ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്.

“നെയ്തു കൂട്ടിയ കിനാവിൻ കൂട്ടിലായ്
കാത്തിരിപ്പാണു ഞാൻ പൂന്തെന്നലേ
ദുസ്സഹമെന്നാകിലും,
കാക്കാതെ വയ്യിന്നു നിന്നെ…..

നിൻ തലോടലും
സ്നേഹ വാത്സല്യ മൊഴികളും-
കഴിഞ്ഞു പോയ വസന്തത്തിൻ
ഓർമ്മളായ് എന്നെ പുണരവേ
അസഹ്യമെന്നാകിലും,
ഓർക്കാതെ വയ്യിന്നു നിന്നെ….”


പ്രിയ കൂട്ടുകാർക്ക്,

മറ്റൊരു തുടർക്കഥയുമായ് ഇതാ  ഞാൻ വീണ്ടും നിങ്ങൾക്കരികിലേക്ക് എത്തുന്നു. ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.😊

(ഭാഗം- 1)

രാവ് പുലരാൻ നേരമിനിയും ബാക്കിയുണ്ട്. തന്റെ മുന്നിൽ പാതി മാഞ്ഞു തിളങ്ങി നിൽക്കുന്ന ചന്ദ്രനെ തുളച്ച് അവളിലെ ചിന്തകൾ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.

അവളാകെ അസ്വസ്തയാണ് പതിയിരിക്കുന്ന അപകടം ഏതു നേരവു ഇരുട്ടു ഭേദിച്ച് അവളെ അപായപ്പെടുത്താം. നെറ്റിയിലൂടെ  അരിച്ചിറങ്ങിയ വിയർപ്പു കണം നനുത്ത വിരലാൽ അവൾ തുടച്ചു മാറ്റി.
‘ഇനിയെന്ത് ? ‘ എന്നൊരു ആശങ്ക അവളിൽ നിഴലിക്കുന്നുണ്ടായിരുന്നു.

“അവസരങ്ങൾ ഒരുപാടു നൽകിയതല്ലേ എന്നിട്ടും അവൻ. “

ആ നിറഞ്ഞ കണ്ണുകളെ മുറുക്കിയടച്ച് കണ്ണുനീരിനെ ഇരു കവിളിലൂടെ ഒഴുകാൻ അനുവദിച്ചുകൊണ്ട് അവൾ പിന്നോട്ട് തിരിഞ്ഞു നടന്നു.

എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവളാ ബാൽക്കണിയിൽ കിടന്നിരുന്ന കസേരയിൽ ഇരുന്നു.

മുന്നിലെ കൊച്ചു ടേബിളിൽ  ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്നും തന്റെ ഡയറിയെടുത്ത് മറിച്ചു, ഒപ്പം അടുത്തു കണ്ടൊരാ പേനയെടുത്ത് മൂടി മാറ്റി എഴുതി തുടങ്ങും മുൻപ് തനിക്കാ പേന എത്ര മേൽ പ്രിയപ്പെട്ടതായിരുന്നു എന്നവൾ ഓർത്തു.

” തനിക്ക് കിട്ടിയ ആദ്യ പ്രണയസമ്മാനം”

അവളുടെ മനസ്സ് മറ്റു പല ചിന്തകൾക്കു പുറകേ ഏറെനേരം സഞ്ചരിച്ചു.

പെട്ടെന്ന്, പുറത്ത് വാതിലിൽ തുരുതുരെ മുട്ടു കേട്ട് അവളാ ചിന്തകളിൽ നിന്നുണർന്നു.

ചുമരിലെ ഘടികാരത്തിലേക്കാണ് ആദ്യം ശ്രദ്ധ പോയത്.

“3.45 “
“ആരാവും ഈ അസ്സമയത്ത് ? “

ഹാളിലേക്ക് വന്ന് ലൈറ്റിടാൻ സ്വിച്ച് അമർത്തുമ്പോഴാണ് കറണ്ടില്ലാ എന്നുള്ള കാര്യം ശ്രദ്ധയിൽ പെടുന്നത്.

അവൾ ടീവി സ്റ്റാന്റിനു മുകളിലെ ടോർച്ച് ലൈറ്റ് കയ്യെത്തി തിരഞ്ഞു.

