ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:- 15)

വൈകുന്നേരം തിരിച്ചെത്തി മിലിയുടെ വണ്ടി ഒതുക്കാൻ നേരം പാർക്കിംഗ് ഏര്യയിൽ വെച്ചാണ് അജു സൂസൻ ഡോക്ടറെ കണ്ടത്.

” ഡോക്ടറമ്മേ…”

” ആഹ്…. അജൂ താനെവിടെ പോയതാ ?”

“ഞാനൊന്ന് വീടുവരെ പോയതാ ഡോക്ടറമ്മേ..”

“അപ്പോൾ ദിയയുടെ അടുത്ത് ആരാ ?”

” മിലി ഉണ്ട് ദിയക്ക് കൂട്ടിന്. നാളെ ഞങ്ങൾക്ക് എപ്പോഴാ ഡോക്ടറമ്മേ പോകാവുന്നേ?”

” ഞാൻ രാവിലെ എത്തും അജൂ….. എന്റെ റൗൺഡ്സ് കഴിഞ്ഞ് ഡിസ്ച്ചാർജ് എഴുതാം. ”

” താങ്ക്യൂ ഡോക്ടറമ്മേ…. നാളെ ദിയയുടെ പിറന്നാളാണ്. May 25. ഒത്തിരി നാൾക്ക് ശേഷം അവൾ വീട്ടിലേക്കു വരുവല്ലേ…. എല്ലാവരും ചേർന്ന് അവൾക്കായ് നല്ലൊരു സർപ്രൈസ് പ്ലാൻ ചെയ്യുന്നുണ്ട്. ”

” അത് ഓർത്തിട്ടാ ഞാൻ നാളെ തന്നെ ഡിസ്ച്ചാർജ് എഴുതാമെന്നു പറഞ്ഞത്. നല്ലൊരു ദിവസം പുതിയൊരു തുടക്കം ആവട്ടെ….. ”

” എനിക്ക് എന്തോ വല്ലാത്തൊരു പേടി തോന്നുന്നു ഡോക്ടറമ്മേ…. ദിയ അവൾ ഇനി എന്നാ പഴയ പോലെ….”

” ഏയ് അജൂ…. താനുള്ള ധൈര്യത്തിലാ ഞാൻ ഇത്ര നേരത്തേ എന്റെ മാലാഖ കുട്ടിയെ വീട്ടിലേക്ക് അയക്കുന്നെ… അവൾക്ക് ഈ അവസ്ഥയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകാതെ നോക്കേണ്ടുന്നത് താനാണ്. ആ താൻ ഇങ്ങനെ തളരാൻ പാടുണ്ടോ.”

” അറിയാം ഡോക്ടറമ്മേ….. എങ്കിലും. ”

” പേടിക്കാൻ ഒന്നുമില്ലെടോ….. എല്ലാം ശെരിയാകും താൻ എത്രയും വേഗം ശ്രീയെ കണ്ടെത്താൻ ശ്രമിക്കൂ …… ഇപ്പോൾ നമുക്ക് മുന്നിലെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകാൻ അവനു മാത്രമേ സാധിക്കുള്ളൂ.

” അവനീ നാട്ടിൽ തന്നെ ഉണ്ട്. കഴിഞ്ഞ ദിവസം സെന്റ്രൽ മാളിൽ അവനെ ഒരു സുഹൃത്തിനൊപ്പം കണ്ടവരുണ്ട്. എത്രയും വേഗം തന്നെ അവനെ കണ്ടെത്താൻ സാധിക്കും. ”

” ആഹ് അജൂ ഒരു കാരണവശാലും ദിയ ശ്രീയെ കാണാൻ പാടില്ലാട്ടോ…..”

“അത് ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടറമ്മേ…..
എന്നാൽ ഞാൻ ചെല്ലട്ടെ മിലിക്ക് തിരിച്ചു പോകേണ്ടതുണ്ട്.”

“ശെരി അജു…..”

അജുവിനോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോഴും ഡോക്ടറുടെ ബാഗിൽ ആ ഡയറികൾ ഭദ്രമായിരുന്നു. അവ വായിച്ചു തീർക്കാനുള്ള തിടുക്കം കാറിന്റെയും ശേഷം ഡോക്ടറുടെ കാലിന്റെയും വേഗത കൂട്ടി.

ദിയയുടെ അടുക്കൽ നിന്ന് അജുവിനെ കണ്ടുടനെ തന്നെ മിലിയും യാത്ര പറഞ്ഞിറങ്ങി.

തന്റെ പക്കൽ കരുതിയ ചോക്ലേറ്റുകൾ അജു ദിയക്കു നേരേ നീട്ടി. അവളുടെ കണ്ണുകൾ അപ്പോഴും വിദൂരതയിൽ ആരെയോ തിരയുകയായിരുന്നു.

രാത്രിയിൽ ദിയക്കുള്ള മരുന്നുമായ് എത്തിയത് മേഘ സിസ്റ്ററാണ്. അജുവിനെ കണ്ടതും കരിമേഘം പോലെ ആ മുഖം നന്നേ ഇരുണ്ടു.

അജുവിനും തെല്ലും അമർഷം തോന്നാതിരുന്നില്ല.

