ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:- 15)

വൈകുന്നേരം തിരിച്ചെത്തി മിലിയുടെ വണ്ടി ഒതുക്കാൻ നേരം പാർക്കിംഗ് ഏര്യയിൽ വെച്ചാണ് അജു സൂസൻ ഡോക്ടറെ കണ്ടത്.

” ഡോക്ടറമ്മേ…”

” ആഹ്…. അജൂ താനെവിടെ പോയതാ ?”

“ഞാനൊന്ന് വീടുവരെ പോയതാ ഡോക്ടറമ്മേ..”

“അപ്പോൾ ദിയയുടെ അടുത്ത് ആരാ ?”

” മിലി ഉണ്ട് ദിയക്ക് കൂട്ടിന്. നാളെ ഞങ്ങൾക്ക് എപ്പോഴാ ഡോക്ടറമ്മേ പോകാവുന്നേ?”

” ഞാൻ രാവിലെ എത്തും അജൂ….. എന്റെ റൗൺഡ്സ് കഴിഞ്ഞ് ഡിസ്ച്ചാർജ് എഴുതാം. ”

” താങ്ക്യൂ ഡോക്ടറമ്മേ…. നാളെ ദിയയുടെ പിറന്നാളാണ്. May 25. ഒത്തിരി നാൾക്ക് ശേഷം അവൾ വീട്ടിലേക്കു വരുവല്ലേ…. എല്ലാവരും ചേർന്ന് അവൾക്കായ് നല്ലൊരു സർപ്രൈസ് പ്ലാൻ ചെയ്യുന്നുണ്ട്. ”

” അത് ഓർത്തിട്ടാ ഞാൻ നാളെ തന്നെ ഡിസ്ച്ചാർജ് എഴുതാമെന്നു പറഞ്ഞത്. നല്ലൊരു ദിവസം പുതിയൊരു തുടക്കം ആവട്ടെ….. ”

” എനിക്ക് എന്തോ വല്ലാത്തൊരു പേടി തോന്നുന്നു ഡോക്ടറമ്മേ…. ദിയ അവൾ ഇനി എന്നാ പഴയ പോലെ….”

” ഏയ് അജൂ…. താനുള്ള ധൈര്യത്തിലാ ഞാൻ ഇത്ര നേരത്തേ എന്റെ മാലാഖ കുട്ടിയെ വീട്ടിലേക്ക് അയക്കുന്നെ… അവൾക്ക് ഈ അവസ്ഥയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകാതെ നോക്കേണ്ടുന്നത് താനാണ്. ആ താൻ ഇങ്ങനെ തളരാൻ പാടുണ്ടോ.”

” അറിയാം ഡോക്ടറമ്മേ….. എങ്കിലും. ”

” പേടിക്കാൻ ഒന്നുമില്ലെടോ….. എല്ലാം ശെരിയാകും താൻ എത്രയും വേഗം ശ്രീയെ കണ്ടെത്താൻ ശ്രമിക്കൂ …… ഇപ്പോൾ നമുക്ക് മുന്നിലെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകാൻ അവനു മാത്രമേ സാധിക്കുള്ളൂ.

” അവനീ നാട്ടിൽ തന്നെ ഉണ്ട്. കഴിഞ്ഞ ദിവസം സെന്റ്രൽ മാളിൽ അവനെ ഒരു സുഹൃത്തിനൊപ്പം കണ്ടവരുണ്ട്. എത്രയും വേഗം തന്നെ അവനെ കണ്ടെത്താൻ സാധിക്കും. ”

” ആഹ് അജൂ ഒരു കാരണവശാലും ദിയ ശ്രീയെ കാണാൻ പാടില്ലാട്ടോ…..”

“അത് ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടറമ്മേ…..
എന്നാൽ ഞാൻ ചെല്ലട്ടെ മിലിക്ക് തിരിച്ചു പോകേണ്ടതുണ്ട്.”

“ശെരി അജു…..”

അജുവിനോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോഴും ഡോക്ടറുടെ ബാഗിൽ ആ ഡയറികൾ ഭദ്രമായിരുന്നു. അവ വായിച്ചു തീർക്കാനുള്ള തിടുക്കം കാറിന്റെയും ശേഷം ഡോക്ടറുടെ കാലിന്റെയും വേഗത കൂട്ടി.

ദിയയുടെ അടുക്കൽ നിന്ന് അജുവിനെ കണ്ടുടനെ തന്നെ മിലിയും യാത്ര പറഞ്ഞിറങ്ങി.

തന്റെ പക്കൽ കരുതിയ ചോക്ലേറ്റുകൾ അജു ദിയക്കു നേരേ നീട്ടി. അവളുടെ കണ്ണുകൾ അപ്പോഴും വിദൂരതയിൽ ആരെയോ തിരയുകയായിരുന്നു.

രാത്രിയിൽ ദിയക്കുള്ള മരുന്നുമായ് എത്തിയത് മേഘ സിസ്റ്ററാണ്. അജുവിനെ കണ്ടതും കരിമേഘം പോലെ ആ മുഖം നന്നേ ഇരുണ്ടു.

അജുവിനും തെല്ലും അമർഷം തോന്നാതിരുന്നില്ല.

“താൻ ഇന്ന് രാത്രി ഇവിടുണ്ടാകുമോ ?” മേഘ അജുവിനോടായി ചോദ്യമുന്നയിച്ചു.

“ഉവ്വ്..”

” ഞാൻ അപ്പുറത്തുണ്ടാകും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുവാൻ മടിക്കണ്ട .”

“ശെരി. ”

മേഘ മുറി വിട്ടതും അജു ദിയയുടെ അടുക്കൽ ചെന്നിരുന്നു.

“എന്തൊരു സ്വഭാവാല്ലേ….. പേടമാനിന്റെ കോലം കെട്ടി നടക്കുന്ന കാണ്ടാമൃഗത്തെപ്പോലുണ്ട്. ”

ദിയ മെല്ലെ ചിരിച്ചെന്നു വരുത്തി.

അജു തുടർന്നു.

“ദിയക്കുട്ടീ…. താനെന്താടോ അജൂനോട് ഇങ്ങനെ ? നമുക്കീ ആശുപത്രിയും മരുന്നും മന്ത്രവും ഒന്നും വേണ്ട. ഒരു ദൂരെയാത്ര പോയാലോ ?

അപ്പോഴാണ് മറന്നു വെച്ചൊരു സിറിഞ്ചെടുക്കാൻ മേഘയുടെ വരവ്.

“ദേ…. ഈ സിസ്റ്ററേം കൂട്ടാം . കുട്ടി ഡോക്ടറുടെ ബിപിയും കുറയും”

അജു മേഘയുടെ മുഖത്ത് നോക്കി പല്ലു മുപ്പത്തിരണ്ടും കാട്ടി തെളഞ്ഞൊന്ന് ഇളിച്ചു.

വന്നതിൽ നൂറു കിലോ അധികം തൂക്കത്തോടെ സിസ്റ്ററുടെ മുഖം ചുവന്നു വീർത്തു. അവളാ വാതിൽപ്പടി ചവിട്ടി മെതിച്ച് കടന്നു പോകുന്നത് തെല്ലും കൗതുകത്തോടെ അജു നോക്കിയിരുന്നു.

“ദിയാ….. കൊള്ളാല്ലേ …. ചെറിയൊരു ചന്തോക്കെ ഉണ്ട് .”

മേഘ പോയ വഴിയിൽ നിന്നവൻ കണ്ണെടുത്ത് ദിയക്ക് നേരേ തിരിയുമ്പോൾ അവൾ അജുവിനെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.

അവിടെയും തെളിഞ്ഞൊരു കള്ള ചിരി പാസ്സാക്കി അജു മെല്ലെ പറഞ്ഞു.

“നിനക്ക് നാളെത്തന്നെ ഡിസ്ച്ചാർജ് വേണമെന്ന് നിർബന്ധമുണ്ടോ ?”

എന്തേ… എന്ന ചോദ്യഭാവത്തിൽ ദിയ അജുവിനു നേരേ മുഖം പൊക്കി.

“അല്ല… എനിക്കൊരു രണ്ടു ദിവസം കൂടി സമയം കിട്ടിയാർന്നേൽ നമുക്ക് സിസ്റ്ററേം കൂടി വീട്ടിലേക്കു കൂട്ടാർന്നു. ”

അജുവിന്റെ കള്ളച്ചിരിക്കൊപ്പം ഇത്തവണ ദിയ ശെരിക്കും അറിയാതെ ചിരിച്ചു പോയി.

“ഉയ്യോ……. എന്റെ മേഘ സിസ്റ്ററേ നിനക്ക് ഒരായിരം നന്ദി. ഹ… ഇപ്പൊഴേലും എന്റെ ദിയ ഒന്നു ചിരിച്ചു കണ്ടല്ലോ…. മതി ദിത് മാത്രം മതി. ”

അജു ദിയയുടെ കവിളിൽ പിടിച്ച് മുറുക്കി വലിച്ചു.

“ആഹ്…. വിടെടാ വേദനിക്കുന്നു. ”

“ഹ… ഇപ്പൊ ആ സിസ്റ്ററെ എന്റെ മുന്നിൽ കാണുവാണേൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ…. ”

അജു പറഞ്ഞു തീരും മുന്നേ മറ്റൊരു രോഗിയുടെ കേസ്ഷീറ്റുമായ് മേഘ ആ മുറിക്കു മുന്നിലെ ഇടനാഴിയിലൂടെ നടന്നു പോകുന്നത് ഇരുവരും ജനാലയിലൂടെ കണ്ടു.

സിസ്റ്ററെ കണ്ടതും
പോയി കൊടുത്തിട്ടു വാ എന്നർത്ഥത്തിൽ ദിയ കണ്ണുകൾ കാെണ്ട് ആഗ്യം കാട്ടി. പറഞ്ഞത് അബന്ധമായോ എന്നോർത്ത് പരുങ്ങിയ അജുവിനു മുന്നിൽ ചിരിയടക്കാൻ ദിയക്കായില്ല. അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പഴയ ദിയയെ അജു ആ ചിരിയിൽ കണ്ടു… ഒപ്പം കണ്ണും മനസ്സും നിറയെ അജുവും ചിരിച്ചു..

✍️തുടരും .

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:- 14 )

“പണ്ട്…. പണ്ട് ”

രാജകുമാരനും, രാജകുമാരിയും അവരുടെ പ്രണയവും, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒരു പുഴയുടെ നൈർമല്യത്തോടെ അജു പറഞ്ഞു തുടങ്ങി.

ആ ഒഴുക്കിനൊത്തോണം അവളെ രസിപ്പിച്ചും ചിരിപ്പിച്ചും പടുകൂറ്റൻ ചിന്തകളുടെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടും അവിടുന്ന് പ്രതീക്ഷയുടെ പുത്തൻ ഉണർവിലേക്ക് കൈ പിടിച്ചുയർത്തിയും അജു തന്റെ കഥ ക്ലൈമാക്സ് വരെ കൊണ്ടുചെന്ന് എത്തിച്ചു.

പണ്ടും അത് അങ്ങനെ തന്നെയാണ്. ദേവീമ്മ നല്ലൊരു കഥാകാരിയാണ്. ചെറുപ്പം മുതലേ ആ വാസന അജുവിലും ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് തന്റെ ഭാവനകളെ മെനഞ്ഞൊരുക്കി പറഞ്ഞു ഫലിപ്പിക്കാൻ അവനും നല്ല മിടുക്കാണ്.

അവന്റെ ഏറ്റവും നല്ല കേൾവിക്കാരി ദിയ കൂടി ആകുമ്പോൾ അവൾക്കായ് പറയുന്ന കഥകളിലെല്ലാം നധിക്കു സമാനമായ മായക്കാഴ്ചകളുടെ ഒരു വർണ്ണ മനോഹര ലോകം അവൻ കെട്ടിപ്പടുക്കാറുണ്ട്.

ദിയയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങിയിരുന്നു. ചിന്തകളിൽ നിന്നും സ്വപ്നത്തിലേക്കവൾ ചേക്കേറുമ്പോൾ അജു തന്റെ രാജകുമാരന്റെയും രാജകുമാരിയുടെയും വിവാഹത്തിനായുള്ള തയാറെടുപ്പിലേക്ക് കടന്നിരുന്നു.

