അവിടുന്നു മുന്നോട്ടുള്ള പത്തു മാസക്കാലം ഞങ്ങളുടെ സന്തോഷവും, സാവിത്രിയമ്മയുടെ വയറിന്റെ വലിപ്പവും കൂടി കൂടി വന്നു.

അമ്മാമ്മയും അപ്പുപ്പനും അതിനോടകം തെന്മയത്തെ സദാചാരവാദികളുടെ കണ്ണുവെട്ടിച്ച് പലകുറി വന്നു പോയിരുന്നു.
ഏഴാം മാസത്തിൽ അമ്മയ്ക്ക് തുടർച്ചയായ വയറുവേദനയുണ്ടായി. കാണിച്ച ഡോക്ടർമാർ പലരും പ്രസവസമയത്ത് ചില കോബ്ലിക്കേഷൻസ് വരാൻ സാധ്യതയുണ്ടെന്നല്ലാതെ മറ്റൊന്നും പറഞ്ഞിരുന്നില്ല.
“അഞ്ചാം മാസം മുതൽ മേയ അമ്മയെ നല്ലോണം കഷ്ടപ്പെടുത്തിയില്ലേ….. ഏഴാം മാസത്തിലേലും അവളുടെ കുഞ്ഞനിയൻ പണി തുടങ്ങിയില്ലേലേ അത്ഭുതമുള്ളൂ. “
മാഷിന്റെ ടെൻഷൻ അകറ്റാൻ സാവിത്രിയമ്മ ഓരോന്നു വീതം നാലു നേരം എന്ന കണക്കിൽ ഈ മൊഴി ഉരുവിട്ടു സ്വയം ചിരിച്ചു കൊണ്ടേയിരുന്നു.
എന്നാൽ അധികകാലം ഞങ്ങളുടെ മേഘാലയത്തിൽ ആ ചിരി ഉയർന്നു കേട്ടില്ല. തുടർച്ചികിത്സയിൽ ആ കുട്ടിയെ വയറ്റിൽ ചുമക്കാനുള്ള ആരോഗ്യം അമ്മയുടെ ഗർഭപാത്രത്തിന് ഇല്ലെന്നും കുഞ്ഞിനെ നഷ്ടപ്പെടുമെന്നും ഡോക്ടർമാർ വിധിയെഴുതി. സർവ്വതും സർവ്വേശ്വരനിലർപ്പിച്ച് മാഷും സാവിത്രിയമ്മയും പ്രതീക്ഷയോടെ കാത്തിരുന്നു.
അന്നൊരു ഒക്ടോബർ ഇരുപത്തി അഞ്ച്.
രണ്ടുമാസക്കാലമായി മാഷും സാവിത്രിയമ്മയും ആശുപത്രി വാസത്തിലാണ്. ശ്രീദേവിയമ്മയുടെ കൂടെ ആയിരുന്നു ഞാൻ ആ സമയങ്ങളിൽ. ശ്രീദേവിയമ്മയ്ക്ക് ഒരു കുഞ്ഞുവാവയുണ്ട്. ‘മീനാക്ഷി ‘ രണ്ടു വയസ്സുവരും അവൾക്ക്. എന്നെ വലിയ കാര്യമായിരുന്നു.
രാവിലെ ദേവീമ്മയ്ക്ക് അച്ഛന്റെ ഒരു കോൾ വന്നിരുന്നു. സ്കൂളിൽ പോകുമ്പോൾ തിരികെ എത്തീട്ട് അനിയൻ വാവയെ കാണാൻ പോവ്വാല്ലോ എന്ന് ദേവീമ്മ പറഞ്ഞതായിരുന്നു എന്റെ നെഞ്ച് നിറയെ. അന്ന് മൂന്നരവരെ എങ്ങനെ സമയം തള്ളി നീക്കി എന്നത് ഇപ്പോഴും എനിക്കറിയില്ല.
സ്കൂളുവിട്ട് കവലയിൽ ബസ്സിറങ്ങി ഓടുവായിരുന്നു ഞാൻ ശ്രീദേവീമ്മേടെ അടുത്തേക്ക്.
പുറത്ത് രമേശൻ ചെറിയച്ചനും ശ്രീദേവീമ്മയും എന്നെ കാത്തെന്നോണം ആശുപത്രിയിൽ പോകാൻ തയാറെടുത്ത് വീടുപൂട്ടി നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടപാടെ ചെറിയമ്മ എന്നെ വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു.
“ഈ ചെറിയമ്മ അല്ലേലും ഇങ്ങനാ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുകയേ ഉള്ളൂ……”
ചെറിയച്ഛൻ തോളിൽ നിന്നും ബാഗ്ഗും ഊരി വാങ്ങി എന്റെകയ്യും പിടിച്ച് ഞങ്ങൾക്ക് പോകാൻ കാത്തു നിന്ന ഓട്ടോറിക്ഷ ലക്ഷ്യമാക്കി നടന്നു.
“അയ്യോ ചെറിയച്ഛാ……. മേയ മോള് ഉടുപ്പ് മാറി, കുളിച്ച് പൗഡറിട്ട് സുന്ദരിയായി വരാം. ഇങ്ങനെ ഈ കോലത്തിൽ എന്നെ കൊണ്ട് പോവല്ലേ….. എന്റെ അനിയൻ എന്ത് വിചാരിക്കില്ല. “
ചെറിയമ്മ അതു ശെരിവെച്ചു. കുളിപ്പിച്ച്, മഞ്ഞ നിറത്തിലുള്ള കുഞ്ഞു ഫ്രോക്ക് ഇടിച്ച് പൗഡറിട്ട് കണ്ണെഴുതി പൊട്ടുതൊട്ട് മേയ മോള് സുന്ദരിയായി വന്നപ്പോഴേക്കും ചെറിയച്ഛൻ മോൾക്ക് കഴിക്കാൻ അവൽ വിളയിച്ചു തന്നു .
