ടാ പറഞ്ഞാൽ നീയത് ചെയ്യില്ലേ? ”

പെട്ടെന്ന് അവളുടെ മുഖം മങ്ങുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.

“മൂപ്പെ വേണ്ടാ പറഞ്ഞാ ദിയക്കും വേണ്ടാ.”

അൽപ നേരം ഞാനവൾക്ക് മുന്നിൽ മൗനിയായി പിന്നെ ഒരു കള്ള ചിരിയിൽ തുടർന്നൂ…

“ശ്രീ നല്ല പയ്യനാ….എന്റെ ദിയക്കുട്ടിയെ അവൻ പൊന്നു പോലെ നോക്കും. ”

അപ്പോഴും അവളുടെ മുഖം തെളിഞ്ഞില്ല.

“ആവോ ആർക്കറിയാം….., മൂപ്പെക്ക് ഇഷ്ടല്ലാത്തതിനെ പറ്റി ഞാൻ ചിന്തിക്കാൻ കൂടി ആഗ്രഹിക്കുന്നില്ല. ”

“ആരാ പറഞ്ഞേ എനിക്ക് ഇഷ്ടല്ലാന്ന് ? എനിക്ക് ഇഷ്ടാ ശ്രീയേ…….”

കരിമേഘം പെയ്തൊഴിഞ്ഞ വാനം പോലെ ആ മുഖം തെളിഞ്ഞു.
അവൾ പുഞ്ചിരിച്ചു.

തുടരും.
✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 4)

ആദ്യമായ് അമ്മയുടെ കയ്യും പിടിച്ച് സ്കൂളിന്റെ പടി ചവിട്ടിയ കാലം.
അന്നാദ്യത്തെ ദിവസം എന്നെ ക്ലാസ്സിലിരുത്താൻ ടീച്ചർക്ക് നന്നായ് പണിപ്പെടേണ്ടി വന്നു.
ബെല്ല് കേട്ട് ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്തു പോകുമ്പോൾ ഞാൻ നേരേ ഓടിയത് എന്റെ കരച്ചിലിനൊരു ശമനം കാത്തു നിന്ന അമ്മേട അടുത്തേക്കാർന്നു. അവിടുനെന്നെ തിരിച്ച് ക്ലാസ്സിലയക്കാൻ അമ്മ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ല. അതിനുള്ളിൽ കൂട്ടമണി മുഴക്കി ഇന്നത്തേയ്ക്ക് സ്കൂളുവിട്ടൂന്ന് പ്യൂൺ അങ്കിൾ അറിയിച്ചു.

ക്ലാസ്സിലിരുന്ന എല്ലാ കുട്ടികളും പുറത്തേക്കിറങ്ങി ഓടുന്ന കാഴ്ച തെല്ലൊന്നുമല്ല എന്നെ ആനന്ദത്തിൽ ആറാടിച്ചത്.

അമ്മേട അടുത്തു നിന്നിരുന്ന ദമ്പതികൾക്ക് അടുത്തേയ്ക്ക് ഒരു പെൺകുട്ടി ഓടി വന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവളെ കണ്ടപാടെ ആ അച്ഛൻ അവളെ വാരിയെടുത്ത് ഉമ്മ വെച്ചു. ശേഷം തന്റെ പോക്കറ്റിൽ കയ്യിട്ട് രണ്ടു മഞ്ചു മിഠായി അവളുടെ കയ്യിൽ വെച്ചു കൊടുത്തു.

അച്ഛന്റെ തോളിൽ നിന്നും ഊർന്നിറങ്ങി രണ്ടു കയ്യിലും ഓരോ മിഠായിയുമായി അടുത്തു നിന്ന എന്റെ അടുക്കലേക്ക് അവൾ നടന്നടുത്തു.

ഇടതു കയ്യ് എന്റെ നേർക്ക് നീട്ടിയവൾ ചിരിച്ചു. ഞാനതു വാങ്ങാൻ കൈ നീട്ടും മുൻപ് ശകാരഭാവത്തിൽ അവൾക്കു പിന്നിൽ വിളി കേട്ടു.

“മോളേ”. അവളുടെ അച്ഛനാണ്.

പെട്ടെന്ന് അവളാ കയ്യ് പിൻവലിച്ച് പിൻ തിരിഞ്ഞു നോക്കി.

അന്നേരം എനിക്ക് വന്ന ദേഷ്യം ചെറുതൊന്നും അല്ലായിരുന്നു.

“അയ്യോ സോരി”
പിൻവലിച്ച കയ്ക്ക് പകരം അവൾ വലതു കൈ എന്റെ നേർക്ക് നീട്ടി.
ഇനിയും കൈ മാറ്റിയാലോന്ന് ഭയന്ന് ഞാൻ ചാടിക്കേറി ആ മിഠായി വാങ്ങി എന്റെ കൈക്കുള്ളിൽ ഭദ്രമാക്കി.