“ആഹാ….. ദിയ ഉറങ്ങിയോ?? താൻ ആളു കൊള്ളാല്ലോടോ..”

റുമിലേക്ക് കടന്നു വന്ന നേഴ്സ്സമ്മയെ നോക്കി അജു ചിരിച്ചു.

“സൂസൻ ഡോക്ടർ റൂമിലുണ്ടോ നേഴ്സ്സമ്മേ?”

“ഉവ്വ്.., തന്നെ തിരക്കിയിരുന്നു.”

” നേഴ്സ്സമ്മ അൽപ നേരം ദിയേടടുത്ത് ഇരിക്കാവോ? ഞാനൊന്ന് ഡോക്ടറെ കണ്ടേച്ച് വരാം.”

ദിയയെ നേഴ്സ്സമ്മയെ ഏൽപ്പിച്ച് അജു ബാഗ്ഗുമെടുത്ത് ഡോക്ടർ സൂസന്റെ മുറി ലക്ഷ്യമാക്കി നടന്നു.

അകത്ത് ഡോക്ടർ ആരോടോ ഫോണിൽ സംസാരിച്ചിരിക്കുകയാണ്.

അജു ഡോറിൽ മുട്ടി.

“ആ കയറി വന്നോളൂ”

അജു അത്തു കടന്നതും ഡോക്ടർ ഒരു പുഞ്ചിരിയോടെ അവനെ സ്വാഗതം ചെയ്തു.

“ആഹ് അജൂ… വരൂ… ഇരിക്കൂ ”

ഞാനൊന്ന് അന്വേഷിക്കട്ടെ, നമുക്ക് പിന്നേട് സംസാരിക്കാം എന്നു പറഞ്ഞ് ഡോക്ടർ ആ കോൾ ഡിസ്കണക്ട് ചെയ്തു. ശേഷം അജുവിനോടായ് തുടർന്നു.

” ഒരു ചായ പറയട്ടേ ? ” ചോദ്യത്തിനൊപ്പം തന്നെ അടുത്തു നിന്ന സ്ത്രീയോട് 2 ചായക്ക് ആവശ്യപ്പെട്ടു.

“ഡോക്ടറമ്മേ…. ഇതാ ദിയയുടെ ഡയറി. ”

” ഇത്…. 2016ലെയും 2017ലെയും ഡയറികളാണല്ലോ…..”

“അതെ.. ഇതിനു മുൻപുള്ള കുറിപ്പുകൾക്ക് ഞാൻ പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനുണ്ടാവില്ല. ഇതാ ഞാൻ മാറി നിന്ന ശേഷമുള്ള രണ്ടു വർഷത്തെ ഡയറി കുറിപ്പുകൾ. ”

” അതിനും ശേഷം താൻ വന്നു പോയപ്പോഴല്ലേ….. ശ്രീയെ അവൾക്ക് തിരികെ നൽകിയത്. അതിനു ശേഷമുള്ളവയോ ? 2018, 19 വർഷങ്ങളിലെ…….”

അജു മറ്റൊരു ഡയറിയെടുത്ത് ഡോക്ടക്ക് നേരേ നീട്ടി.

“ഇതാ 2018 ലെ… ഇതിൽ ഞാൻ വന്നു പോയതും ശ്രീയെ അവൾക് തിരികെ കിട്ടിയതും വരെ എഴുതിയിട്ടുണ്ട് ബാക്കി…… ബാക്കി എഴുതിയിട്ടില്ല ഡോക്ടറമ്മേ…. ഞാൻ അവളുടെ മുറിയും വീടും ഒക്കെ തിരഞ്ഞു. 2018 ഏപ്രിൽ 22 ശ്രീയുടെ പിറന്നാളിന്റെ തലേ ദിവസം വരെ ഇതിൽ ഉൾപ്പെടുത്തീട്ടുണ്ട്. ഏപ്രിൽ 21 ന് വൈകുന്നേരമാണ് ഞാൻ അമ്മയേം കൂട്ടി വിമാനം കയറുന്നത്. 23 തൊട്ട് എന്താ സംഭവിച്ചതെന്ന് ഇതിലില്ല. ”

ഡോക്ടർ ആ ഡയറികൾ വാങ്ങി തന്റെ മേശവിരിപ്പിൽ ഭദ്രമായി വെച്ചു.

“താനൊന്നു കൂടി തിരയൂ അജൂ . അവൾ ഏതായാലും എഴുതിയിട്ടുണ്ടാവും എന്നെനിക്ക് തോന്നുന്നു. ഈ ഒരവസ്ഥയിൽ അവൾ പഴയതൊന്നും ഓർക്കാൻ ഇടയാക്കരുത്. ചിലപ്പോൾ അത് ഇതിലും മോശമായൊരു അവസ്ഥയിലേക്ക് ദിയയെ കൊണ്ട് ചെന്ന് എത്തിക്കാൻ ഇടയുണ്ട്. ”

“ദിയക്ക് അല്ലെങ്കിൽ ശ്രീക്ക് മാത്രമേ എന്താ എങ്ങനാ എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാനാവുള്ളൂ… അവനെ ഞാൻ ഒന്നുകൂടൊന്ന് തിരയട്ടെ.”

ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങി അജു ആരോടൊകെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആർക്കും അജുവിനു വേണ്ട മറുപടി നൽകാൻ സാധിച്ചില്ല.

അവൻ പതിയെ ദിയയുടെ അടുത്തേയ്ക്ക് നടന്നു.
വാതിൽ കടന്ന് അകത്തേയ്ക്ക് കയറി ആദ്യം കണ്ട കസേരയിൽ അവൻ കയ്യിലുണ്ടായിരുന്ന ബാഗ്ഗ് വെച്ചു. ദിയയെ നോക്കി. അവളിപ്പോഴും നല്ല മയക്കത്തിലാണ്. അവന്റെ കണ്ണുകൾ നേഴ്സ്സമ്മയെ തിരഞ്ഞു.

റൂമിന്റെ ഒരു കോണിലായി മേശയോടു ചേർന്ന കസേരയിൽ മറ്റൊരു പെൺകുട്ടി ഇരിക്കുന്നു. അവിടെ തന്നെ ജോലി ചെയ്യുന്ന നേഴ്സ്സ് ആണ് എന്നവളുടെ വേഷം വെളിവാക്കി. കയ്യിലൊരു ഇംഗ്ലീഷ് പുസ്തകമുണ്ട്. ഏതോ ക്രൈം ത്രില്ലർ ആണ് എന്ന് അതിന്റെ പുറച്ചട്ട കണ്ടപ്പോഴേ അജു ഊഹിച്ചു.

“മായ സിസ്റ്റർ എന്ത്യേ ?”

അവൾ പതിയെ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് അജുവിനെ നോക്കി.

“ആഹ് എനിക്കറിയില്ല. വരും.”

അവളുടെ സ്വരത്തിൽ തെല്ലും ദേഷ്യം കലർന്നിരുന്നു.

” അതിന് താനെന്തിനാ ചൂടാവുന്നേ? ഞാൻ ചോദിച്ചൂ എന്നല്ലേ ഉള്ളൂ. ”

അജുവും വിട്ടുകൊടുത്തില്ല.

അവനെ അടിമുടി ദെഹിപ്പിക്കാൻ പാകത്തിന് ഒരു നോട്ടം നോക്കിയ ശേഷം അവൾ പുസ്തകത്തിലേക്ക് തന്നെ കണ്ണെയ്തു.

അജുവുണ്ടോ പിൻമാറുന്നു.

“തനിക്ക് ഡ്യൂട്ടീ ടൈമിൽ പുസ്തകം വായിക്കാനാണോ മാനേജ്മെന്റ് സാലറി തരുന്നത് ? ”

ദേഷ്യത്തോടെ അവൾ മറുപടി പറയാനെന്നോണം പുസ്തകം മടക്കി എഴുനേറ്റ് അജുവിന്റെ അടുകലേക്ക് വന്നു.

പെട്ടെന്ന് നേഴ്സമ്മ റൂമിലേക്ക് കടന്നു വന്നു.

“ആഹ് മോളെ…. നീ പൊയ്ക്കോളൂ ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്. ”

പറയാൻ വന്നതെന്തോ വിഴുങ്ങിക്കൊണ്ടവൾ മുറി വിട്ട് പുറത്തു പോയി.

“അജൂ…. നീ സൂസൻ ഡോക്ടറെ കണ്ടോ ? ”

“ഉവ്വ് നേഴ്സ്സമ്മേ…… ആ സിസ്റ്റർ ആരാ ?”

“ഓഹ്…. അത് പുതിയ അപ്പോയിന്റ്മെന്റ് ആണ്. മേഘ… ഈ ആഴ്ച ജോയിൻ ചെയ്തതേ ഉള്ളൂ ”

“എന്തൊരു ചൂടൻ സ്വഭാവമാണ്. ചുമ്മാ വഴക്കിടാൻ വരുവാന്നേ….”

നേഴ്സമ്മ ചിരിച്ചു.

” അതൊരു പാവം കുട്ടിയാടാ…. അവളുടെ വീട്ടിലെ കാര്യമൊക്കെ വല്യ കഷ്ടാണ്. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് ഇവിടെ അവളാ ർന്നു. ഇന്നിപ്പൊ പോകാൻ തുടങ്ങിയപ്പൊ പത്തു മിനിട്ട് എനിക്ക് പകരം ഇവിടിരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ട് വന്നതാ.”

” ഓഹ് അപ്പൊ… ഡ്യൂട്ടീ ടൈം കഴിഞ്ഞതാ ല്ലേ….. ചുമ്മാ ചൂടായപ്പൊ ഡ്യൂട്ടീ ടൈമിലാണോ പുസ്തകം വായിക്കുന്നേന്ന് ചോദിച്ച് ഞാനും കയർത്തു. ”

“ആഹാ അത്രേ ഉള്ളോ… ”
നേഴ്സ്സമ്മ അതങ്ങ് ചിരിച്ച് കളഞ്ഞു.

“അജൂ ഇനീപ്പൊ താനുണ്ടല്ലോ ഞാൻ വാർഡിലേക്ക് ചെല്ലട്ടേ…???”

” ഓക്കെ നേഴ്സമ്മേ…. ഞാനിവിടുണ്ടാകും.

ഡോറടച്ച് നേഴ്സമ്മ വെളിയിലേക്ക് ഇറങ്ങുമ്പോൾ അജു ദിയക്കരികിലേക്ക് നടന്നു.

ഉറങ്ങുന്ന ദിയയെ നോക്കി ഏറെ നേരം അവനിരുന്നു. ഇടയ്ക്കെപ്പോഴോ ചിന്തകൾക്കു പിന്നിൽ മറന്നു വെച്ച തലേന്നത്തെ മയക്കം അവന്റെ കണ്ണുകളെ കീഴ്പ്പെടുത്തി.

ചുമരിലേക്ക് തലചാരി കസേരയിൽ ഇരുന്നുറങ്ങുന്ന അജുവിനെ തട്ടി ഉണർത്തിയത് മിലിയാണ്. അജുവിന്റെയും ദിയയുടേയും മറ്റൊരു സുഹൃത്ത്.

“അജൂ….”

” ആഹ് മിലി താനെപ്പൊ വന്നു ?”

“ദേ വന്നു കയറിയതേ ഉള്ളൂ….. അജൂ താൻ വീട്ടിൽ പോയി ഫ്രഷ് ആയി വാ.. ഇവിടെ അതുവരെ ഞാൻ ഉണ്ടാകും. ”

തന്റെ വണ്ടിയുടെ താക്കോൽ മിലി അജുവിനു നേരേ നീട്ടി.

“ഏയ് വേണ്ടെടോ… ഞാൻ ഒരു ഓട്ടോയിൽ പോയി വരാം.”

” താനിതങ്ങോട്ട് പിടിക്ക് . എന്നിട്ട് വേഗം പോയി വാ ”

മിലി നിർബന്ധപൂർവ്വം വണ്ടിയുടെ ചാവി അജുവിനെ ഏൽപ്പിച്ചു.

അജു പുറത്തേക്കിറങ്ങുമ്പോൾ മിലി ദിയയുടെ കട്ടിലിൽ അവൾക്കരികിലായി ഇരിക്കുകയായിരുന്നു.

✍️ തുടരും.

– അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:13)

അലസമായി തന്റെ മുഖത്തേക്ക് തെന്നി വീഴുന്ന മുടിയിഴ വകഞ്ഞൊതുക്കി ജനാലയ്ക്ക് പുറത്തേക്ക് കണ്ണും നട്ട് ദിയ ഇരുന്നു.

മുറിയിലേക്ക് കടന്നു വന്ന മദ്ധ്യവയസ്കയായ ഒരു നേഴ്സ് ഒച്ചയുണ്ടാക്കി ചുമച്ചു കൊണ്ട് അവളിലെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.

ഹാ ആരു കേൾക്കാൻ ആരു ശ്രദ്ധിക്കാൻ…. കണ്ണിമവെട്ടാതെ ദിയ അതേ ഇരുപ്പ് തുടർന്നു.

” അല്ല…. ദിയക്കുട്ടി ഇന്ന് ഉഷാറാണല്ലോ…”

നേഴ്സ് അവളുടെ തോളിൽ തട്ടി വിളിച്ചു.

യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവൾ കണ്ണിമ സിസ്റ്റ്റുടെ നേർക്ക് ചലിപ്പിച്ചു.

” ഇന്നു കൂടി കഴിഞ്ഞാൽ ദിയമോൾക്ക് വീട്ടിലേക്ക് പോകാല്ലോ…. ഡോക്റമ്മ അച്ഛനെ വിളിച്ചിട്ടുണ്ട് ദിയയെ കൂട്ടാൻ വരാൻ ”

വർത്തമാനത്തിനിടയിൽ തന്റെ കയ്യിലിരുന്ന സിറിഞ്ചിൽ മരുന്നു നിറച്ച് ഇൻജക്ഷനുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നു നേഴ്സ്.

“എവിടെ ദിയമോളുടെ ഇടതു കയ്യ് കാണിച്ചേ…”

കൈ നൽകാൻ വിസ്സമതിച്ചുകൊണ്ടവൾ തിരിഞ്ഞിരുന്നു.

“മോളെ വേദനിപ്പിക്കാതെ നഴ്സ്സമ്മ ഈ മരുന്നു കുത്തിവെച്ചേച്ച് പോയേക്കാം… എന്താ?”

അപ്പൊഴേക്കും ദൂരെ നിന്നും നടന്നടുത്തൊരു കാൽപ്പെരുമാറ്റം ആ മുറിയുടെ വാതിൽക്കൽ വന്നു നിന്നു.

തുറന്നു കിടന്നിരുന്ന ഡോറിൽ അയാൾ രണ്ടു തവണ മുട്ടി.

നഴ്സ്സമ്മയുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.
‘അജു’

“ആഹാ…. ദിയ മോളെ നോക്കിയേ ഇതാരാ വന്നിരിക്കുന്നതെന്ന്.”

” സുഖമായിരിക്കുന്നോ മോനേ ?”

“അതെ നഴ്സ്സമ്മേ….. നാളെ ദിയയെ വീട്ടിലേക്ക് കൊണ്ടു പോകാമെന്നു ഡോക്ടർ പറഞ്ഞു.. അതുകൊണ്ട് വീട്ടിൽ എല്ലാവരും ചെറിയ തിരക്കിലാണ്. ഇന്നിവിടെ ദിയയുടെ കൂടെ അല്പനേരമിരിക്കാൻ വന്നതാ ഞാൻ. ”

അവരിരുവരുടെ സംസാരത്തിനിടയിൽ രണ്ടാളും അടിക്കടി ദിയയെ നോക്കുന്നുണ്ട്. അവൾ അവരെ ശ്രദ്ധിക്കാതെ മറ്റെന്തോ ചിന്തയിലാണ്.

” ഇതെന്താ നഴ്സ്സമ്മേ…… എന്റെ ദിയക്കുട്ടി പിണക്കത്തിലാണോ ?”

“ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ ആ പുസ്തകത്തിൽ എന്തെല്ലാമോ കുത്തിക്കുറിക്കുകയായിരുന്നു എന്ന് ഡ്യൂട്ടിയിലുണ്ടായ നേഴ്സ്സ് പറഞ്ഞു. ഉറങ്ങാതിരുന്നാലെങ്ങനാ അസുഖം മാറുന്നെ കരുതി ഒരു സെഡേഷൻ കൊടുക്കാൻ വന്നതാ ഞാൻ…. അതിന്റെതാണ് ഈ ഗൗരവം.”

” ആണോ ദിയാ ?” ചോദ്യ ഭാവത്തിൽ അജു ദിയയെ നോക്കി.

അപ്പോഴും അവളാ ജനാലയ്ക്കു പുറത്തേയ്ക്ക് കണ്ണും നട്ട് ചിന്തകളിൽ ആരെയോ തിരയുകയാണ്.

” നേഴ്സ്സമ്മേ….. ഇതെന്റെ ദിയക്കുട്ടിക്ക് വേണ്ട… കുറച്ചു നേരം ഞങ്ങൾ ഇതിലേയൊക്കെ ഒന്നു നടന്നു വരാം. നേഴ്സ്സമ്മ റൗണ്ട്സ് കഴിഞ്ഞെത്തുമ്പോഴേക്കും ദിയക്കുട്ടി ഉറങ്ങീട്ടുണ്ടാകും തീർച്ച. ”

പെട്ടെന്ന് അജുവിനു നേർക്ക് കണ്ണു പായ്ച്ച ദിയയെ നോക്കി ഒരു കള്ള ചിരിയോടെ നഴ്സ്സമ്മ പറഞ്ഞു.

“ഇത്ര നേരം ഞങ്ങളാരും വിചാരിച്ചിട്ട് നടക്കാത്തത് മരുന്നും മന്ത്രവുമില്ലാതെ ദിയമോളുടെ മൂപ്പെ ഒന്നു പരീക്ഷിക്കുന്നത് കാണട്ടേ… ഞാൻ പോയ് വരാം.”

നേഴ്സ്സമ്മ മുറി വിടുമ്പോൾ അജു ആ കട്ടിലിൽ ദിയയ്ക്ക് അരികിലായി ഇരുന്നു.

“ദിയാ…. എഴുന്നേറ്റ് വാ നമുക്കൊന്നു നടന്നിട്ടു വരാം”

അജുവിനൊപ്പം പോകാൻ വസ്സമ്മതിച്ച ദിയയുടെ കയ്ക്ക് പിടിച്ചവൻ നിർബ്ബന്ധപൂർവ്വം എഴുനേൽപ്പിച്ചു.

അഴിഞ്ഞു കിടന്നിരുന്ന അവളുടെ മുടിയിഴ ചീകി ഒതുക്കി മേശമേൽ കണ്ടൊരു ചുവന്ന റിബണിനാൽ ബന്ധിച്ചു.

“ഇനി ദിയക്കുട്ടീടെ മുടി അനുസരണക്കേട് കാട്ടില്ലാട്ടോ… മൂപ്പെ പറഞ്ഞു വിലക്കീട്ടുണ്ട്”

അടുത്തുള്ള കണ്ണാടി മേൽ പറ്റിപ്പിടിച്ചിരുന്നൊരു കുഞ്ഞു കറുത്ത പൊട്ട് നുള്ളിയെടുത്തവൻ അവളുടെ നെറ്റിയിൽ തൊട്ടു.

“ഹാ… ദേവീമ്മ പറയാറുള്ള പോലെ പൊട്ടു തൊട്ടപ്പോഴല്ലേ എന്റെ കുട്ടി ശ്രീദേവി ആയെ. ”

അജു ചിരിച്ചു ഒപ്പം നിർബന്ധപൂർവ്വം അവൻ അവളുടെ കവിളുകൾ ഇരു വശത്തേക്ക് വലിച്ചു പിടിച്ച് ദിയയെ ചിരിപ്പിച്ചെന്നു വരുത്തി.

മുന്നോട്ട് നടക്കാൻ മടികാട്ടി പിൻവലിഞ്ഞു നിന്ന ദിയയുടെ കയ്യിൽ അജു തെല്ലും ചിണുക്കത്തിൽ പിടി മുറുക്കി.

“വായോ ദിയക്കുട്ടീ”

വേച്ചു വേച്ച് മെല്ലെ അവൾ അജുവിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു. പൂന്തോട്ടത്തിലെ പൂവിറുത്തു നൽകി കുറുമ്പോടെ പാട്ടുപാട്ടി ദിയയുടെ കയ്കോർത്ത് അജു അവളെ ഉല്ലസ്സിപ്പിക്കാൻ ശ്രമിച്ചു.

പതിയെ അവളും ആ നടപ്പും ഇളം വെയിലു മുറിച്ചു കുളിരു പകരുന്ന കാറ്റും ആസ്വദിച്ചു തുടങ്ങി.

“ദിയാ….”
അവൾ മുഖമുയർത്തി അജുവിനെ നോക്കി.
“നിനക്ക് കടലു കാണാൻ തോന്നുന്നില്ലേ? ”

മധുരമുള്ള ഓർമ്മളെന്തോ തന്നെ പുണരും പോലെ ദിയ പുഞ്ചിരിച്ചു.

“നാളെ ഒന്ന് വീടെത്തിക്കോട്ടെ…… നമുക്ക് എവിടൊക്കെ പോകാനുണ്ട് എന്ന് അറിയുവോ. ”

അജു ആ പൂന്തോട്ടത്തിലെ മന്ദമാരുതനാൽ പുളകംകൊണ്ടു.

“ദിയാ…. നേഴ്സ്സമ്മ തിരികെ എത്താൻ സമയമടുക്കുന്നു. വായോ….. നമുക്ക് റൂമിലേക്ക് പോകാം. ”

ഇരുവരും തിരികെ നടന്നു.

റൂമിലെത്തി അകത്തു കടന്നതും അജു കതകു ചാരി. കട്ടിലിനരികിലേക്ക് നടന്ന ദിയയെ തടഞ്ഞു കൊണ്ട് അവൻ കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

അജു കട്ടിലിലെ കിടക്കവിരി മാറ്റി വിരിച്ചു. കിടന്നുകൊണ്ട് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കാൻ പാകത്തിന് കട്ടില് നീക്കിയിട്ടു.

“ദിയാ… ഇനി വന്നു കിടന്നോളൂട്ടോ….”

അവൻ ദിയയെ എഴുനേൽപ്പിച്ച് കിടക്കയിലേക്കിരുത്തി. അവൾ മെല്ലെ തലയിണയിലേക്ക് ചാഞ്ഞു. തുറന്ന ജനാലയിലൂടെ മറ്റേതോ ചിന്തയിലേക്ക് നടന്നു. അവൾളുടെ തലയ്ക് അരികിലായി അജുവും ഇരുന്നു.

“ദിയാ…. നേഴ്സ്സമ്മ വരാൻ സമയമായി. ഉറങ്ങണ്ടേ ? കണ്ണടച്ചു കിടന്നോളൂ. ”

അജു പതിയെ അവളുടെ നെറുകിൽ തലോടി. എന്തോ പ്രതീക്ഷിച്ചെന്ന പോലെ ദിയ അജുവിന്റെ കണ്ണുകളിലേക്ക് നോക്കി.

“ദിയക്കുട്ടിക്ക് മൂപ്പെ ഒരു കഥ പറഞ്ഞു തരട്ടേ? ”

തലയാട്ടി സമ്മതമറിയിച്ചു കൊണ്ട് ദിയ അജുവിന്റെ മടിയിലേക്ക് തല കയറ്റി വെച്ച് ചുരണ്ടു കൂടി.

അജു മെല്ലെ അവളുടെ മുടിയിഴകൾക്ക് ഇടയിലൂടെ വിരലോടിച്ചു.

ജനാലയ്ക്ക് പുറത്തേയ്ക്ക് കണ്ണോടിച്ച് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൻ അവളെ തന്റെ കഥയിലേക്ക് ക്ഷണിച്ചു.

“പണ്ടു പണ്ട്…….”

✍️ തുടരും .

– അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 12)

അവിടുന്ന് ഞങ്ങൾ ശ്രീയേയും ഒപ്പം വീട്ടിലേക്ക് കൂട്ടി.
ഉമ്മറത്ത് ബൈക്ക് വന്നു നിന്ന ഒച്ച കേട്ട് ദിയാമ്മ വന്നു കതകു തുറന്നു .