അനിയനെ കാണാനുള്ള ധൃതി കാരണം അത് കഴിച്ചെന്നു വരുത്തി ഞാൻ ഓടി വണ്ടിയിൽ കയറി. സൈഡ് സീറ്റിൽ ഇടം പിടിച്ചു. ചെറിയമ്മേട അയൽക്കാരി ലിസി ആന്റിയും ഞങ്ങളോടൊപ്പം ഉണ്ടെന്ന് പറഞ്ഞ് ചെറിയച്ഛൻ എന്നെ കയറ്റി മടിയിൽ ഇരുത്തി.
അനിയനെ കാണാനുള്ള ധൃതിയിലും സന്തോഷത്തിലും യാത്രയിലുടനീളം അന്നു ഷീന ടീച്ചർ പഠിപ്പിച്ച കൊച്ചു കുറുക്കന്റെയും , വാലാട്ടിക്കിളിയുടേയുമെല്ലാം പാട്ട് ഞാൻ ആവേശത്താൽ ചെറിയച്ഛനെ പാടി കേൾപ്പിച്ചു.
ശ്രീദേവീമ്മ അപ്പോഴും കരയുകയായിരുന്നു.
വണ്ടി നിന്നപ്പോഴാണ് ഞാൻ പാട്ട് നിർത്തി ചുറ്റുപാടും ശ്രദ്ധിച്ചത്. ആശുപത്രിയിലേക്ക് അല്ല . ഞങ്ങളുടെ വീട്ടിലേക്കാണ് വന്നിരിക്കുന്നത്.
എന്റെ കുഞ്ഞനിയനെ കാണാനാവും അവിടെ കുറേപേർ എത്തിയിട്ടുണ്ട്. സന്തോഷം വന്നാൽ കരയുന്നത്ത് ചെറിയമ്മ മാത്രമല്ല എന്ന് അവിടെ നിന്ന പലരെയും കണ്ടപ്പോൾ എനിക്ക് ബോധ്യമായി.
മഞ്ഞയുടുപ്പിൽ ഞാൻ അതി സുന്ദരി ആയതു കൊണ്ടാവും എല്ലാരും എന്നെ തന്നെ ശ്രദ്ധിച്ചത്.
ഉമ്മത്ത് അച്ഛനെ കണ്ടതും ഞാൻ ഉറക്കെ വിളിച്ചൂ…..
“മാഷേ…………. അനിയൻ കുട്ടന് മേയ മോള് നല്ലൊരു പേര് കണ്ടു വെച്ചിട്ടുണ്ട് “
അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു. കൂടി നിന്നവർ അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
രമേശൻ ചെറിയച്ചൻ എന്നെ ഉമ്മറത്തിണ്ണയിലേക്ക് കയ്പിടിച്ച് കയറ്റി. അവിടെ ആരോ കടപ്പുണ്ട്. ആദ്യം ആളെ മനസ്സിലായില്ല.
പിന്നെ മനസ്സിലായി. അമ്മയാണ്. തൊട്ടടുത്ത് ഒരു കുഞ്ഞിലയിൽ എന്റെ കയ്യോളം നീളത്തിൽ ഒരു കുഞ്ഞു വാവ. മേയ മോളുടെ കുഞ്ഞനിയൻ. ‘ മിഥുൻ’
അനിയന്റെ പേരു നോക്കുന്ന കാര്യം പറഞ്ഞപ്പോൾ ഷീന ടീച്ചറാണ് മിഥുനെന്ന പേരു വിളിക്കാൻ നിർദ്ദേശിച്ചത്.
ഞാൻ ആദ്യം കുറേ നേരം അമ്മയെ വിളിച്ചു. അമ്മ നല്ല ഉറക്കമായിരുന്നു. മെല്ലെ കുഞ്ഞനിയന്റെ കവിളിൽ തൊട്ടു. “മിഥുനേ……. “
പേരു വിളിച്ച് മുഖമുയർത്തി നോക്കിയതും അതാ മുന്നിൽ ഷീന ടീച്ചർ. ടീച്ചർ പറഞ്ഞ പേര് അനിയനിട്ട സന്തോഷത്തിലാവും ടീച്ചറുടെയും കണ്ണു തുളുമ്പിയത്. ഹെഡ്മാസ്റ്റർ നെൽസൺ സാറും മറ്റ് വിഷയം പഠിപ്പിക്കുന്ന ടീച്ചർമാരും വന്നിട്ടുണ്ട് എന്റെ അനിയനെ കാണാൻ.
മൈദിലി അമ്മാമ്മ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ഞാനും അവരോടൊപ്പം കരഞ്ഞു പോയി. ഒരു പക്ഷേ അപ്പോഴാവും അഞ്ചുവയസ്സുള്ള എന്റെ കുഞ്ഞു മനസ്സിന് ബോധ്യമായത്. സാവിത്രിയമ്മയും , അനിയൻ കുട്ടനും ഇനി മേയ മോളോടൊപ്പം ഉണ്ടാവില്ലെന്ന്.
അമ്മയും അനിയനും മരിച്ചു പോയി എന്ന്.
✍തുടരും.
അഞ്ജന.🙂
❤…
LikeLiked by 1 person
🥰🥰
LikeLike
Long since, u wrote smtg… Waiting for the next part!! ❤🤞
LikeLiked by 1 person
Comming soon.. am lil busy on my examz sorry for the delay🥰
LikeLike
❤️✨
LikeLike