“നാളെക്കാണാം ടാറ്റാ ”

അവൾ കൈവീശി അച്ഛനമ്മമാർക്കൊപ്പം . നടന്നു നീങ്ങിയപ്പോൾ ഞാൻ സംശയം തീർക്കാൻ തിരിഞ്ഞത് അമ്മേട അടുക്കലേക്കാണ്.

“എന്തിനാണമ്മേ ആ കുട്ടി എന്നോട് സോരി പറഞ്ഞത് ?”

“ഒരാൾക്ക് ഒരു വസ്തു സന്തോഷത്തോടെ നൽകുമ്പോൾ വലതു കൈ കൊണ്ട് കൊടുക്കണമെന്ന് പഴമക്കാർ ശഠിച്ചിരുന്നു.”

“അപ്പൊ ദേവയെപ്പോലെ ഇടതു കയ്യിൽ എഴുതുന്നവരോ?”

“അതൊക്കെ പഴയ സമൂഹം ഒരു കാര്യവുമില്ലാതെ പിൻ തുടർന്നു വന്ന അന്ധവിശ്വാസങ്ങളല്ലേ അജൂ…….. ആർക്ക് എന്ത് നൽകിയാലും സന്തോഷത്തോടെയും പൂർണ്ണ മനസ്സോടെയും നൽകുക അത്രേ ഉള്ളൂ…. അതിൽ ഇടം കയ്യെന്നോ വലം കയ്യെന്നോ പക്ഷാഭേദം കാണിക്കേണ്ടതില്ല. ഇരു കൈകളും നമുക്ക് ഒരു പോലെ പ്രധാനമാണ്. ”

അമ്മയുടെ ഉപദേശം അജു അതുപോലെ തന്നെ നെഞ്ചിൽ പകർത്തി.

പിറ്റേദിവസം അടിച്ച് പിടിച്ച് യൂണിഫോമിടീച്ച് കവലയിൽ ബസ്സ് കയറ്റി വിടാൻ കൊണ്ടു വരുമ്പോൾ അമ്മയും ഞാനുമായി ഒരു കരാറിൽ ഒപ്പുവെച്ചു .

ഇന്നലെ മിഠായി തന്ന കുട്ടിക്ക് മറ്റൊരു മിഠായി തിരിച്ചു നൽകാൻ ഇന്നൊരു ദിവസം മാത്രം ഞാൻ സ്കൂളിൽ പോകാം. സഹദേവൻ ചേട്ടന്റെ കടയിൽ നിന്നും അമ്മ എനിക്ക് രണ്ടു മിഠായി വാങ്ങി നൽകി.

പക്ഷേ അതിന്റെ പിറ്റേന്ന് സ്കൂളിൽ പോകാൻ അമ്മേക്കാൾ തിടുക്കം എനിക്കായിരുന്നു…

“ഇനിയിപ്പോൾ ഇന്നവൾ തനിക്ക് മിഠായിയുമായ് ക്ലാസ്സിൽ വന്നാലോ?” എന്നതായിരുന്നു എന്നിലെ ചിന്ത.

എന്റെ പ്രതീക്ഷ തെറ്റിയില്ല പിറ്റേ ദിവസം അവളെനിക്കായ് മിഠായി കരുതിയിരുന്നു.

എന്റെ പേര് ദിയ, ദിയ പരമേശ്വർ. നിന്റെയോ?

മിഠായിയിൽ നിന്നും ശ്രദ്ധ വിട്ട് ഞാൻ അവൾക്ക് മറുപടി നൽകി. “എന്റെ പേര് അജിത്ത് ശങ്കർ. ”

അവിടുന്നങ്ങോട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇടം കയ്യും വലം പോലെ പ്രാധാന്യം അർഹിക്കുന്നു എന്ന പാഠം അവൾക്കും പകർന്നു നൽകി.

ക്ലാസ്സിലും പഠന കാര്യങ്ങളിലും അവളെന്നെ സഹായിച്ചു. ഉച്ചയൂണിനും ഞങ്ങൾ ഇരുവരും രണ്ടു പേരുടെ ഭക്ഷണവും പങ്കുവെച്ച് കഴിച്ചു.

നാളുകളേറെ കഴിഞ്ഞിട്ടും അമ്മയുമായുള്ള കരാർ ഞാൻ റദ്ദാക്കിയില്ല. അവളുടെ പേരിൽ അടിക്കടി ഞാൻ മിഠായി മേടിപ്പിച്ചോണ്ടേ ഇരുന്നു. എല്ലായ്പ്പോഴും രണ്ടിൽ ഒന്ന് അവൾക്ക് നൽകാനും മറന്നില്ല.