“താൻ ഇന്ന് രാത്രി ഇവിടുണ്ടാകുമോ ?” മേഘ അജുവിനോടായി ചോദ്യമുന്നയിച്ചു.

“ഉവ്വ്..”

” ഞാൻ അപ്പുറത്തുണ്ടാകും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുവാൻ മടിക്കണ്ട .”

“ശെരി. ”

മേഘ മുറി വിട്ടതും അജു ദിയയുടെ അടുക്കൽ ചെന്നിരുന്നു.

“എന്തൊരു സ്വഭാവാല്ലേ….. പേടമാനിന്റെ കോലം കെട്ടി നടക്കുന്ന കാണ്ടാമൃഗത്തെപ്പോലുണ്ട്. ”

ദിയ മെല്ലെ ചിരിച്ചെന്നു വരുത്തി.

അജു തുടർന്നു.

“ദിയക്കുട്ടീ…. താനെന്താടോ അജൂനോട് ഇങ്ങനെ ? നമുക്കീ ആശുപത്രിയും മരുന്നും മന്ത്രവും ഒന്നും വേണ്ട. ഒരു ദൂരെയാത്ര പോയാലോ ?

അപ്പോഴാണ് മറന്നു വെച്ചൊരു സിറിഞ്ചെടുക്കാൻ മേഘയുടെ വരവ്.

“ദേ…. ഈ സിസ്റ്ററേം കൂട്ടാം . കുട്ടി ഡോക്ടറുടെ ബിപിയും കുറയും”

അജു മേഘയുടെ മുഖത്ത് നോക്കി പല്ലു മുപ്പത്തിരണ്ടും കാട്ടി തെളഞ്ഞൊന്ന് ഇളിച്ചു.

വന്നതിൽ നൂറു കിലോ അധികം തൂക്കത്തോടെ സിസ്റ്ററുടെ മുഖം ചുവന്നു വീർത്തു. അവളാ വാതിൽപ്പടി ചവിട്ടി മെതിച്ച് കടന്നു പോകുന്നത് തെല്ലും കൗതുകത്തോടെ അജു നോക്കിയിരുന്നു.

“ദിയാ….. കൊള്ളാല്ലേ …. ചെറിയൊരു ചന്തോക്കെ ഉണ്ട് .”

മേഘ പോയ വഴിയിൽ നിന്നവൻ കണ്ണെടുത്ത് ദിയക്ക് നേരേ തിരിയുമ്പോൾ അവൾ അജുവിനെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.

അവിടെയും തെളിഞ്ഞൊരു കള്ള ചിരി പാസ്സാക്കി അജു മെല്ലെ പറഞ്ഞു.

“നിനക്ക് നാളെത്തന്നെ ഡിസ്ച്ചാർജ് വേണമെന്ന് നിർബന്ധമുണ്ടോ ?”

എന്തേ… എന്ന ചോദ്യഭാവത്തിൽ ദിയ അജുവിനു നേരേ മുഖം പൊക്കി.

“അല്ല… എനിക്കൊരു രണ്ടു ദിവസം കൂടി സമയം കിട്ടിയാർന്നേൽ നമുക്ക് സിസ്റ്ററേം കൂടി വീട്ടിലേക്കു കൂട്ടാർന്നു. ”

അജുവിന്റെ കള്ളച്ചിരിക്കൊപ്പം ഇത്തവണ ദിയ ശെരിക്കും അറിയാതെ ചിരിച്ചു പോയി.

“ഉയ്യോ……. എന്റെ മേഘ സിസ്റ്ററേ നിനക്ക് ഒരായിരം നന്ദി. ഹ… ഇപ്പൊഴേലും എന്റെ ദിയ ഒന്നു ചിരിച്ചു കണ്ടല്ലോ…. മതി ദിത് മാത്രം മതി. ”

അജു ദിയയുടെ കവിളിൽ പിടിച്ച് മുറുക്കി വലിച്ചു.

“ആഹ്…. വിടെടാ വേദനിക്കുന്നു. ”

“ഹ… ഇപ്പൊ ആ സിസ്റ്ററെ എന്റെ മുന്നിൽ കാണുവാണേൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ…. ”

അജു പറഞ്ഞു തീരും മുന്നേ മറ്റൊരു രോഗിയുടെ കേസ്ഷീറ്റുമായ് മേഘ ആ മുറിക്കു മുന്നിലെ ഇടനാഴിയിലൂടെ നടന്നു പോകുന്നത് ഇരുവരും ജനാലയിലൂടെ കണ്ടു.

സിസ്റ്ററെ കണ്ടതും
പോയി കൊടുത്തിട്ടു വാ എന്നർത്ഥത്തിൽ ദിയ കണ്ണുകൾ കാെണ്ട് ആഗ്യം കാട്ടി. പറഞ്ഞത് അബന്ധമായോ എന്നോർത്ത് പരുങ്ങിയ അജുവിനു മുന്നിൽ ചിരിയടക്കാൻ ദിയക്കായില്ല. അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പഴയ ദിയയെ അജു ആ ചിരിയിൽ കണ്ടു… ഒപ്പം കണ്ണും മനസ്സും നിറയെ അജുവും ചിരിച്ചു..

✍️തുടരും .

അഞ്ജന.🙂

2 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:- 15)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s