ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 7)

അവളിലെ വിഷമം എന്റെ കൈകളെ വരിഞ്ഞു മുറുക്കി . ആ നിറഞ്ഞൊഴുകിയ കണ്ണീർ കണങ്ങൾക്ക് ഇനിയുമെന്തെല്ലാമോ പറയുവാൻ ബാക്കി നിൽക്കുന്നതായ് തോന്നി. അവളെ ആശ്വസിപ്പിക്കാൻ എന്റെ പക്കൽ വാക്കുകൾക്ക് ഏറെ ദാരിദ്ര്യം അനുഭവപ്പെട്ടു.
” ദിയ , പോട്ടേടോ….. താൻ വിഷമിക്കണ്ട, ശ്രീയെ തെറ്റുപറയാൻ കഴിയില്ല. പുറത്തു നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ നമ്മുടെ സൗഹൃദം അരുതാത്ത ബന്ധമായി തോന്നിയെന്നു വരാം. എന്നെ നിനക്കും നിന്നെ എനിക്കും അറിയുന്ന പോലെ മറ്റാർക്കാ മനസ്സിലാക്കാൻ കഴിയുന്നത്? “

” ഇത് ആദ്യമല്ല .. അജൂ….. നീ ആദ്യത്തെ വ്യക്തിയുമല്ല… അവനിങ്ങനെ അല്ലാർന്നുല്ലോ……. എന്താ ഇങ്ങനെയെന്ന് എത്ര ഓർത്തിട്ടും മനസ്സിലാകുന്നില്ല. “

അവളുടെ പ്രശ്നങ്ങൾക്ക് കാതു കൊടുക്കാനല്ലാതെ പരിഹാരം പറയാൻ എനിക്കായില്ല. പ്രായത്തിന്റെ പക്വതയില്ലായ്മയാവാം അവനിൽ ഇത്തരം ചിന്തകളുണർത്തുന്നതെന്നു തോന്നി…. പല കുറി ഇതേപ്പറ്റി സംസാരിക്കണമെന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല.

ദിനങ്ങൾ പിന്നിടും തോറും ദിയയിൽ നിന്നും ഒരുപാട് അകലം വന്ന പോലെ അനുഭവപ്പെട്ടു. അവളെ കേൾക്കാനോ കാണാനോ അടുത്ത് ഇടപഴകുവാനും ഞാൻ ഭയപ്പെട്ടിരുന്നു.

ഇനിയും അവർകിടയിൽ ഞാനൊരു പശ്നമാകരുത് എന്ന തോന്നലാകാം ഒരു പക്ഷേ എന്നിൽ മാറ്റം സൃഷ്ടിച്ചത്.

അമ്മേടയും ദിയയുടേയും അനുവാദമില്ലാതെ ആദ്യമായ് ഞാനെടുത്തൊരു തീരുമാനമായിരുന്നു ഡിഗ്രിക്ക് ശേഷം ഉപരിപഠനത്തിന് എന്നെ ലണ്ടനിലേക്ക് നയിച്ചത്. രണ്ടു  വർഷത്തെ പഠനത്തിനു ശേഷം ജോലിയും അവിടെ തന്നെ തരമായപ്പോൾ അടിക്കടിയുള്ള വന്നു പോക്ക് ഒഴിവാക്കാൻ അമ്മയേയും ഞാൻ ഒപ്പം കൂട്ടി. 

വീടും , അച്ഛനുറങ്ങുന്ന മണ്ണും വിട്ട് മാറി നിൽക്കാൻ അമ്മയ്ക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. അതിലുപരി ഞാൻ നാട്ടിലില്ലാതിരുന്നപ്പോൾ എപ്പോഴും അമ്മയ്ക്ക് കൂട്ടായിരുന്ന ദിയയെ പിരിഞ്ഞിരിക്കാൻ അമ്മ നന്നേ വിഷമിച്ചു.

അന്ന് അമ്മയെ കൂട്ടാൻ മൂന്നു ദിവസത്തെ ലീവിന് നാട്ടിൽ എത്തിയിരുന്നു ഞാൻ.
 
ദിയയെ കണ്ട് യാത്ര പറയാൻ അമ്മേം കൂട്ടി അവൾടെ വീട്ടിലേക്ക് നടക്കുമ്പോൾ അമ്മ കാര്യം തിരക്കി.