അങ്ങനെയാണ് ഞാനവളുടെ മുട്ടായിപ്പെട്ടിയായി സ്ഥാനമറ്റേത്. അക്ഷരം കൂട്ടി വായിക്കാൻ പ്രാപ്തിയായപ്പോൾ മുട്ടായിപ്പെട്ടി ചുരുങ്ങി “മൂപ്പെ” ആയി.

ഞങ്ങൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അവളുടെ അമ്മ അനുജൻ ആദിത്യന് ജന്മം നൽകുന്നത്. പിന്നെ ഒട്ടും വൈകാതെ തന്നെ അച്ഛൻ പരമേശ്വർ അങ്കിളിന് ഗൾഫിൽ ഒരു ജോലി ശെരിയായി. സ്വന്തമായൊരു വീട് , കുട്ടികളുടെ പഠനം , ഉയർന്ന വരുമാനം ഇതെല്ലാം കണക്കിലെടുത്ത് അദ്ദേഹം വിമാനം കയറി.

അന്നാദ്യമായാണ് മൂന്നു ദിവസത്തിൽ കൂടുതൽ അവൾ അവധിയെടുക്കുന്നത്. അടുത്ത ദിവസം ഞാൻ കയ്യിൽ അവൾക്കുള്ള മിഠായി കരുതാതിരുന്നില്ല.

അന്ന് ഞാൻ കയറുമ്പോൾ സ്കൂൾ ബസ്സിൽ അവളും ഉണ്ടായിരുന്നു. അന്നുവരെ അവളെ അച്ഛൻ കൊണ്ടാക്കി വിളിച്ചോണ്ടു പോകാറായിരുന്നു പതിവ്.

അന്നുമുതൽ അവളെന്റെ സഹപാഠി മാത്രമല്ല സഹയാത്രികയുമായി .

തുടരും .

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 3)

“അവളുടെ വീട്ടിലോ ? ആരാ അത് ? ” ഡോക്ടർ ആകാംഷയോടെ ചോദിച്ചു.

ചെറിയൊരു ചിരിയിൽ തെല്ലും ലാഘവത്തോടെ അജു മറുപടി പറഞ്ഞു.

” അവളുടെ ഡയറി, അല്ലാണ്ടാരാ….”

“താനത് വായിച്ചോ? ഡോക്ടറിലെ ചിന്തകൾ ദിശ മാറി ഒഴുകുവാൻ ആരംഭിച്ചു.

” അവൾക്കത് ഇഷ്ടമാവില്ലാന്ന് അറിയാം എങ്കിലുo ഈ സാഹചര്യത്തിൽ അവൾക്കെന്താ സംഭവിച്ചതെന്ന് അറിയാൻ എനിക്കത് വായിക്കേണ്ടതായ് വന്നു. ”

“അജൂ…. കുറച്ചു ദിവസത്തേയ്ക്ക് എന്നെ ഏൽപ്പിക്കാമോ ആ ഡയറി? ”

“തീർച്ചയായും ഡോക്ടർ , എന്നേക്കാൾ അത് വായിക്കേണ്ടതും അവളെ അറിയേണ്ടതും ഡോക്ടറാണ്. ”

” ഓക്കെ അജൂ …. താൻ കഴിച്ചോ? ഡോക്ടർ തന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് ഒരു കുറി കണ്ണോടിച്ചു.

“ഇല്ല ഡോക്ടർ .”

“എങ്കിൽ വരൂ അജൂ നമുക്ക് ഇവിടെ ക്യാൻറ്റീനിലേക്ക് ഇരിക്കാം…. ”

അജു ഡോക്ടറോടൊപ്പം ക്യാൻറ്റീൻ ലക്ഷ്യമാക്കി നടന്നു..
ക്യാൻറ്റീൻ നടത്തിപ്പുകാരൻ അലക്സേട്ടനോട് രണ്ട് ബിരിയാണി ഓഡർ ചെയ്ത്. തിരക്കൊഴിഞ്ഞ ഒരു കോണിലേക്കായ് ഡോക്ടർ ഇരുന്നു. ഒപ്പം അജുവും.

“പറയൂ അജൂ…. കുട്ടിക്കാലം മുതൽക്കേ താൻ അറിയുന്ന തന്റെ ആത്മാർത്ഥ സുഹൃത്തിനെ പറ്റി, നിങ്ങളുടെ സൗഹൃദത്തെ പറ്റി , അവളുടെ ഇഷ്ടങ്ങളെയും ഇഷ്ടക്കേടുകളെയും പറ്റി , ഫാമിലിയെ പറ്റി അങ്ങനെ അങ്ങനെ ദിയയെ മുഴുവനായ് താനെനിക്ക് സുപരിചിതയാക്കൂ. ”

ദിയയെ പറ്റി അറിയാനുള്ള ഡോക്ടറുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട് അജു ഡോക്ടറെ തന്റെ പ്രിയ സുഹൃത്തിന്റെ കഥയിലേക്ക് ക്ഷണിച്ചു.