“അല്ല ഇതാരാ…. ശ്രീയെ ഈ വഴി കണ്ടിട്ട് വർഷങ്ങളായല്ലോ…”

ശ്രീ പുഞ്ചിരിച്ചു.

” പഠനം കഴിഞ്ഞ് രണ്ടു വർഷത്തോളം പുറത്തായിരുന്നു അമ്മേ ..”

“ആഹ് അതെയോ?….
വന്ന കാലിൽ നിൽക്കാതെ മോൻ അകത്തേക്ക് വാ.. ദിയാ അജൂ ശ്രീയെയും കൂട്ടി കയറി വാ.. ഞാൻ ഭക്ഷണം വിളമ്പാം”

അപ്പോഴേക്കും അകത്തു നിന്നും എന്റെ അമ്മയും എത്തിക്കഴിഞ്ഞു.

ശ്രീയോടുള്ള കുശാലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ ഊണു മേശയ്ക്ക് ചുറ്റും ഇരുന്നു.

ഏറെ നാൾക്ക് ശേഷം ഞങ്ങൾ ഒന്നിച്ചൊരു അത്താഴമുണ്ടു.

“ആദി എന്ത്യേ ?”
ശ്രീ ദിയയുടെ അനിയനെ തിരക്കാതിരുന്നില്ല.

” അവൻ ദിയുടെ ചെറിയമ്മേടെ അടുത്താണ്…. ദിവസേന ഇവിടുന്നു സ്കൂളിലേക്ക് പോയി വരാനുള്ള ബുദ്ധിമുട്ടു കാരണം ഇപ്പൊ അവധി ദിവസങ്ങളിലേ ഇവിടേക്ക് വരവുള്ളൂ……”

പിന്നെയും ഏറെ നേരം ദിയയുടെ മുറിക്കുള്ളിൽ ഞങ്ങൾ ഒന്നിച്ച് പാട്ടും കളികളും പഴഞ്ചൻ വിശേഷങ്ങളുമായ് സമയം ചിലവഴിച്ചു.
രാത്രി ഏറെ വൈകിയാണ് ഞങ്ങൾ അവിടെ നിന്നു പിരിഞ്ഞത്.

പിറ്റേന്ന് ശ്രീയും ദിയയും ചേർന്നാണ് ഞങ്ങളെ എയർപ്പോർട്ടിൽ വിട്ടത്.

ദിയയോട് യാത്ര പറയുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞു. ‘എന്തിനിത്രയും വിഷമിച്ച് ഇങ്ങനൊരു യാത്ര’ എന്ന് പല കുറി മനസ്സു പറഞ്ഞെങ്കിലും. പ്രാരാബ്ധങ്ങളോർത്തപ്പോൾ പോകാതെ തരമില്ലെന്നു തോന്നി.

ശ്രീയോട് യാത്ര പറയാൻ തിരിഞ്ഞപ്പോൾ എന്തിനെല്ലാമോ നന്ദി പറഞ്ഞവൻ വങ്ങിപ്പൊട്ടി.. ശ്രീയേയും ദിയയേയും ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണുകളും കലങ്ങിയിരുന്നു.

അതിനു ശേഷം അടിക്കടി വിളിച്ചു സംസാരിച്ചിരുന്നു ഞാൻ ഇരുവരോടും . ജീവിതത്തിലെ തിരക്കുകളിൽ അകപ്പെട്ടപ്പോൾ… വിളിയും കുശലാന്വേഷണവും കുറഞ്ഞു. എങ്കിലും കീറാത്ത മുറിയാത്തൊരു ആത്മ ബന്ധം ഞങ്ങൾ ഹൃദയത്തിലെവിടെയോ കാത്തു വെച്ചിരുന്നു.

പിന്നെ ദിയ പലപ്പോഴും സന്ദേശങ്ങൾ അയച്ചിരുന്നു. അടിക്കടി വീഡിയോ കോൾ വഴി ഞങ്ങൾ എല്ലാവരും പരസ്പരം കണ്ടു മിണ്ടി. അമ്മ പതിയെ അവിടുത്തെ സാഹചര്യങ്ങളോട് ഇണങ്ങി.

അന്നാ എയർപ്പോർട്ടിൽ വെച്ചാണ് അവസാനമായ് ഞാൻ ദിയയേയും ശ്രീയേയും കാണുന്നത്. പിന്നെ ഇന്നലെ ആ കിടക്കയിൽ ഇത്തരമൊരു അവസ്ഥയിൽ……”

അജുവിന്റെ തൊണ്ടയിടറി… ഡോക്ടർ സൂസനു മുന്നിലിരുന്നയാൾ സങ്കടമടക്കാൻ പാടുപെട്ടു.

“അജൂ….. എല്ലാം ശെരിയാകുമെടോ…. താൻ വിഷമിക്കരുത്. ഇപ്പൊ ദിയയ്ക്ക് മനോബലം നൽകേണ്ടുന്നത് താനല്ലേ…. എന്നിട്ടിങ്ങനെ തളർന്നാലോ.”

അജു തന്റെ കണ്ണു തുടച്ചു. ഇരുവരും കൈകഴുകാനെഴുന്നേറ്റു . അലക്സേട്ടനോട് ബിരിയാണി അസ്സലായീന്നും പറഞ്ഞ് ബില്ല് കൊടുത്ത് ഇറങ്ങുമ്പോൾ.. ഡോക്ടർ പിന്നേയും അജുവിനോട് തരക്കി.

“പിന്നെ നടന്നതൊന്നും താൻ അറിഞ്ഞില്ലേ ? ദിയ പറഞ്ഞില്ലേ തന്നോട് ? ”

” ഇല്ല ഡോക്ടർ. ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ദിവസം നേരേ പോയത് ദിയയെ കാണാനാണ്. എന്നാൽ അവൾ ഇവിടാണെന്ന് അവളുടെ അച്ഛൻ പറയുമ്പോഴാണ് അറിയുന്നത്. ഇന്നലെ ഇവിടെ വന്ന് ദിയയെ കണ്ടിട്ട് ഞാൻ പോയത് ദിയയുടെ മുറിയിലേക്കാണ്.. അവിടുന്ന് അവളുടെ ഡയറിയുമെടുത്ത് എന്റെ വീട്ടിലേക്കും.

“മ അപ്പൊ ശ്രീയോ ?”

” ഇതിനിടയിൽ ശ്രീയെ തിരഞ്ഞു ഒരുപാട്.. എന്നിട്ടും കണ്ടെത്താനായില്ല. ഇനിയും തിരച്ചിൽ തുടരും എനിക്ക് അവനെകണ്ടെത്തിയേ മതിയാകൂ… ”

അജുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.

✍️തുടരും .

– അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 11)

പിന്നെ ഞാൻ തെല്ലും അമാന്തിച്ചില്ല.
ശ്രീയെയും കൂട്ടി ദിയയുടെ അടുത്തേക്ക് നടന്നു. അവന്റെ ഭാഗത്തു നിന്നുണ്ടായ എതിർപ്പുകൾ ഒന്നും വകവെച്ചില്ല.

ദിയ എങ്ങനെ പ്രതികരിക്കും എന്ന വ്യാകുലതയായിരുന്നു ശ്രീയുടെ നെഞ്ചിൽ നിറയെ.

ഞാൻ കണ്ടറിഞ്ഞു വളർന്ന ദിയ അവളേറെ സ്നേഹിച്ച സ്നേഹിക്കുന്ന വ്യക്തിയോട് എപ്രകാരം പെരുമാറും എന്നതിൽ എനിക്ക് യാതൊരുവിധ ചിന്താകുഴപ്പവും ഇല്ലായിരുന്നൂ.

“അജൂ….. ഞാൻ വരാം അവൾക്കു മുന്നിലേക്ക്., പക്ഷേ”

“എന്തിനാ ഇപ്പൊ ഒരു പക്ഷേ ?”

” നീ നോക്കിയേ… അകന്നു മാറിയെങ്കിലും പലരും നമുക്കു ചുറ്റും ഉണ്ട്. അവളെങ്ങനെ പ്രതികരിക്കും എന്നെനിക്ക് ധാരണ ഇല്ല. മറ്റുള്ളവർക്ക് ഇതൊരു സംസാരവിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അജൂ…….”

അതെ ശരിയാണ്. ഞാനില്ലാതിരുന്ന രണ്ടു മൂന്നു വർഷത്തിനിടയിൽ ദിയയിൽ എന്തു മാറ്റമാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അത്തരത്തിൽ അരുതാത്തൊരു പ്രതികരണം അവളിൽ നിന്നുണ്ടായാലോ…..

“ശ്രീ… താൻ അവിടേയ്ക്ക് മാറി നിൽക്കൂ ഞാൻ ദിയയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാം .”

ആളൊഴിഞ്ഞ ദിശയിലേക്ക് ശ്രീയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷം ഞാൻ ദിയക്ക് അരികിലേക്ക് നടന്നു.

“ദിയാ….”

” …ആഹാ… അജൂ നീ വന്നോ ? എനിക്കുള്ള മിഠായി എന്ത്യേ ? ”

” അത് ദിയാ…. മിഠായി വാങ്ങാനല്ല ഞാൻ കടയിലേക്ക് പോയത്. നിനക്ക് അതിലും മധുരമുള്ള മറ്റൊരു സമ്മാനം ഞാൻ കരുതിയിട്ടുണ്ട്.”

“എന്നിട്ട് എന്ത്യേ ???”

” നീ വാ നിന്നു കടലു കാണാൻ തുടങ്ങിയിട്ട് ഏറെ നേരമായില്ലേ….. ഇനി ഒരൽപം നടന്നു കാണാം. ”

ഞാൻ ആ മണൽപ്പരപ്പിലൂടെ കടലോരം ചേർന്നു നടന്നു ഒപ്പം തിരമുട്ടി അവളും.

“അജൂ…. പറയ് എന്താ എനിക്കുള്ള സമ്മാനം?”

“എന്താവും നീ പറയ്…”

“മ്….. മിഠായി അല്ലേൽ അതിലും മധുരിക്കുന്ന എന്താ മൂപ്പെ എനിക്കായ് കരുതീട്ടുണ്ടാവുക??🤔🤔
ഈ സാഹചര്യത്തിൽ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും വല്ല്യ സമ്മാനം എന്താണെന്ന് അറിയുവോ ?”

“എന്താ ? ”

“നീയാ ഫ്ലൈറ്റ് ടിക്കറ്റ് ഈ കടലിലേക്ക് വലിച്ചെറിഞ്ഞ്. പഴയ മൂപ്പയായിട്ട് എന്റെ കൂടെ വീട്ടിലേക്ക് വരണം ന്ന് .”

“ആഹ്….. ആഗ്രഹം കൊള്ളാം പക്ഷെ നടത്തി തരാൻ നിർവാഹമില്ലെന്ന് ഞാനായിട്ട് പറയണ്ടല്ലോ നിന്നോട് ?”

” മ്…”

അവളുടെ സ്വരം താഴ്ന്നു.

“ഏയ് ദിയാ….. മൂഡ് ഓഫ് ആവല്ലേടോ…. അതിലും വലിയ ഒരു സമ്മാനം ഞാൻ തനിക്ക് തരാൻ പോകുവാ.”

“എന്താ അത്?”

ഞങ്ങളിൽ നിന്നും കുറച്ച് അകലെ മാറി നിന്ന നിഴലിലേക്ക് ഞാൻ വിരൽ ചൂണ്ടി.

“ദേ എന്റെ ദിയക്കുട്ടിക്കുള്ള ഈ മൂപ്പെടെ സമ്മാനം.”

അവൾ ഒന്നേ നോക്കിയുള്ളൂ…… കണ്ണെടുക്കാതെ നിശബ്ദം സ്തംബിച്ചു നിന്നു. അത് ശ്രീയാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ടാവണം. ആ നിഴൽ അടുത്തടുത്തു വരുന്തോറും ദിയയുടെ കണ്ണുകൾ നിറയുണ്ടായിരുന്നു.

“ദിയാ… ഐ ആം സോറി ദിയാ…. ”

ശ്രീ വിതുമ്പി കരഞ്ഞു കൊണ്ട് അവൾക്ക് അരികിലേക്ക് വന്നു.

ഒരു നിമിഷം എന്നെ ഭയപ്പെടുത്തിക്കൊണ്ട് ദിയ ഒരൽപം കുതറി മാറി. അടുത്ത നിമിഷം ഞങ്ങൾ ഇരുവരെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് ദിയ ശ്രീയെ മുറുകെ പുണർന്നു.