കണ്ടില്ല.

“നാശം ഇതെവിടാ ഞാൻ വെച്ചേ….”

മെഴുകു തിരിക്കായ് ഡയനിംഗ് ടേബിളിനടുത്തേക്ക്  നടക്കുമ്പോൾ വീണ്ടും കതകിൽ മുട്ടു കേട്ടു.

“ആരാ അത് ? “

അവളുറക്കെ ചോദിച്ചു.

മറുപടിയൊന്നും കേട്ടില്ലെന്നു മാത്രമല്ല.. പിന്നേയും രണ്ടു മൂന്നു തവണ  ഒച്ചത്തിൽ മുട്ടുകയും ചെയ്യുന്നു.

വേഗം അടുക്കളയിൽ ചെന്ന് മെഴുതിരിയിൽ തീ പകർന്ന് അവൾ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.

വാതിൽ തുറക്കാൻ തുനിയും മുമ്പ് അവൾ ഒന്നുകൂടി ക്ലോക്കിലേക്ക് നോക്കി .

” 3.50″

ടോറിനോടു ചേർന്നുള്ള ജനാലയിലെ കർട്ടൻ നീക്കി അവൾ ഉമ്മറത്തേയ്ക്ക് കണ്ണോടിച്ചു.

ആ വ്യക്തിയെ കണ്ടവൾ ആകെ പരിഭ്രാന്തയായി.

” ശ്രീറാം!!! “

ഇവനെന്താ ഈ അസ്സമയത്ത് ? പിന്നെ തെല്ലും അമാന്തിക്കാതെ അവൾ വാതിൽ തുറന്നു.

“ശ്രീ….  നീ എന്താ ഈ നേരത്ത്? എന്തു പറ്റി ആകെ വിയർത്തിരിക്കുന്നല്ലോ….”

“നിന്നെ കാണാനാ വന്നെ “

“എന്തേ, എന്തു പറ്റി ? എന്തെങ്കിലും പ്രശ്നമുണ്ടോ?”

“കുടിക്കാൻ ഒരൽപം വെള്ളം തരാവോ? “

“അതിനെന്താ… നീ കയറി ഇരിക്ക് “

അവൾ വെള്ളമെടുക്കാൻ അകത്തേയ്ക്ക് നടന്നു.

തെല്ലു നേരം അവളിലെ ശ്രദ്ധ ശ്രീയിലേക്ക്
തിരിഞ്ഞു.

ആ കണ്ണുകൾ ചുവന്നിരുന്നില്ലേ ?
താൻ ഇന്നോളം കണ്ട സ്നേഹമോ വാത്സല്യമോ അല്ല ആ കണ്ണുകളിൽ….. കറുപ്പ് വട്ടമിട്ട കൺകോണിൽ ഉറക്കം മാറാല പോലെ പറ്റി നിന്നിരുന്നോ? പകയുടെയും പ്രതികാരത്തിന്റെയും കൊടും ചുവപ്പ് , തന്നെ ദഹിപ്പിക്കാൻ കഴിവുള്ള അഗ്നി നാളമായ് പ്രവഹിച്ച പോലെ…..
അവന്റെ വേഷം നന്നേ മുഷിഞ്ഞിരിക്കുന്നു.

ജഗ്ഗിലെ വെള്ളം ഗ്ലാസ്സിലേക്ക് പകർത്തുമ്പോൾ അരുതാത്തതെന്തോ  നടക്കാൻ പോകുന്ന പോലെ അവൾക്ക് തോന്നി.

തന്റെ പുറകിൽ ഒരു നിശ്വാസം കേട്ടാണ് അവൾ ഞെട്ടിത്തിരിഞ്ഞത്.

ഞൊടിയിടയിൽ മൂർച്ചയേറിയൊരു ഘടാര അവളുടെ ആമാശയത്തിലേക്ക് തുളച്ചു കയറി.
രക്തച്ചുവപ്പുള്ള കണ്ണുകളകമായിതാ  അവൻ, ശ്രീറാം!!

” എനിക്കു കിട്ടാതെ പോയത് മറ്റാർക്കും കിട്ടാൻ ഞാൻ അനുവദിക്കില്ലെടീ…….”