നിമിഷ നേരത്തിനുള്ളിൽ മുന്നിലെ ടേബിളിൽ അലക്സേട്ടന്റെ ചൂടുപാറുന്ന ബിരിയാണി നിരന്നു. ഡോക്ടർ ഒരു പ്ലേറ്റ് അജുവിനു മുന്നിലേക്കെടുത്തു വെച്ച് അതിലേക്ക് ബിരിയാണി പകരുമ്പോൾ , ദിയയുടെ കഥ ഡോക്ടറോടു പറയാൻ തുടക്കം തിരയുകയായിരുന്നു അജു.

തുടരും .

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 2)

“ഡോക്ടർ ”

പെട്ടെന്ന് ആ റൂമിലേക്ക് കടന്നു വന്ന വ്യക്തി ഡോക്ടറുടെ ശ്രദ്ധയാകർഷിച്ചു.

വെളുത്തു മെലിഞ്ഞ് ഉയരം കുറഞ്ഞൊരു യുവാവ്. ജീൻസും ഷർട്ടുമാണ് വേഷം..
കൈയ്യിൽ ഒരു പൊതി കരുതിയിട്ടുണ്ട്.

“ആരാ ? ” ഡോക്ടർ തിരക്കി.

“ഡോക്ടർ ഞാൻ അജിത്ത്. ദിയയുടെ സുഹൃത്താണ് . ഡോക്ടർ കാണണമെന്ന് പറഞ്ഞിരുന്നില്ലേ?”

“ആഹ്… അതെ.. ദിയയുടെ അച്ഛൻ പറഞ്ഞിരുന്ന ആ വ്യക്തി ,🤔 അജു അല്ലേ ?”

“അതെ ഡോക്ടർ ”

” തിരക്കില്ലെങ്കിൽ ഒന്നു വരൂ… നമുക്കിവിടുന്നു മാറി നിന്നു സംസാരിക്കാം ” .

ഡോക്ടർ മുറിക്കു പുറത്തേയ്ക്ക് നടന്നു.

“ഡോക്ടർ ഒരു മിനിട്ട് ”

ഡോക്ടറുടെ അനുവാദം വാങ്ങി അജു ദിയ കിടന്നിരുന്ന കട്ടിലിനടുത്തേയ്ക്ക് നടന്നു.

ഒന്നുമറിയാതെ ഉറങ്ങുന്ന ദിയയുടെ അടുക്കൽ തന്റെ കയ്യിലുണ്ടായിരുന്ന പൊതി നിവർത്തി ഒരു ചോക്ലേറ്റ് ബോക്സ് വെച്ചു കൊടുത്തു.

കണ്ടു നിന്ന ഡോക്ടർ അജു കേൾക്കെ പറഞ്ഞു.
” ദിയയുടെ മുട്ടായിപ്പെട്ടി, .’മൂപ്പെ’ ”

അജു ചിരിച്ചു.

ഇരുവരും മുറിക്ക് പുറത്തേയ്ക്കിറങ്ങി.

“അജൂ…. ഓഹ് അങ്ങനെ വിളിക്കാല്ലോ അല്ലേ?”

” അതെ ഡോക്ടർ തീർച്ചയായും. ”

” അജൂ… കഴിഞ്ഞൊരു അഞ്ച് വർഷ കാലമായ് എനിക്ക് ദിയയെ അറിയാം. അതിനു മുൻപ് അവളെന്തായിരുന്നു എന്നതും അറിയാം പക്ഷേ വ്യക്തമല്ല . അതൊന്നു ചോദിച്ചു വ്യക്തമാക്കാനാണ് തന്നെ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടത് “.

“ചോദിച്ചോളൂ ഡോക്ടർ. ”

” തനിക്കവളെ എത്ര നാളായിട്ട് അറിയാം ?”

“കുഞ്ഞു നാളു മുതൽ അവളെന്റെ അടുത്ത സുഹൃത്താണ്. ഏതാണ്ടൊരു നാലഞ്ചു വയസ്സു മുതൽക്കേ അവളെ ഞാനറിയും. പഠനമെല്ലാം ഒന്നിച്ചായിരുന്നു. . ”

” അപ്പൊ താനാണോ ദിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ?”

“ആണോന്നു ചോദിച്ചാൽ ആയിരുന്നൂ എന്നു വേണേൽ പറയാം ഡോക്ടർ, കാരണം അവളുടെ ജീവിതത്തിലെ മിക്ക കാര്യങ്ങൾക്കും ഞാൻ ഒപ്പം ഉണ്ടായിരുന്നു. അവൾക്ക് ആരോടും അങ്ങനെ ഒളിക്കാനും മറക്കാനും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എപ്പോഴും ചിരിയും കളിയും തമാശകളുമായ് വല്ലാത്തൊരു പോസിറ്റീവ് വൈബായിരുന്നു അവൾക്കു ചുറ്റും.