“ഇല്ല തെറ്റു പറ്റിയത് നിനക്കാണ് ശ്രീ….. നമ്മുടെ ദിയ മാറിയിട്ടില്ല.”

പരിഭവങ്ങൾക്കും ക്ഷമാപണങ്ങൾക്കുമൊടുവിൽ ദിയ ഞങ്ങളെ ചേർത്തു പിടിച്ചു.

“ഇവനെന്റെ ആദ്യ സൗഹൃദവും നീയെന്റെ ആദ്യ പ്രണയവുമാണ്. രണ്ടും എനിക്കത്രമേൽ വിലപ്പെട്ടതും”

തുടരും.

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം :- 10)

“ഒക്കെ പറയാം അജൂ “

നേരിയ ദീർഘ നിശ്വാസത്തോടെ അവൻ തുടർന്നു.


” അജൂ…. എന്നോട് ക്ഷമിക്കെടോ…. ദിയയെ മനസ്സിലാക്കാൻ എനിക്കൊരല്പം സമയം ആവശ്യമായിരുന്നു.  താൻ പോയ ശേഷം ഞാൻ ദിയയെ ചിരിച്ചു കണ്ടിട്ടില്ല. എവിടേയും എപ്പോഴും ഒരു വിഷാദഭാവം. പഴയ പോലെ  വിളിക്കാറില്ല, മിണ്ടാറില്ല.
ഒരിക്കൽ, ഏറെ ദേഷ്യത്തോടെയാണ് ഞാനവളെ സമീപിച്ചത്.  പക്ഷേ അവിടെയും എന്നെ കേൾക്കാനോ മനസ്സിലാക്കാനോ അവൾ ശ്രമിച്ചില്ല. ദേഷ്യമായിരുന്നോ വിഷമമായിരുന്നോ അവളുടെ കണ്ണുകളിൽ ജ്വലിച്ചതെന്ന് മനസ്സിലാക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു.

അന്നവൾ എനിക്കു നേരേ ചൂണ്ടിയ വിരൽ അത് തനിക്കു വേണ്ടിയായിരുന്നു. നിങ്ങളുടെ സൗഹൃദത്തിനു വേണ്ടിയായിരുന്നു. 
അവിടെയും ഞാനവളെ പഴിച്ചു.  വേശിയെന്ന് മുദ്രകുത്തി അപമാനിച്ചു.

തെറ്റു പറ്റിപ്പോയി അജൂ…. എനിക്ക് തെറ്റു പറ്റിപ്പോയി. നിങ്ങളുടെ സുഹൃത്ത് ബന്ധം എത്ര ധൃടമാണ്  എന്ന് അറിയാത്തതു കൊണ്ടല്ല.  ദേഷ്യത്തിനു പുറത്ത് വാശിക്കു പുറത്ത് പറയാൻ പാടില്ലാത്തതു പലതും ഞാൻ പലപ്പോഴായി പുലമ്പി. അവളെ മാനസ്സികമായും ശാരീരികമായും കുത്തി നോവിച്ചു.  അവളെ മനസ്സിലാക്കാൻ പലപ്പോഴും എന്നോടായവൾ യാചിച്ചു. എന്നാൽ എന്നെ നിയന്ത്രിക്കാൻ എനിക്കു തന്നെ കഴിഞ്ഞിരുന്നില്ല.

അജൂ… നീയെന്നെ വിശ്വസിക്കണം നിങ്ങളുടെ ബന്ധത്തിൽ യാതൊരു വിധ തെറ്റിധാരണയും എനിക്കില്ല. അവളെ ചൊടിപ്പിക്കാൻ, എന്നോടൊരു വാക്ക് മിണ്ടിക്കാൻ   മറ്റു മാർഗ്ഗമില്ലാതെ പലപ്പോഴായ്  പറഞ്ഞു പോയതാണ്.
അന്ന് അവസാനം കോളേജ് ഡേയുടെ അന്ന്   അവളിലെ പ്രതികരണം എന്നെ വല്ലാതെ ഭയപ്പെടുത്തി.  അലറി  വിളിച്ചു കൊണ്ട് അവളെന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു. മുഖം അള്ളി മുറിച്ചു. എന്റെ കരങ്ങൾക്ക് തടുക്കാവുന്നതിനും അപ്പുറം അവൾ ശക്തയായ് അനുഭവപ്പെട്ടു. സ്വബോധം നഷ്ടമായൊരു ഭ്രാന്തിയെപ്പോലെ അവളെന്നൊട് എന്തെല്ലാമോ ആക്രോഷിച്ചു.  അവളുടെ ഭാവ വ്യത്യാസം എന്നിലും മാറ്റം സൃഷ്ടിച്ചു.  ഒന്നു സമാധാനപ്പെടാൻ ഞാനാ കാലു പിടിച്ച് കേണപേക്ഷിച്ചു. ഒന്നും അവൾ ചെവിക്കൊണ്ടില്ല. എന്നെ തള്ളി മാറ്റി  രണ്ടാം നിലയുടെ മുകളിൽ നിന്നവൾ താഴേക്ക് കുതിച്ചു.  താഴെ മൺകൂനയ്ക് മുകളിൽ വീണവൾ പുളയുമ്പോൾ നിസ്സഹായനായ് നോക്കി നിൽക്കാനേ എനിക്കായുള്ളൂ……
ആശുപത്രിയും ചികിൽസയുമായ് അവൾ ബോധരഹിതയായ് കിടന്നിരുന്ന ആ രണ്ടു ദിനങ്ങൾ ഞാനാ ഐ. സി.യു വിന്റെ പുറത്ത് കാവലിരുന്നു. 

മൂന്നാം നാൾ അവൾ കണ്ണുതുറന്നു അമ്മയോട് സംസാരിച്ചു എന്നറിഞ്ഞ ശേഷം  പിന്നെ അവിടെ നിൽക്കാൻ എനിക്കായില്ല.  ഭയമായിരുന്നു നെഞ്ചിൽ നിറയെ…..

അന്ന് അവസാനമായ് ആ ഐ.സി.യു വിനു പുറത്തു നിന്നൊരു നോക്ക് കണ്ടു ഞാൻ മടങ്ങി.

സുഹൃത്തുകളോട് തിരക്കി അവളുടെ രോഗാവസ്ഥയെപ്പറ്റി ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം ഭേദമായിട്ട് ക്ലാസ്സിൽ വരുമെന്നു കരുതി പക്ഷേ……..

അതിനു ശേഷം അവൾ ക്ലാസ്സിൽ വന്നതേയില്ല.. പരീക്ഷാ ദിവസങ്ങളിൽ ആരോ ഒരാൾ കൊണ്ടാക്കി, വിളിച്ചുകൊണ്ട് പോകുന്നത് കാണാം.  അവിടെയും അവൾക്ക് മുഖം കൊടുക്കാൻ ഞാൻ ഭയപ്പെട്ടു.

കോളേജ് അവസാനിച്ചതോടെ ആ കാണലും നിന്നു.

പിന്നെ വല്ലപ്പോഴും തന്റെ വീട്ടിലേക്കുള്ള വഴിയിൽ മറഞ്ഞു നിന്നു ഞാൻ കണ്ടിരുന്നു അവളെ . ആകെ അവൾ വീടിനു പുറത്തിറങ്ങിയിരുന്നത് നിന്റെ അമ്മയെ കാണാൻ മാത്രമായിരുന്നു.  ഇന്നിപ്പോൾ ഇവിടെ അവളെ കാണുമ്പോൾ എന്റെ ഉള്ളിലെ സന്തോഷമെന്തെന്നോ,
അവളുടെ മുഖത്തെ ആ പഴയ പ്രസരിപ്പ് എന്റെ നെഞ്ചിൽ പകരുന്ന സമാധാനമെന്തെന്നോ പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അജൂ……”

എല്ലാം കേട്ടു കഴിഞ്ഞ് ഞാൻ മൗനമായ് തുടരുമ്പോൾ…..
വിങ്ങിപ്പൊട്ടി ശ്രീ എന്റെ കാൽക്കൽ വീണു.

” എന്നോട് ക്ഷമിക്കൂ അജൂ…..”

അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ചേർത്ത് നിർത്തുമ്പോൾ എന്നിലവനോട് തെല്ലും നീരസമുണ്ടായിരുന്നില്ല.

‘എന്താ എന്റെ ദിയക്കു പറ്റിയെ ?’ എന്നൊരു ചോദ്യം മാത്രമായിരുന്നു നെഞ്ചിൽ .

തുടരും.

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 9)

അന്ന് അവിടുന്നു നേരേ ദിയേയും കൂട്ടി അമ്പലപ്പറമ്പിലെ വാകച്ചോട്ടിലേക്കാണ് ഞാൻ പോയത്.

ക്ഷേത്ര ദർശനം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ നടപ്പാതയിലെ നീല പൂക്കൾ ഇറുത്ത് അവൾക്കു നേരേ നീട്ടാൻ മറന്നില്ല. ദിയ അത് കൈയ്യിൽ വാങ്ങിയെങ്കിലും, കുഞ്ഞി ദിയയിലെ ആ പഴയ ചിരി ഞാൻ കണ്ടില്ല.

ഒന്നും മിണ്ടാതെ ഏറെ നേരം വാകച്ചോട്ടിൽ ക്ഷേത്രക്കുളത്തിലേക്ക് കണ്ണും നട്ട് അവളിരുന്നു. ഒപ്പം ഞാനും .

“ദിയ…., ശ്രീ…. ശ്രീയെ വിളിക്കാറില്ലേ നീ ”

ഏറെ പണിപ്പെട്ടാണ് ഞാൻ ചോദ്യമുന്നയിച്ചത്.

ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി.

“എന്തു പറ്റി ? പിണങ്ങിയോ രണ്ടാളും?”

“അറിയില്ല. ”

“അവൻ വിളിച്ചില്ലേ നിന്നെ ?”

“അറിയില്ല. ”

“എല്ലാത്തിനും ഇങ്ങനെ ഇല്ലാ ഇല്ലാ പറഞ്ഞിരുന്നാൽ എങ്ങനാ…? ”

അവൾ ഒന്നും മിണ്ടിയില്ല. ഞാൻ തുടർന്നു.

“ദിയ….. പിണങ്ങണ്ടെടാ…. നീ ഈ മൂപ്പെയോട് ക്ഷമിക്ക്. നിനക്ക് ഞാൻ വേണ്ടുവോളം മിഠായി മേടിച്ച് തരാം.”

“എന്തിനാ അമ്മേ കൂട്ടി പോണെ?”

“ഹ അപ്പൊ അതായിരുന്നോ ഈ മൗനത്തിനുള്ള കാരണം. ഹൂ…….. ഇതുവരെ അമ്മ ഇവിടെ തനിച്ചായിരുനില്ലേ… ഇനിയും എങ്ങനാടാ ഒറ്റയ്ക്ക് നിർത്തി പോണെ? പാവല്ലേ എന്റെ അമ്മ. ”

” ഇത്ര നാളും അമ്മ തനിച്ചായിരുന്നോ ? അപ്പൊ ഞങ്ങളൊക്കെ?”

“ഹാ… ഞാൻ അത് ഉദ്ദേശിച്ചല്ല ദിയാ….”

“മതി ഒന്നും പറയണ്ട…… അല്ലേലും മകൻ തന്റെ അമ്മയെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നതിൽ എനിക്കെന്താ …….
കൊണ്ട് പൊക്കോ…”

“നിന്റെ വിഷമം കൊണ്ടാണ് നീയിതൊക്കെ പറയുന്നതെന്ന് എനിക്കറിയാം..
ആ ജോലി മതിയാക്കി ഞാനൊരു വരവു വരുന്നുണ്ട്. അച്ഛന്റെ മരണശേഷം കടങ്ങളും കടപ്പാടുകളും ചെറുതൊന്നുമല്ലാന്ന് നിനക്കറിവുള്ളതല്ലേ. ഒക്കെ വീടാൻ എനിക്കിന്നാ ജോലി കൂടിയേ തീരൂ ദിയാ… കുറച്ചുനാൾ അമ്മേം അവിടൊക്കെ ചുറ്റി കാണിച്ച് ഞങ്ങളിങ്ങ് വരുമെടോ…. ഇതല്ലേ നമ്മുടെ നാട് ഇവിടം വിട്ട് എന്നന്നേക്കുമായ് പോകാൻ എനിക്കാകുവോ ?”