അയാൾ അലറി.

ഘടാരക്കിടയിലൂടെ  അവളിലെ ചൂടുരക്തം പുറത്തേക്ക് ചാടി…

ഘടാര വലിച്ചൂരി ശ്രീ അവളെ പിന്നെയും ആഞ്ഞു കുത്തുമ്പോൾ ശബ്ദിക്കാനാവാതെ അവൾ നിലത്തു വീണ് പിടഞ്ഞു.

************************************

സ്വപ്നങ്ങളിൽ നിന്നും ഞെട്ടിയുണർന്നവൾ  ആ ആശുപത്രി മുറിയിലെ നാലു ചുമരും പൊട്ടുമാറുച്ചത്തിൽ നിലവിളിച്ചു.

“ശ്രീ………”

ഓടിക്കൂടിയ മറ്റ് അന്തേവാസികളും ജീവനക്കാരും  അവളെ ആശ്വസിപ്പിക്കാനും  ശ്രമിച്ചു.

അവളെ മനസ്സിലാക്കാൻ തങ്ങൾക്കാവില്ലെന്ന ബോധം വന്നുടനെ അവർ ഡോക്ടറെ വിവരമറിയിച്ചു.

ഡോക്ടർ എത്തി കാര്യമന്വേഷിച്ചപ്പോൾ ,

തന്റെ വയറിൽ വിരലുകളമർത്തി അവൾ പുലമ്പി.

” ശ്രീ…. എന്റെ ശ്രീ എന്നെ കൊന്നു ഡോക്ടറമ്മേ “

തന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന അവളെ ആ ഡോക്ടർ മാറോടു ചേർത്തു.

” ഒന്നൂല്ല മോളെ…. നീ സ്വപ്നം കണ്ടതാവും. ഇവിടേയ്ക്ക് ആരും വരില്ല. മോളെ ഒന്നും ചെയ്യില്ല . ഈ ഡോക്ടറമ്മയല്ലേ പറയണേ “

” എനിക്ക് പേടിയാവുന്നൂ അമ്മേ…. കണ്ണടച്ചാൽ ശ്രീയുടെ ജ്വലിക്കുന്ന കണ്ണുകളാ മനസ്സിലേക്ക് വരുന്നത്.”

“മോളു പേടിക്കണ്ട….. ഉറങ്ങിക്കോളൂ. “

“ഡോക്ടറമ്മ എന്റടുത്തിരിക്കുവോ ?”

“ഉം… നീ കണ്ണടച്ചു കിടന്നോളൂ”

വിതുമ്പലോടെ അവൾ ആ കട്ടിലിൽ ചുരുണ്ടു കൂടി ഡോക്ടറുടെ കയ്യോട് ചേർന്നു കിടന്നു.

” എന്റെ ശ്രീ….. അവനെന്നെ കൊല്ലും ഡോക്ടറമ്മേ……. അവനു കിട്ടാത്തതൊന്നും മറ്റൊരാളിന്റേതാവാൻ അവൻ അനുവദിക്കില്ല……..
അവനെന്നെക്കൊല്ലും….”

ആ കട്ടിലിനു തലയ്ക്കലിരുന്ന് അവളുടെ മുടിയിഴ തഴുകുമ്പോൾ ഡോക്ടർ സൂസൻ ഓർത്തു.

“ഇത്രമാത്രം അടുപ്പം തനിക്ക് മറ്റൊരു പേഷ്യന്റ്സിനോടും തോന്നിയിട്ടില്ല. മക്കളില്ലാത്ത എനിക്ക് ഇവൾ സ്വന്തം മകൾ തന്നെ ആയിരുന്നു.”

ആദ്യനാളുകളിൽ തന്റെ അടുത്തെത്തിയ അവളുടെ ചിത്രം ഡോക്ടറുടെ കണ്ണുകളിൽ മിന്നി മറഞ്ഞു.


“ഡോക്ടർ “

പെട്ടെന്നാ റൂമിലേക്ക് കടന്നു വന്ന വ്യക്തി ഡോക്ടറുടെ ശ്രദ്ധയാകർഷിച്ചു.


തുടരും .

✍️ അഞ്ജന.🙂


18 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s