എന്നാൽ കഴിഞ്ഞെരു അഞ്ചു വർഷത്തിനിപ്പുറം അവൾ ഞങ്ങളുടെ പഴയ ദിയ അല്ലാണ്ടാകുന്നതും അടുത്തു നിന്നു കണ്ടവനാണ് ഡോക്ടർ ഞാൻ.

അവളുടെ മനസ്സിലെ പല പ്രയാസങ്ങളും ഞങ്ങളുമായ് പങ്കിടാൻ മടിച്ച പോലെ. ഞങ്ങൾ ആരേലും എന്തേലും അറിഞ്ഞു ചോദിച്ചാൽക്കൂടി മറുപടിയെല്ലാം അവളൊരു ചിരിയിൽ ഒതുക്കും.

പതിയെ പതിയെ അവൾ ഞങ്ങളിൽ നിന്നെല്ലാം അകന്നു തുടങ്ങിയിരുന്നൂ .”

” അങ്ങനെ അകലാൻ എന്തേലും കാരണം ഉണ്ടായതായി അറിയുവോ?”

“അറിയാം ഡോക്ടർ,
ശ്രീറാം!!! ദിയയുടെ ആദ്യത്തേയും അവസാനത്തേയും പ്രണയം. ”

അജുവിന്റെ സ്വരത്തിൽ പുശ്ചം നിഴലിച്ചു. അവൻ തുടർന്നു.

” അറിഞ്ഞില്ല ഡോക്ടർ, അവൾ ഇത്രയേറെ ബുദ്ധിമുട്ടു സഹിക്കുന്നുണ്ടെന്ന്. അറിഞ്ഞിരുന്നേൽ ഒരിക്കലും ഞങ്ങൾ അവളെ തനിച്ചാക്കില്ലാർന്നൂ. അവൾ സന്തോഷവതിയാണെന്ന് തെറ്റിദ്ധരിച്ചിട്ടാ ഞങ്ങൾ മാറി നിന്നത്. ഇത്ര കാലം കൂടെ നടന്നിട്ടും ഈ ഞാൻ പോലും അവളെ മനസ്സിലാക്കിയില്ല ; തെറ്റുപറ്റിപ്പോയി!!”

അവന്റെ കണ്ണു നിറയുന്നുണ്ടാർന്നു….. ഉളളിലെ കുറ്റബോധം അവനെ വല്ലാതെ നീറ്റി.

“തനിക്കെപ്പോഴാ ഇതൊക്കെ മനസ്സിലായെ? അവൾ പറഞ്ഞിരുന്നോ തന്നോട് ?”

“ഇല്ല ഡോക്ടർ, എല്ലാവരെക്കാളും എല്ലാത്തിനെക്കാളും അവൾക്ക് അടുപ്പമുള്ളൊരു സുഹൃത്ത് അവളുടെ വീട്ടിൽ ഉണ്ട് അയാൾ പറഞ്ഞതാണ്. ”

” അവളുടെ വീട്ടിലോ? ആരാ അത്? ഡോക്ടർ സൂസൻ ആകാംഷയോടെ ചോദിച്ചു.

ചെറിയൊരു ചിരിയിൽ തെല്ലും ലാഘവത്തോടെ അജു മറുപടി പറഞ്ഞു.

തുടരും.
✍️ അഞ്ജന.🙂

*************************************

ഒരു വായനക്കാരി എന്ന നിലയിൽ ഒരു പാട് lengthy ആയിട്ടുള്ള ഭാഗങ്ങൾ എന്നിൽ മടുപ്പ് ഉളവാക്കാറുണ്ട്. 😉
എന്നാൽ രസംപിടിച്ച് വായനയിൽ മുഴുകുബോൾ പെട്ടെന്ന് Sudden break ഇട്ട് ഓരോ ഭാഗങ്ങളും അവസാനിപ്പിക്കുന്ന രചയിതാവിനോട് അമർഷവും തോന്നിയിട്ടുണ്ട്.🤭🤭 നിങ്ങളിലെ വായനക്കാരെ എനിക്ക് അത്രകണ്ട് സുപരിചിതമല്ലാത്തതു കൊണ്ട് ഓരോ ഭാഗങ്ങളുടെ അവസാനവും തീർച്ചപ്പെടുത്താൻ ചെറിയ തോതിൽ ഞാൻ പാടുപെടുന്നുണ്ട്.😔 ഒരു രചയിതാവെന്ന നിലയിൽ എന്റെ വായനക്കാരുടെ അഭിരുചിയെ പറ്റി മനസ്സിലാക്കാനും നിങ്ങളുമായ് അടുക്കാനും എനിക്കൊരല്പം സാവകാശം കൂടിയേ തീരൂ…. 🤗🤗😛

തെറ്റുകൾ തിരുത്തി നല്ല നല്ല ഉപദേശങ്ങൾ സ്വീകരിച്ച് ഈ എഴുത്തു മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.😌 ഒപ്പം നിങ്ങളുടെ സഹകരണവും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. 😌😘
😊😊😊😊😊😊😊😊😊😊😊😊😊😊😊😊

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്.