അവളുടെ മുഖം വിടർന്നു. പതിയെ പതിയെ പരാതിയും പരിഭവവും ഒഴിഞ്ഞു. ഓർമകളും പലതും പങ്കിടാൻ വാക്കുകൾ തേടി.

“ദിയ നേരം സന്ധ്യയാവുന്നു. നീ വായോ നമുക്കൊരിടം വരെ പോകാം ”

“ഇനിയും എവിടേക്കാ അജൂ ? ”

” ദേ ചോദ്യം വേണ്ട ഇങ്ങ്ട് വാടോ…”

എനിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഏറെ നാളത്തെ വിശേഷങ്ങളൊക്കെയും ദിയ വാതോരാണ്ട് പറയുന്നുണ്ടായിരുന്നു. അപ്പോഴും ശ്രീയെ പറ്റി ഒരു സൂചന പോലും അവളുടെ ഭാഗത്തു നിന്നുണ്ടായില്ല.

അന്നു ഞാൻ നേരേ വണ്ടി പായ്ച്ചത് അല്പം ദൂരെയുള്ള കടപ്പുറത്തേക്കായിരുന്നു.
മനസ്സിനു വിഷമം തോന്നുമ്പോഴും അടങ്ങാത്ത സന്തോഷത്തിലും കടലു കാണുന്നത് ദിയക്കേറെ ഇഷ്ടമായിരുന്നു.

ഏറെ നേരം അവൾ കരയിലേക്ക് കുതിച്ചു കയറുകയും ശാന്തമായ് പിൻവലിയുകയും ചെയ്യുന്ന തിരമാലകളെ നോക്കി ഇമവെട്ടാതെ നിന്നു. അവളുടെ ഉള്ളിൽ അലയടിക്കുന്ന ചിന്തകൾ ഒക്കെയും ആ മുഖത്ത് മിന്നി മറഞ്ഞു.

പെട്ടെന്ന് പുറകിൽ നിന്നാരോ തട്ടി വിളിച്ചതായ് തോന്നിയിട്ടാണ് ഞാൻ പിൻ തിരിഞ്ഞു നോക്കിയത്.

“ശ്രീ….. എവിടാരുന്നൂ താൻ ? ”

” ഞാനാണോ നീയല്ലേ ഈ നാടുപേഷിച്ചു പോയത് ? ”

” നിന്നെ ഒന്നു കോൺടാക്ട് ചെയ്യാൻ ഞാൻ ഏറെ പണിപ്പെട്ടതാ…. ആർക്കും പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു അല്ലേ?”

അവൻ മന്ദഹസിച്ചു.

“അല്ല ഇതിപ്പൊ എവിടുന്നു പ്രത്യക്ഷപ്പെട്ടു? ദിയ വിളിച്ചു പറഞ്ഞോ അതിനിടയ്ക്ക്?”

“ദിയ… ദിയ വന്നിട്ടുണ്ടോ നിനക്കൊപ്പം ?”

ഏറെ അതിശയിച്ചാണ് അവൻ ചോദ്യമുന്നയിച്ചത്.

“പിന്നില്ലാണ്ട്. ദേ നിൽക്കുന്നൂ….”

മുന്നിലേക്ക് അൽപം മാറി തിരമാലയിലേക്കിറങ്ങി നിൽക്കുന്ന ദിയക്കു നേരേ ഞാൻ കൈ ചൂണ്ടി.

കുറച്ചു നേരം ശ്രീ അവളെ തന്നെ നോക്കി നിന്നു.

” എന്തു പറ്റി ശ്രീ ?”

” അജൂ….. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്. ദിയ എന്നെ കാണണ്ട..”

കാലിൽ മുത്തുന്ന തിരമാലയ്ക്കൊപ്പം ആഴക്കടലിലേക്കെറിയപ്പെട്ട ചിന്തകളുമായ് സ്വയം മറന്നു നിൽക്കുന്ന ദിയയുടെ ചുമലിൽ ഞാൻ കൈ വെച്ചു.

“ദിയ….”

“അജൂ… പ്ലീസ്… ഒരഞ്ചു മിനിറ്റ് കൂടി ”

” പോകാനല്ലെടാ വിളിച്ചെ. നീ ഇവിടെ നിൽക്ക് ഞാൻ ആ കടയിലൊന്ന് പോയി വരാം ”

സ്വർഗ്ഗം കിട്ടിയ സന്തോഷം പോൽ അവൾ സമ്മതം മൂളി.

ദിയയിൽ നിന്നു മാറി അവളെ കാണുമാറ് ദൂരെ ഞങ്ങൾ നിന്നു.

“ശ്രീ….. പറയെടോ… എന്താ പറ്റിയേ? എന്താ നീ അവൾക്ക് മുഖം കൊടുക്കാത്തെ?”

” ഒക്കെ പറയാം അജൂ ….”

നേരിയ ദീർഘ നിശ്വാസത്തോടെ അവൻ തുടർന്നു.

– തുടരും.

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 8)

അപ്പോഴും അവളിലെ പേന ഭ്രാന്തമായ് ചലിക്കുന്നുണ്ടായിരുന്നു.

എറിയപ്പെട്ട പുസ്തകങ്ങൾ ഓരോന്നായ് കയ്യിലെടുത്ത് ഞാൻ അവൾക്കരികിലേക്ക് നടന്നു. എന്റെ കാലൊച്ച കേട്ടതിനാലാവണം അവൾ ഒരു നിമിഷം എഴുത്തു നിർത്തി ചെവിയോർത്തു.

ആ കണ്ണുകൾ എന്റെ കാല് ലഷ്യമാക്കി ചലിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം ഞാനവളെ നോക്കി നിന്നു. അഴിഞ്ഞു വീണ മുടിയിഴകൾ എന്നിൽ നിന്നാ മുഖം മറച്ചു.

വന്നത് അവളുടെ മൂപ്പെയാണെന്നവൾ മനസ്സിലാക്കിയിരിക്കണം അതാവും ഇറ്റു വീണ മിഴിനീർ കണങ്ങൾ ആ കടലാസ്സിലെ മഷി പടരാൻ കാരണമായത്.

ഒരിക്കൽ പോലും മുഖമുയർത്തി എന്നെ നോക്കാൻ അവൾ തയാറായില്ല. ആ കരങ്ങളിൽ മുറുകെ പിടിച്ചിരുന്ന പേനയിപ്പോൾ നിശ്ചലമാണ്.

ആ നിലത്ത് അവൾക്ക് അരികിലായ് ഞാൻ ഇരുന്നു. വെറുതെ അവളുടെ മുന്നിലെ മഷി പടർന്ന കടലാസ്സിലേക്ക് കണ്ണോടിച്ചു.

SORRY, പല വലിപ്പത്തിൽ പല നിറങ്ങളിൽ ഇതേ പദം ആവർത്തിച്ചാവർത്തിച്ച് എഴുതി പിടിപ്പിച്ചിരിക്കുന്നു.

ചുരുട്ടിയെറിയപ്പെട്ട മറ്റു കടലാസ്സു കഷ്ണങ്ങളും ഞാൻ നിവർത്തി നോക്കി. ഏറെക്കുറെ എല്ലാത്തിലും ഇതേ പദം തന്നെ കാണാൻ കഴിഞ്ഞുള്ളൂ…. മറ്റു ചിലതിൽ അവിടവിടായ് ചിതറിയ ചിത്രങ്ങൾ. പലതിലും ഞാൻ എന്റെ കുട്ടിക്കാലം തന്നെയാണ് കണ്ടത്.

ഷർട്ടും പാന്റും ധരിച്ച അഞ്ചോ ആറോ വയസ്സുള്ളൊരു കുട്ടി. അവന്റെ കയ്യിൽ തൂങ്ങി കാഴ്ചകൾ കണ്ടു നടക്കുന്നൊരു കൊച്ചു മിടുക്കി.

എത്ര വേഗത്തിലാണ് കഴിഞ്ഞ ഇരുപത് വർഷത്തെ ഓർമ്മകൾ എന്റെ നെഞ്ചിലൂടെ കടന്നു പോയത്.

നനഞ്ഞ കണ്ണുകളോടെ ഞാൻ മുഖമുയർത്തി അവളെ നോക്കി.

“ദിയാ ക്ഷമിക്കെടൊ……. അന്ന് ഒന്നും മിണ്ടാൻ പറ്റിയ മാനസ്സികാവസ്തയിലല്ല ഞാൻ ഇവിടുന്നു പോയത്. ഇത്ര നാളും നിന്നിൽ നിന്ന് അകന്നു നിന്നതും എന്തിനായിരുന്നു എന്നത് എനിക്ക് അറിയില്ല. നീയീ മൂപ്പെയോട് ക്ഷമിക്ക്. എന്നെ ഒന്ന് നോക്കുവേലും ചെയ്യൂ ദിയാ….. പ്ലീസ്……”

അവളാ മുടിയിഴകൾ വകഞ്ഞൊതുക്കി എന്റെ നേർക്കു തിരിഞ്ഞു.

എന്റെ ദിയയിൽ അന്നേറേ മാറ്റം വന്നതായ് എനിക്കു തോന്നി.

ആ കണ്ണികൾക്ക് ചുറ്റും കറുപ്പ് വട്ടമിട്ടിരുന്നു.അവ എന്നെ തുളച്ച് മറ്റെന്തിലേക്കോ ഉറ്റു നോക്കുന്നതായ് അനുഭവപ്പെട്ടു.
ആ മുഖത്തെ പഴയ പ്രസരിപ്പ് കാണുന്നില്ല.
ദിയ നന്നേ ക്ഷീണിച്ചിരിക്കുന്നു. ജടകെട്ടിയ മുടിയിഴ അനുസരണക്കേട് കാട്ടി അവളുടെ മുഖത്തേയ്ക്ക് ഓരോന്നായ് തെന്നി വീണു തുടങ്ങിയിരുന്നു. അപ്പൊഴും ആ കണ്ണുകൾ ഇമ ചിമ്മാതെ എന്റെ നേർക്ക് നീണ്ടു നിന്നു.

“ദിയാ എന്തു കോലമാടാ ഇത് ?” എഴുനേൽക്ക്…. വേഗം പോയി കുളിച്ച് വേഷം മാറി വാ”

ഏറെ നിർബ്ബന്ധപൂർവ്വം ഞാൻ അവളെ പറഞ്ഞയച്ചു. ശേഷം നാലാളിന്റെ പണിയുണ്ടായിരുന്നു ആ മുറിക്കുള്ളിൽ. കിട്ടിയ സമയത്തിനുള്ളിൽ ഞാനവിടം പഴയ പടി ആക്കാൻ ശ്രമിച്ചു.

കുളി കഴിഞ്ഞെത്തി ദിയ ഒന്ന് അംബരന്നിരിക്കണം ആ തിളക്കം അവളുടെ മുഖത്തു നിന്ന് ഞാൻ അറിഞ്ഞു.

” കിടക്കുന്ന മുറി വൃത്തിയായ് സൂക്ഷിക്കാത്തതിൽ എന്നെ ശകാരിക്കുന്ന ആളാ ഇപ്പൊ കണ്ടില്ലേ….നിന്റെ മുറി വൃത്തിയാക്കാൻ ഞാൻ ലണ്ടനിൽ നിന്നും ലീവിനു വരേണ്ടി വന്നു. ”

അവൾ ചിരിച്ചുവോ ? ഇല്ല ചിരിച്ചതായ് ഭാവിച്ചു.

അപ്പൊഴേക്കും താഴെ നിന്നും ദിയാമ്മേടെ വിളി വന്നിരുന്നു.

“നീ നല്ലൊരു വേഷമിട്ട് താഴേക്ക് വാ നമുക്കൊന്ന് പുറത്ത് പോയി വരാം.”

അവളുടെ ഭാഗത്തു നിന്നും മറുപടിയൊന്നും ഉണ്ടായില്ല.