” അജൂ…. നിനക്കും ദിയക്കും ഇടയ്ക്ക് എന്തേലും പ്രശ്നം ഉണ്ടോ ? നീ അവളെ വിളിക്കാറില്ല മിണ്ടാറില്ല എന്തുപറ്റി രണ്ടാൾക്കും ? അവളോട് ചോദിച്ചപ്പോൾ നീയാ ഒഴിഞ്ഞു മാറുന്നേന്ന് പറഞ്ഞു. എന്താ പറ്റിയെ നിനക്ക്?”

അമ്മയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരഞ്ഞു ഞാൻ രണ്ടു മൂന്നു വർഷം പിന്നിലേക്ക് പോയി… അപ്പൊഴും അറിയില്ലാന്നു തന്നെ വായ മൊഴിഞ്ഞുള്ളൂ.

ശെരിക്കു പറഞ്ഞാൽ എന്തിന് എന്നൊരു ചിന്ത എന്നിലും ഉടലെടുത്തിരുന്നു.. പക്ഷേ കാലം കഴിയും തോറും കൂടിവന്ന തെറ്റിദ്ധാരണകളൊ , തുറന്നു സംസാരിക്കാൻ മടി വിചാരിച്ചതൊ അറിയില്ല. ഞാൻ അതിനോടകം അവളിൽ നിന്നേറെ അകന്നു.

ദിയയുടെ വീട്ടു പടിക്കലെ കാളിംഗ് ബെല്ലിന്റെ ഒച്ച എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

അമ്മ പടികയറി ഉമ്മത്തേയ്ക്ക് നടന്നപ്പോഴേക്കും ദിയയുടെ അമ്മ വന്നു വാതിൽ തുറന്നു.

” അജൂ…… നീയെന്നാ വന്നേ ? ദിയ പറഞ്ഞു കേട്ടില്ലല്ലോ നീ വരുന്ന കാര്യം. “

“ഇല്ല ദിയാമ്മേ ഞാൻ ദിയക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി പറയാതെയാണ് പോന്നത്. “

” ആഹാ കയറി വാ രണ്ടാളും അകത്തേയ്ക്കിരിക്കാം. “

അകത്തേയ്ക്ക് കടന്നതും അമ്മ ദിയയെ തിരക്കി.

“ദിയ മോളെവിടെ? “

“മുകളിലുണ്ട് ക്ലാസ്സ് കഴിഞ്ഞു വന്നതേ കയറിയതാണ്, ഉച്ചയൂണു പോലും വേണ്ടാ പറഞ്ഞ് ഒറ്റയിരുപ്പാ……”

” അതെയോ…. അജൂ… നീ പോയി ദിയയെ കൂട്ടീട്ട് വാ”

എന്നെ ദിയക്കരികിലേക്ക് അയച്ച്,   എന്റെ വരവിന്റെ ഉദ്ദേശത്തെ പറ്റി അവതരിപ്പിച്ചു കൊണ്ട് ദിയാമ്മയോടൊപ്പം അമ്മ അടുക്കളയിലേക്ക് നടന്നു.

മുകളിലേയ്ക്ക് കയറുമ്പോൾ അവളൾക്കെങ്ങനെ മുഖം കൊടുക്കുമെന്ന ചിന്ത എന്റെ കാലുകളെ പുറകിലേക്ക് വലിച്ചു.

ഡോറിൽ മുട്ടിയതും അകത്തു നിന്നും ശബ്ദമുയർന്നു.

” ലോക്ക്ടല്ല കയറി വന്നോളൂ…”

മനസ്സിനെ നല്ല പോലെ പാകപ്പെടുത്തി ഞാൻ ഡോറ് തള്ളി തുറന്നു.

കട്ടിലിലും, പരിസരത്തും കണ്ണോടിച്ചു. കണ്ടില്ല.

മുന്നിലേക്ക് നടന്നതും മുറിയാകെ എഴുതിയെറിഞ്ഞ കടലാസ്സു കഷ്ണങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

ബാൽക്കണിയിലേക്കുള്ള കതക് തുറന്നു കിടപ്പുണ്ട്.

വർഷങ്ങൾക്ക് ശേഷം വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾക്കും , കടലാസ്സുകൾക്കും നടുവിൽ അഴിഞ്ഞു വീണ കേശഭാരവുമായ് ഞാനവളെ കണ്ടു.

അപ്പോഴും ഭ്രാന്തമായ് അവളിലെ പേന ചലിക്കുന്നുണ്ടായിരുന്നു.

തുടരും.

അഞ്ജന.🙂

Leave a comment