“നെയ്തു കൂട്ടിയ കിനാവിൻ കൂട്ടിലായ്
കാത്തിരിപ്പാണു ഞാൻ പൂന്തെന്നലേ
ദുസ്സഹമെന്നാകിലും,
കാക്കാതെ വയ്യിന്നു നിന്നെ…..

നിൻ തലോടലും
സ്നേഹ വാത്സല്യ മൊഴികളും-
കഴിഞ്ഞു പോയ വസന്തത്തിൻ
ഓർമ്മളായ് എന്നെ പുണരവേ
അസഹ്യമെന്നാകിലും,
ഓർക്കാതെ വയ്യിന്നു നിന്നെ….”


പ്രിയ കൂട്ടുകാർക്ക്,

മറ്റൊരു തുടർക്കഥയുമായ് ഇതാ  ഞാൻ വീണ്ടും നിങ്ങൾക്കരികിലേക്ക് എത്തുന്നു. ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.😊

(ഭാഗം- 1)

രാവ് പുലരാൻ നേരമിനിയും ബാക്കിയുണ്ട്. തന്റെ മുന്നിൽ പാതി മാഞ്ഞു തിളങ്ങി നിൽക്കുന്ന ചന്ദ്രനെ തുളച്ച് അവളിലെ ചിന്തകൾ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.

അവളാകെ അസ്വസ്തയാണ് പതിയിരിക്കുന്ന അപകടം ഏതു നേരവു ഇരുട്ടു ഭേദിച്ച് അവളെ അപായപ്പെടുത്താം. നെറ്റിയിലൂടെ  അരിച്ചിറങ്ങിയ വിയർപ്പു കണം നനുത്ത വിരലാൽ അവൾ തുടച്ചു മാറ്റി.
‘ഇനിയെന്ത് ? ‘ എന്നൊരു ആശങ്ക അവളിൽ നിഴലിക്കുന്നുണ്ടായിരുന്നു.

“അവസരങ്ങൾ ഒരുപാടു നൽകിയതല്ലേ എന്നിട്ടും അവൻ. “

ആ നിറഞ്ഞ കണ്ണുകളെ മുറുക്കിയടച്ച് കണ്ണുനീരിനെ ഇരു കവിളിലൂടെ ഒഴുകാൻ അനുവദിച്ചുകൊണ്ട് അവൾ പിന്നോട്ട് തിരിഞ്ഞു നടന്നു.

എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവളാ ബാൽക്കണിയിൽ കിടന്നിരുന്ന കസേരയിൽ ഇരുന്നു.

മുന്നിലെ കൊച്ചു ടേബിളിൽ  ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്നും തന്റെ ഡയറിയെടുത്ത് മറിച്ചു, ഒപ്പം അടുത്തു കണ്ടൊരാ പേനയെടുത്ത് മൂടി മാറ്റി എഴുതി തുടങ്ങും മുൻപ് തനിക്കാ പേന എത്ര മേൽ പ്രിയപ്പെട്ടതായിരുന്നു എന്നവൾ ഓർത്തു.

” തനിക്ക് കിട്ടിയ ആദ്യ പ്രണയസമ്മാനം”

അവളുടെ മനസ്സ് മറ്റു പല ചിന്തകൾക്കു പുറകേ ഏറെനേരം സഞ്ചരിച്ചു.

പെട്ടെന്ന്, പുറത്ത് വാതിലിൽ തുരുതുരെ മുട്ടു കേട്ട് അവളാ ചിന്തകളിൽ നിന്നുണർന്നു.

ചുമരിലെ ഘടികാരത്തിലേക്കാണ് ആദ്യം ശ്രദ്ധ പോയത്.

“3.45 “
“ആരാവും ഈ അസ്സമയത്ത് ? “

ഹാളിലേക്ക് വന്ന് ലൈറ്റിടാൻ സ്വിച്ച് അമർത്തുമ്പോഴാണ് കറണ്ടില്ലാ എന്നുള്ള കാര്യം ശ്രദ്ധയിൽ പെടുന്നത്.