അവളുടെ അലമാര തുറന്ന പാടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരു മഞ്ഞ ചുരിദാറായിരുന്നു. പത്തൊമ്പതാം വയസ്സിലെ ദിയക്കുള്ള എന്റെ പിറന്നാൾ സമ്മാനം.
ഏറെ പണിപ്പെടാതെ മുകളിലത്തെ തട്ടിൽ നിന്നും ഞാനത് കണ്ടെടുത്ത് കട്ടിലിലേക്കിട്ടു.

“അന്ന് ഇതൊന്ന് ഇട്ടു കാണാൻ കഴിഞ്ഞില്ല. അതിനു മുന്നേ ഞാൻ പോയിരുന്നല്ലോ….. ഇന്നിപ്പോൾ നീയിതും ഇട്ടെന്റെ കൂടെ വന്നേ മതിയാകൂ….”

ദിയയെ ഉള്ളിലാക്കി മുറിക്ക് പുറത്തിറങ്ങി താഴേക്കു നടക്കുമ്പോൾ നഷ്ടപ്പെട്ടതെന്തൊക്കെയോ തിരിച്ചു പിടിക്കണമെന്ന് മനസ്സ് ആവശ്യപ്പെട്ടു.

അമ്മമാരുടെ അടുക്കലിരുന്ന് ചായ ഊതിയാറ്റി പഴം പുരാണം കേൾക്കുമ്പോഴും… ദിയ താഴേക്ക് വരുന്നുണ്ടോ എന്നതിലേക്കായിരുന്നു എന്റെ ശ്രദ്ധ.

മഞ്ഞ നിറത്തിൽ അവിടവിടായ് വെള്ള നൂലിഴ തുന്നിപ്പിടിപ്പിച്ച ആ ചുരിദാറും അണിഞ്ഞ് അവൾ ഇറങ്ങി വന്നത് എന്നെ ഏറെ സന്തോഷവാനാക്കിയിരുന്നു.

ഏറെ നാൾക്ക് ശേഷം അവളിലെ മാറ്റം അമ്മമാരേയും ഏറെ സന്തോഷിപ്പിച്ചു.

“എന്റെ ദിയക്കുട്ടിയേ എന്തു ഭംഗിയാ ഇപ്പൊ നിന്നെ കാണാൻ…. മ് എന്തോ കുറയുന്നുണ്ടല്ലോ??…”

അമ്മ തന്റെ മുഖത്തിരുന്ന പൊട്ടെടുത്ത് ദിയയുടെ നെറ്റിയിൽ തൊട്ടു.

” ഹാ ഇനിയൊന്ന് ചിരിച്ചേ….”

ദിയ പുഞ്ചിരിച്ചു.

“ദേ ഇപ്പോഴാ നീ ഞങ്ങടെ പഴയ ആ ദിയക്കുട്ടി ആയത്. ”

അമ്മേടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ചെറിയൊരു നീരസം എന്നോട് ഉള്ളതായി തോന്നി.

“ദിയാമ്മേ…. നിങ്ങളു വർത്താനം പറഞ്ഞിരിക്ക്… ഞങ്ങളൊന്നു പുറത്തു കറങ്ങി വരാം.”

ദിയയേം കൂട്ടി മുറ്റത്തേക്കിറങ്ങുമ്പൊ
ദിയാമ്മേട ശബ്ദം പിന്നാലെ വന്നു.

“അജൂ…. രാത്രി ഭക്ഷണം ഇവിടുന്നാവാട്ടോ.”

സമ്മതം മൂളി മുന്നോട്ടു നടന്നപ്പോൾ ദിയ പിന്നിൽ മടിച്ചു നിന്നു.

“എവിടേക്കാ അജൂ ? ”

” എവിടാന്നൊക്കെ അറിഞ്ഞാലേ നീ എന്റൊപ്പം വരുള്ളോ ? ഇങ്ങ്ട് വാടോ…”

ഏറെ നാൾക്ക് ശേഷം ദിയയുടെ കയ്യും പിടിച്ച് ആ പടവുകൾ ഇറങ്ങുമ്പോൾ ഓർമ്മകൾ പതിനെട്ടു വർഷം പിന്നിലേക്ക് നെട്ടോട്ടമോടി.

തുടരും.✍️

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 7)

അവളിലെ വിഷമം എന്റെ കൈകളെ വരിഞ്ഞു മുറുക്കി . ആ നിറഞ്ഞൊഴുകിയ കണ്ണീർ കണങ്ങൾക്ക് ഇനിയുമെന്തെല്ലാമോ പറയുവാൻ ബാക്കി നിൽക്കുന്നതായ് തോന്നി. അവളെ ആശ്വസിപ്പിക്കാൻ എന്റെ പക്കൽ വാക്കുകൾക്ക് ഏറെ ദാരിദ്ര്യം അനുഭവപ്പെട്ടു.
” ദിയ , പോട്ടേടോ….. താൻ വിഷമിക്കണ്ട, ശ്രീയെ തെറ്റുപറയാൻ കഴിയില്ല. പുറത്തു നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ നമ്മുടെ സൗഹൃദം അരുതാത്ത ബന്ധമായി തോന്നിയെന്നു വരാം. എന്നെ നിനക്കും നിന്നെ എനിക്കും അറിയുന്ന പോലെ മറ്റാർക്കാ മനസ്സിലാക്കാൻ കഴിയുന്നത്? “

” ഇത് ആദ്യമല്ല .. അജൂ….. നീ ആദ്യത്തെ വ്യക്തിയുമല്ല… അവനിങ്ങനെ അല്ലാർന്നുല്ലോ……. എന്താ ഇങ്ങനെയെന്ന് എത്ര ഓർത്തിട്ടും മനസ്സിലാകുന്നില്ല. “

അവളുടെ പ്രശ്നങ്ങൾക്ക് കാതു കൊടുക്കാനല്ലാതെ പരിഹാരം പറയാൻ എനിക്കായില്ല. പ്രായത്തിന്റെ പക്വതയില്ലായ്മയാവാം അവനിൽ ഇത്തരം ചിന്തകളുണർത്തുന്നതെന്നു തോന്നി…. പല കുറി ഇതേപ്പറ്റി സംസാരിക്കണമെന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല.

ദിനങ്ങൾ പിന്നിടും തോറും ദിയയിൽ നിന്നും ഒരുപാട് അകലം വന്ന പോലെ അനുഭവപ്പെട്ടു. അവളെ കേൾക്കാനോ കാണാനോ അടുത്ത് ഇടപഴകുവാനും ഞാൻ ഭയപ്പെട്ടിരുന്നു.

ഇനിയും അവർകിടയിൽ ഞാനൊരു പശ്നമാകരുത് എന്ന തോന്നലാകാം ഒരു പക്ഷേ എന്നിൽ മാറ്റം സൃഷ്ടിച്ചത്.

അമ്മേടയും ദിയയുടേയും അനുവാദമില്ലാതെ ആദ്യമായ് ഞാനെടുത്തൊരു തീരുമാനമായിരുന്നു ഡിഗ്രിക്ക് ശേഷം ഉപരിപഠനത്തിന് എന്നെ ലണ്ടനിലേക്ക് നയിച്ചത്. രണ്ടു  വർഷത്തെ പഠനത്തിനു ശേഷം ജോലിയും അവിടെ തന്നെ തരമായപ്പോൾ അടിക്കടിയുള്ള വന്നു പോക്ക് ഒഴിവാക്കാൻ അമ്മയേയും ഞാൻ ഒപ്പം കൂട്ടി. 

വീടും , അച്ഛനുറങ്ങുന്ന മണ്ണും വിട്ട് മാറി നിൽക്കാൻ അമ്മയ്ക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. അതിലുപരി ഞാൻ നാട്ടിലില്ലാതിരുന്നപ്പോൾ എപ്പോഴും അമ്മയ്ക്ക് കൂട്ടായിരുന്ന ദിയയെ പിരിഞ്ഞിരിക്കാൻ അമ്മ നന്നേ വിഷമിച്ചു.

അന്ന് അമ്മയെ കൂട്ടാൻ മൂന്നു ദിവസത്തെ ലീവിന് നാട്ടിൽ എത്തിയിരുന്നു ഞാൻ.
 
ദിയയെ കണ്ട് യാത്ര പറയാൻ അമ്മേം കൂട്ടി അവൾടെ വീട്ടിലേക്ക് നടക്കുമ്പോൾ അമ്മ കാര്യം തിരക്കി.

” അജൂ…. നിനക്കും ദിയക്കും ഇടയ്ക്ക് എന്തേലും പ്രശ്നം ഉണ്ടോ ? നീ അവളെ വിളിക്കാറില്ല മിണ്ടാറില്ല എന്തുപറ്റി രണ്ടാൾക്കും ? അവളോട് ചോദിച്ചപ്പോൾ നീയാ ഒഴിഞ്ഞു മാറുന്നേന്ന് പറഞ്ഞു. എന്താ പറ്റിയെ നിനക്ക്?”

അമ്മയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരഞ്ഞു ഞാൻ രണ്ടു മൂന്നു വർഷം പിന്നിലേക്ക് പോയി… അപ്പൊഴും അറിയില്ലാന്നു തന്നെ വായ മൊഴിഞ്ഞുള്ളൂ.

ശെരിക്കു പറഞ്ഞാൽ എന്തിന് എന്നൊരു ചിന്ത എന്നിലും ഉടലെടുത്തിരുന്നു.. പക്ഷേ കാലം കഴിയും തോറും കൂടിവന്ന തെറ്റിദ്ധാരണകളൊ , തുറന്നു സംസാരിക്കാൻ മടി വിചാരിച്ചതൊ അറിയില്ല. ഞാൻ അതിനോടകം അവളിൽ നിന്നേറെ അകന്നു.

ദിയയുടെ വീട്ടു പടിക്കലെ കാളിംഗ് ബെല്ലിന്റെ ഒച്ച എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

അമ്മ പടികയറി ഉമ്മത്തേയ്ക്ക് നടന്നപ്പോഴേക്കും ദിയയുടെ അമ്മ വന്നു വാതിൽ തുറന്നു.

” അജൂ…… നീയെന്നാ വന്നേ ? ദിയ പറഞ്ഞു കേട്ടില്ലല്ലോ നീ വരുന്ന കാര്യം. “

“ഇല്ല ദിയാമ്മേ ഞാൻ ദിയക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി പറയാതെയാണ് പോന്നത്. “

” ആഹാ കയറി വാ രണ്ടാളും അകത്തേയ്ക്കിരിക്കാം. “

അകത്തേയ്ക്ക് കടന്നതും അമ്മ ദിയയെ തിരക്കി.

“ദിയ മോളെവിടെ? “

“മുകളിലുണ്ട് ക്ലാസ്സ് കഴിഞ്ഞു വന്നതേ കയറിയതാണ്, ഉച്ചയൂണു പോലും വേണ്ടാ പറഞ്ഞ് ഒറ്റയിരുപ്പാ……”

” അതെയോ…. അജൂ… നീ പോയി ദിയയെ കൂട്ടീട്ട് വാ”

എന്നെ ദിയക്കരികിലേക്ക് അയച്ച്,   എന്റെ വരവിന്റെ ഉദ്ദേശത്തെ പറ്റി അവതരിപ്പിച്ചു കൊണ്ട് ദിയാമ്മയോടൊപ്പം അമ്മ അടുക്കളയിലേക്ക് നടന്നു.

മുകളിലേയ്ക്ക് കയറുമ്പോൾ അവളൾക്കെങ്ങനെ മുഖം കൊടുക്കുമെന്ന ചിന്ത എന്റെ കാലുകളെ പുറകിലേക്ക് വലിച്ചു.

ഡോറിൽ മുട്ടിയതും അകത്തു നിന്നും ശബ്ദമുയർന്നു.

” ലോക്ക്ടല്ല കയറി വന്നോളൂ…”

മനസ്സിനെ നല്ല പോലെ പാകപ്പെടുത്തി ഞാൻ ഡോറ് തള്ളി തുറന്നു.

കട്ടിലിലും, പരിസരത്തും കണ്ണോടിച്ചു. കണ്ടില്ല.

മുന്നിലേക്ക് നടന്നതും മുറിയാകെ എഴുതിയെറിഞ്ഞ കടലാസ്സു കഷ്ണങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

ബാൽക്കണിയിലേക്കുള്ള കതക് തുറന്നു കിടപ്പുണ്ട്.

വർഷങ്ങൾക്ക് ശേഷം വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾക്കും , കടലാസ്സുകൾക്കും നടുവിൽ അഴിഞ്ഞു വീണ കേശഭാരവുമായ് ഞാനവളെ കണ്ടു.

അപ്പോഴും ഭ്രാന്തമായ് അവളിലെ പേന ചലിക്കുന്നുണ്ടായിരുന്നു.

തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 6)

അവിടുന്നങ്ങോട്ട് അവരുടെ ദിനങ്ങളായിരുന്നു. ദിയ ഒത്തിരീ സന്തോഷവതിയായിരുന്നു. ഞാനും .

ശ്രീ അവൾക്ക് തീർത്തും നല്ലൊരു ജീവിത പങ്കാളിയാവുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. അവൻ ഞങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്ന താവും ശെരി.

ഒരേ കോളേജിൽ ഒന്നിച്ചു പഠിക്കാനും അവസരം കിട്ടിയപ്പോൾ പിന്നങ്ങോട്ട് ദിയ പരമേശ്വറും, അജിത്ത് ശങ്കറും, ശ്രീറാം ചന്ദ്രനും ചേർന്ന് സൗഹൃദമെന്ന പദത്തിനെ ദിവ്യമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു.. ചുറ്റും സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. ആഗ്രഹിക്കുന്നതെല്ലാം കൈ വന്ന പോലൊരു ജീവിതം. സന്തോഷത്തിന്റെ കൊടുമുടിയോളം കയ്യെത്തി നിൽക്കുന്ന ആ സമയം.

ഒരിക്കൽ ക്യാമ്പസ്സ് വളപ്പിലെ ഒരു മരത്തണലിൽ തനിച്ചിരിക്കുന്ന ദിയയെ കണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

” എന്താണു മാഡം തനിച്ചിരിക്കുന്നത് ? എവിടെ നിന്റെ കാമുകൻ?”

മ്ലാനമായൊരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി.

“എന്തുപറ്റി ദിയ? എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ?”

“ഏയ്…… ഒന്നൂല്ലെടാ….
ഇന്നത്തെ ദിവസം നിനക്ക് ഓർമ്മയുണ്ടോ ?”

“ഇന്നെന്താ പ്രത്യേകത? ”

സംശയ ഭാവത്തിൽ ഞാനവളെ നോക്കി അപ്പോഴും അവൾ മറ്റെന്തോ ചിന്തയിലായിരുന്നു. പിന്നെ തുടർന്നു.

” ഓ ഇന്നാണോ June 6? പതിനാറു വർഷം മുൻപ് ഇതേ ദിവസമല്ലാർന്നോ ഇടം കയ്യിലൊരു മഞ്ചു മിഠായി എന്റെ നേർക്ക് നീണ്ടത് ?”

എനിക്കൊപ്പം ദിയയും ചിരിച്ചു. പക്ഷേ അവളുടെ ചിരിയിൽ വിഷാദം നിഴലിച്ചു. കാര്യമെന്താണെന്ന് എത്ര തിരക്കിയിട്ടും അവളിൽ ഉത്തരമില്ലായിരുന്നു.

“ദിയാ ബാ നമ്മുക്ക് celebrate ചെയ്യാം. അവനെവിടെ ശ്രീ?”

അറിയില്ല എന്ന ഭാവത്തിൽ അവൾ തലയാട്ടി…

“വായോ അന്വേഷിക്കാം ” . ഞാൻ ഏറെ നിർബന്ധിച്ച് അവളെയും കൂടെ കൂട്ടി ശ്രീയെ തിരഞ്ഞിറങ്ങി.

അടിക്കടി അവൻ പോയിരിക്കാറുള്ള പല സ്ഥലങ്ങളിലും ഞങ്ങൾ അവനെ തിരഞ്ഞു കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

ശ്രീയെ കണ്ടില്ല എന്നതിൽ ദിയയുടെ മുഖത്ത് തെല്ലും വേവലാതിയോ വിഷമമോ ഉള്ളതായി തോന്നിയില്ല.

“ദിയാ…. അവൻ നിന്നോട് വഴക്കിട്ടാണോ പോയെ ? എന്താ കാര്യം?”

“അല്ലെടാ…. എനിക്ക് അറിയില്ല.”

“ആഹ് അതവിടെയിരിക്കട്ടെ…. നീ വാ നമുക്ക് ഗ്രൗണ്ടിലൂടെ നോക്കാം ”

ഇരുവരും ഗ്രൗണ്ടിലേക്ക് നടന്നു.

അവിടെ ഗ്രൗണ്ടിൽ നിന്നു മാറി മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു തിരക്കൊഴിഞ്ഞ സ്ഥലത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ശ്രീ. ദിയ അവന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കാത്ത കാരണത്താൽ, അവളെ ഗ്രൗണ്ടിൽ മറ്റൊരിടത്ത് മാറ്റി നിർത്തീട്ട് ഞാൻ ശ്രീക്ക് അടുക്കലേക്ക് നടന്നു.

“ശ്രീ ”
അവൻ തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണുകൾ കലങ്ങിയിരുന്നു.

“എന്താടാ എന്താ ഇണ്ടായേ? കരയുവാണോ നീയ്? എന്തിനാ?”

“ഒന്നുമില്ല “.

“എന്നോട് എന്തിനാടാ ഒളിക്കണ? അവളും ആകെ സങ്കടത്തിലാണല്ലോ എന്താ പറ്റിയെ രണ്ടിനും ? വഴക്കിട്ടോ പിന്നെയും ?”

“നീ ചോദിച്ചില്ലേ അവളോട് ?”

“ചോദിച്ചു., മൗനമല്ലാതൊന്നും മറുപടി കിട്ടിയില്ല. ”

” അതെന്തു പറ്റി ? നീയല്ലേ അവൾക്കേറെ പ്രിയപ്പെട്ടവൻ എന്നിട്ടു നിന്നോടവൾ ഒന്നും പറഞ്ഞില്ലെ ?”

അവന്റെ മുഖത്ത് ഒരു പരിഹാസം ഉയർന്നു.

“എന്താടാ , എന്താ നിങ്ങൾക്കിടയിലെ പ്രശ്നം?”

എന്നാൽ ആ നേരത്തെ അവന്റെ പ്രതികരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“നീ…, നീ മാത്രമാണ് ഞങ്ങൾക്കിടയിലെ പ്രശ്നം. ”

അവന്റെ ഒച്ച ഉയർന്നു.

” ഞാനോ ? ഞാൻ എന്തു ചെയ്തിട്ടാടാ ?”

ഏറെ നേരം ഞാനവന്റെ മുഖത്തു നോക്കി നിന്നു. ദേഷ്യമാണോ , പകയാണോ , സൗഹൃദമാണോ ആ കണ്ണുകളിൽ നിഴലിച്ചതെന്ന് മനസ്സിലാക്കാൻ എനിക്കായില്ല.

“ശ്രീ… ഞാൻ എന്താ നിങ്ങൾക്ക് ചെയ്തു തരേണ്ടേ ?”

എന്നിലെ സ്വരമിടറുന്നുണ്ടായിരുന്നു.

” ഒന്നു പോയിത്തരാമോ ഉപദ്രവിക്കാണ്ട് ”

എനിക്ക് ചലിക്കാനായില്ല.. അന്ന് ആദ്യമായിട്ടാണ് ശ്രീ എന്നോടത്രയും മോശമായി സംസാരിക്കുന്നത് .

എന്റെ കണ്ണുകൾ കവിയാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു.

ഗ്രൗണ്ടിൽ ഒരു കോണിലായി ദിയ ഞങ്ങളെ പ്രതീക്ഷിച്ചെന്നോണം നിൽപ്പുണ്ടായിരുന്നു. അവൾക്ക് മുഖം കൊടുക്കാൻ അന്നാദ്യമായ് എനിക്ക് മടി തോന്നി.

വൈകുന്നേരം വീട്ടിലേക്ക് പോകാൻ ഏറെ നേരം അവൾ കോളേജ് ഗേറ്റിനു മുന്നിലും, ബസ്റ്റോപ്പിലും എന്നെ കാത്തു നിന്നിട്ടുണ്ടാവണം. അപ്പോഴെല്ലാം എന്റെ ഫോണിൽ അവളുടെ കോളുകൾ വന്നു പോയി.

വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ പതിവിലും നേരം വൈകിയിരുന്നു. എന്നെ കണ്ട പാടെ അമ്മ ചോദ്യമുന്നയിച്ചു.

“നീ ഇന്ന് എവിടാർന്നു ? ദിയമോളു വിളിച്ചല്ലോ നിന്നെ കണ്ടില്ലാ പറഞ്ഞ് .”

“ഞാനൊരു ഫ്രണ്ടിന്റെ ഒപ്പം പോയതാ . ”

” എവിടേക്കാണേലും നിനക്കവളോട് ഒരു വാക്കു പറഞ്ഞൂടെ… അതിന്ന് എത്രനേരം നിന്നെ കാത്തു നിന്നു .”

“അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല അമ്മേ…”

“ആഹ് നീ എത്തുമ്പോ ഒന്നു വിളിക്കാൻ പറയാൻ പറഞ്ഞു. നീ അവളെ വിളിച്ച് പറയ് ഇങ്ങെത്തീന്ന്.”

“അമ്മ വിളിച്ചു പറഞ്ഞാ മതി… ഞാനൊന്നു കുളിക്കട്ടെ നല്ല തലവേദന. ”

മുറിയിൽ കയറി കതകടയ്ക്കുമ്പോൾ എന്നിലെ മാറ്റം അമ്മയ്ക്ക് മനസ്സിലാവരുതേ എന്ന പാർത്ഥനയായിരുന്നു മനസ്സിൽ.

“അജൂ ………..”

പുറത്തമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.

“കുളിക്കാൻ പോയിട്ടിത് എത്ര നേരായി ? ചായ കാലമായി വേഗം വരൂ . ”

നനഞ്ഞ മുടിയിഴ വകഞ്ഞൊതുക്കി ഞാൻ ചൂടു പാറുന്ന ചായക്ക് മുന്നിലിരുന്നു.

“നീ എന്താ ഈ തല നേരേ തുവർത്താത്തെ? കാള പോലെ വളർന്നു ഇനി ഇതൊക്കെ എന്നാ ശെരിക്ക് ചെയ്യാൻ പടിക്കണെ?”

എന്റെ തല തുടച്ചു കൊണ്ട് അമ്മ പിന്നെയും എന്തെല്ലാമോ പിറുപിറുത്തു.

“അജൂ….. നീയിത് എന്ത് ഓർത്തിരിക്കുവാ ? തണുത്തു പോകാതെ ചായ കുടിച്ച് വേഗം വാകച്ചോട്ടിലേക്ക് ചെല്ലൂ…… ദിയ അവിടെ നിൽപ്പുണ്ട് എന്ന് പറഞ്ഞു. ”

അന്നേരമാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.

“ദിയയോ ?”

“അതെ ഏറെ നേരമായി അവൾ വിളിച്ചിട്ട്. വേഗമാകട്ടെ ”

അമ്മ അടുക്കളയിലേക്ക് തിരിഞ്ഞു.

എങ്ങനെ ഞാനവൾക്ക് മുഖം കൊടുക്കും? എന്തു പറയും അവളോട് ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്ക് എന്റെ മനസ്സ് നെട്ടോട്ടമോടി.

ഷർട്ട് ഇട്ട് പുറത്തേക്കിറങ്ങി അമ്പലപ്പറമ്പിലെ വാക ലക്ഷ്യമാക്കി നടന്നു.

വാകച്ചോട്ടിലെ ബഞ്ചിൽ അവൾ എനിക്കായെന്നോണം കാത്തിരിക്കുന്നുണ്ട്.

അപ്പോഴും എന്റെ
പോക്കറ്റിൽ അന്ന് അവൾക്കായ് കരുതിയ മിഠായി ഭദ്രമായിരുന്നു.
ചെറു ചിരിയോടെ ഞാനവൾടെ അടുത്തേക്ക് ചെന്നു ബെഞ്ചിൽ ഇരുന്നു.

മിഠായി നീട്ടി.

“ദിയ……”

ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“മൂപ്പെ…. l am sorry.”

അവളിലെ വിഷമം എന്റെ കൈകളെ വരിഞ്ഞു മുറുക്കി .

– തുടരും.
✍️ അഞ്ജന.🙂