അവൾ ടീവി സ്റ്റാന്റിനു മുകളിലെ ടോർച്ച് ലൈറ്റ് കയ്യെത്തി തിരഞ്ഞു.

കണ്ടില്ല.

“നാശം ഇതെവിടാ ഞാൻ വെച്ചേ….”

മെഴുകു തിരിക്കായ് ഡയനിംഗ് ടേബിളിനടുത്തേക്ക്  നടക്കുമ്പോൾ വീണ്ടും കതകിൽ മുട്ടു കേട്ടു.

“ആരാ അത് ? “

അവളുറക്കെ ചോദിച്ചു.

മറുപടിയൊന്നും കേട്ടില്ലെന്നു മാത്രമല്ല.. പിന്നേയും രണ്ടു മൂന്നു തവണ  ഒച്ചത്തിൽ മുട്ടുകയും ചെയ്യുന്നു.

വേഗം അടുക്കളയിൽ ചെന്ന് മെഴുതിരിയിൽ തീ പകർന്ന് അവൾ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.

വാതിൽ തുറക്കാൻ തുനിയും മുമ്പ് അവൾ ഒന്നുകൂടി ക്ലോക്കിലേക്ക് നോക്കി .

” 3.50″

ടോറിനോടു ചേർന്നുള്ള ജനാലയിലെ കർട്ടൻ നീക്കി അവൾ ഉമ്മറത്തേയ്ക്ക് കണ്ണോടിച്ചു.

ആ വ്യക്തിയെ കണ്ടവൾ ആകെ പരിഭ്രാന്തയായി.

” ശ്രീറാം!!! “

ഇവനെന്താ ഈ അസ്സമയത്ത് ? പിന്നെ തെല്ലും അമാന്തിക്കാതെ അവൾ വാതിൽ തുറന്നു.

“ശ്രീ….  നീ എന്താ ഈ നേരത്ത്? എന്തു പറ്റി ആകെ വിയർത്തിരിക്കുന്നല്ലോ….”

“നിന്നെ കാണാനാ വന്നെ “

“എന്തേ, എന്തു പറ്റി ? എന്തെങ്കിലും പ്രശ്നമുണ്ടോ?”

“കുടിക്കാൻ ഒരൽപം വെള്ളം തരാവോ? “

“അതിനെന്താ… നീ കയറി ഇരിക്ക് “

അവൾ വെള്ളമെടുക്കാൻ അകത്തേയ്ക്ക് നടന്നു.

തെല്ലു നേരം അവളിലെ ശ്രദ്ധ ശ്രീയിലേക്ക്
തിരിഞ്ഞു.

ആ കണ്ണുകൾ ചുവന്നിരുന്നില്ലേ ?
താൻ ഇന്നോളം കണ്ട സ്നേഹമോ വാത്സല്യമോ അല്ല ആ കണ്ണുകളിൽ….. കറുപ്പ് വട്ടമിട്ട കൺകോണിൽ ഉറക്കം മാറാല പോലെ പറ്റി നിന്നിരുന്നോ? പകയുടെയും പ്രതികാരത്തിന്റെയും കൊടും ചുവപ്പ് , തന്നെ ദഹിപ്പിക്കാൻ കഴിവുള്ള അഗ്നി നാളമായ് പ്രവഹിച്ച പോലെ…..
അവന്റെ വേഷം നന്നേ മുഷിഞ്ഞിരിക്കുന്നു.

ജഗ്ഗിലെ വെള്ളം ഗ്ലാസ്സിലേക്ക് പകർത്തുമ്പോൾ അരുതാത്തതെന്തോ  നടക്കാൻ പോകുന്ന പോലെ അവൾക്ക് തോന്നി.

തന്റെ പുറകിൽ ഒരു നിശ്വാസം കേട്ടാണ് അവൾ ഞെട്ടിത്തിരിഞ്ഞത്.

ഞൊടിയിടയിൽ മൂർച്ചയേറിയൊരു ഘടാര അവളുടെ ആമാശയത്തിലേക്ക് തുളച്ചു കയറി.
രക്തച്ചുവപ്പുള്ള കണ്ണുകളകമായിതാ  അവൻ, ശ്രീറാം!!

” എനിക്കു കിട്ടാതെ പോയത് മറ്റാർക്കും കിട്ടാൻ ഞാൻ അനുവദിക്കില്ലെടീ…….”

അയാൾ അലറി.

ഘടാരക്കിടയിലൂടെ  അവളിലെ ചൂടുരക്തം പുറത്തേക്ക് ചാടി…

ഘടാര വലിച്ചൂരി ശ്രീ അവളെ പിന്നെയും ആഞ്ഞു കുത്തുമ്പോൾ ശബ്ദിക്കാനാവാതെ അവൾ നിലത്തു വീണ് പിടഞ്ഞു.

************************************

സ്വപ്നങ്ങളിൽ നിന്നും ഞെട്ടിയുണർന്നവൾ  ആ ആശുപത്രി മുറിയിലെ നാലു ചുമരും പൊട്ടുമാറുച്ചത്തിൽ നിലവിളിച്ചു.

“ശ്രീ………”

ഓടിക്കൂടിയ മറ്റ് അന്തേവാസികളും ജീവനക്കാരും  അവളെ ആശ്വസിപ്പിക്കാനും  ശ്രമിച്ചു.

അവളെ മനസ്സിലാക്കാൻ തങ്ങൾക്കാവില്ലെന്ന ബോധം വന്നുടനെ അവർ ഡോക്ടറെ വിവരമറിയിച്ചു.

ഡോക്ടർ എത്തി കാര്യമന്വേഷിച്ചപ്പോൾ ,

തന്റെ വയറിൽ വിരലുകളമർത്തി അവൾ പുലമ്പി.

” ശ്രീ…. എന്റെ ശ്രീ എന്നെ കൊന്നു ഡോക്ടറമ്മേ “

തന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന അവളെ ആ ഡോക്ടർ മാറോടു ചേർത്തു.

” ഒന്നൂല്ല മോളെ…. നീ സ്വപ്നം കണ്ടതാവും. ഇവിടേയ്ക്ക് ആരും വരില്ല. മോളെ ഒന്നും ചെയ്യില്ല . ഈ ഡോക്ടറമ്മയല്ലേ പറയണേ “

” എനിക്ക് പേടിയാവുന്നൂ അമ്മേ…. കണ്ണടച്ചാൽ ശ്രീയുടെ ജ്വലിക്കുന്ന കണ്ണുകളാ മനസ്സിലേക്ക് വരുന്നത്.”

“മോളു പേടിക്കണ്ട….. ഉറങ്ങിക്കോളൂ. “

“ഡോക്ടറമ്മ എന്റടുത്തിരിക്കുവോ ?”

“ഉം… നീ കണ്ണടച്ചു കിടന്നോളൂ”

വിതുമ്പലോടെ അവൾ ആ കട്ടിലിൽ ചുരുണ്ടു കൂടി ഡോക്ടറുടെ കയ്യോട് ചേർന്നു കിടന്നു.

” എന്റെ ശ്രീ….. അവനെന്നെ കൊല്ലും ഡോക്ടറമ്മേ……. അവനു കിട്ടാത്തതൊന്നും മറ്റൊരാളിന്റേതാവാൻ അവൻ അനുവദിക്കില്ല……..
അവനെന്നെക്കൊല്ലും….”

ആ കട്ടിലിനു തലയ്ക്കലിരുന്ന് അവളുടെ മുടിയിഴ തഴുകുമ്പോൾ ഡോക്ടർ സൂസൻ ഓർത്തു.

“ഇത്രമാത്രം അടുപ്പം തനിക്ക് മറ്റൊരു പേഷ്യന്റ്സിനോടും തോന്നിയിട്ടില്ല. മക്കളില്ലാത്ത എനിക്ക് ഇവൾ സ്വന്തം മകൾ തന്നെ ആയിരുന്നു.”

ആദ്യനാളുകളിൽ തന്റെ അടുത്തെത്തിയ അവളുടെ ചിത്രം ഡോക്ടറുടെ കണ്ണുകളിൽ മിന്നി മറഞ്ഞു.


“ഡോക്ടർ “

പെട്ടെന്നാ റൂമിലേക്ക് കടന്നു വന്ന വ്യക്തി ഡോക്ടറുടെ ശ്രദ്ധയാകർഷിച്ചു.


തുടരും .

✍️ അഞ്ജന.🙂


1st Anniversary😍

Today marks the first anniversay of my blog !!

Time flies…,🤔 it surely does.

It feels like yesterday when I think of the moment I hit the publish button for the very first time.

Today is the day exactly a year ago “Violet Belleza” was born🥳. It was a moment full of excitement, anxiety, anticipation, all kinds of mixed emotions together.

During this period of time I learned how to make friends through letters and how to put your thoughts into words.😊

Today I have above 200 followers, over a 4,575 likes so far, and amazing comments.🤗

As of this one year anniversary I post over 130 posts.

I would like to thank all of my followers who have always supported and encouraged me to write..😘

You all are my real inspiration.🤗😘

#Keep_supporting #Happy_Blogging🙂

ജനനവും മരണവും.

ഒന്നോർത്താൽ ജനനങ്ങളേക്കാൾ മൂല്യം മരണങ്ങള്ക്കാവും അതാവാം പിന്നൊരിക്കലാവട്ടെ എന്ന് ചിന്തിക്കാതെ അവസാനമായൊരുനോക്കു കാണാ൯ പലരും ഓടിയെത്തുന്നത്.